കാഞ്ഞങ്ങാട്: പടന്നക്കാട് തീരദേശ മേഖലയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച ശേഷം കമ്മൽ ഊരിയെടുത്ത് കടന്നു കളഞ്ഞയാളെക്കുറിച്ച് പൊലീസിന് സൂചനകൾ ലഭിച്ചു. മലയാളം സംസാരിക്കുന്ന മെലിഞ്ഞയാളാണ് പ്രതിയെന്നാണ് വിവരം. അന്വേഷിക്കാൻ മൂന്ന് ഡിവൈ.എസ്.പിമാരുള്ള അഞ്ചംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ജില്ലാ പൊലീസ് മേധാവി പി. ബിജോയി കാഞ്ഞങ്ങാട് ക്യാമ്പ് ചെയ്ത് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നു. ഹൊസ്‌ദുർഗ് ഡിവൈ.എസ്.പി വി.വി ലതീഷ്, കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ, കണ്ണൂർ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി സി.കെ സുനിൽകുമാർ, ഹൊസ്‌ദുർഗ് പൊലീസ് ഇൻസ്പെക്ടർ എം.പി ആസാദ്, നീലേശ്വരം ഇൻസ്‌പെക്ടർ കെ.വി ഉമേഷ് എന്നിവരടങ്ങിയതാണ് അന്വേഷണ സംഘം.
പ്രതി നന്നായി മലയാളം സംസാരിക്കുമെന്നും കള്ളിമുണ്ടും ഷർട്ടും മാസ്‌കും ധരിച്ചിരുന്നുവെന്നുമാണ് പെൺകുട്ടിയുടെ മൊഴി.
പ്രദേശത്തെ സി സി ടി വികളിൽ നിന്ന് കാര്യമായ സൂചനയൊന്നും കിട്ടിയില്ല. സ്ഥലത്ത് നിന്ന് കിട്ടിയ അമ്പതിന്റെയും പത്തിന്റെയും ഓരോ നോട്ടിൽ നിന്ന് പ്രതിയുടെ വിരലടയാളം ശേഖരിച്ചിട്ടുണ്ട്.
പ്രതി വീടിനെക്കുറിച്ച് ധാരണയുള്ളയാൾ
പെൺകുട്ടിയുടെ വീടും ചുറ്റുപാടും വ്യക്തമായി അറിയുന്ന ആളാണ് അക്രമിയെന്ന നിഗമനത്തിലാണ് പൊലീസ്. കുട്ടി കിടക്കുന്ന സ്ഥലവും മുത്തച്ഛൻ പശുവിനെ കറക്കാൻ പോകുന്ന സമയവും ഇയാൾക്ക് നിശ്ചയമുണ്ടെന്നും കരുതുന്നു.
പ്രതിയെ പറ്റി നേരിയ സൂചനകൾ കിട്ടിയിട്ടുണ്ട്. വീടും പരിസരവും അടുത്തറിയുന്ന ആൾ തന്നെയാണെന്ന് സാഹചര്യ തെളിവുകൾ വ്യക്തമാക്കുന്നു.
-പി ബിജോയ് (കാസർകോട് ജില്ലാ പൊലീസ് മേധാവി )