thief

കേളകം: പൂട്ടിയിട്ട വീടിന്റെ വാതിൽ തകർത്ത് പതിനായിരം രൂപയും സ്മാർട്ട് വാച്ചും മോഷ്ടിച്ചു. കേളകം ഇരട്ടത്തോട്ടിൽ വരപ്പോത്തുകുഴി ജോയിയുടെ വീട്ടിലാണ് മോഷണം നടന്നത്.തിങ്കളാഴ്ച വീട് പൂട്ടി വാഗമണ്ണിലേക്ക് യാത്ര പോയി ഇന്നലെ രാവിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. മുറ്റത്തെ കാർ പോർച്ചിൽ സ്കൂട്ടറിന് സമീപത്തായി പേപ്പറും മറ്റ് സാധനങ്ങളും വലിച്ചിട്ട നിലയിൽ കണ്ട ഉടൻതന്നെ വാതിൽ തുറക്കാനായി എത്തിയപ്പോൾ വാതിലിന്റെ പൂട്ട് തകർത്ത് തുറന്നിട്ട നിലയിലാണ് കണ്ടത്.വീടിനുള്ളിലെ മുഴുവൻ അലമാരകളും തകർത്ത് അതിനകത്തെ സാധനങ്ങൾ വലിച്ചിട്ട നിലയിലായിരുന്നു. തലയണയ്ക്കടിയിൽ വെച്ചിരുന്ന പതിനഞ്ചിലേറെ പവൻ സ്വർണാഭരണങ്ങൾ മോഷ്ടാവ് കാണാതാരുന്നത് ഭാഗ്യമായെന്ന് വീട്ടുകാർ പറഞ്ഞു.കേളകം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.