photo-1

കണ്ണൂർ:വേനൽ അവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ സ്കൂൾ വിപണിയിൽ ആവേശം പ്രകടം. നോട്ട് ബുക്ക്, ബാഗ്, ചെരിപ്പ്, പെൻസിൽ, പേന തുടങ്ങി പഠനോപകരണങ്ങളും വൈവിദ്ധ്യങ്ങളേറെ പരീക്ഷിക്കപ്പെടുന്ന കുടകളടക്കമുള്ളവയുമെല്ലാം ഏറെ പുതുമകളോടെയാണ് ഇക്കുറി വിപണിയിലെത്തിയിരിക്കുന്നത്.

ചെറിയ കുട്ടികളെ ആകർഷിക്കുന്ന കാർട്ടൂൺ കഥാപാത്രങ്ങൾ മുതൽ കൊറിയൻ സംഗീതട്രൂപ്പായ ബി.ടി.എസിന്റെ ചിത്രങ്ങൾ പതിച്ച ബാഗുകൾ വരെ വിപണിയിലുണ്ട്. കുടകളും നേരത്തെ തന്നെ വിപണിയിലെത്തിയിട്ടുണ്ട്.250 മുതലാണ് കുടകൾ ലഭിക്കുന്നത്. ത്രീഫോൾഡ് കുടകളുടെ വിവിധ മോഡലുകൾ വൻകിട കമ്പനികൾ വിപണിയിലെത്തിച്ചിട്ടുണ്ട്. മൂന്ന്, അഞ്ച് ഫോൾഡുകളുള്ള കുടകൾക്കും പ്രായവ്യത്യാസമില്ലാതെ ഉപയോഗിക്കുന്ന കാലൻകുടകൾക്കും ആവശ്യക്കാർ ഏറെയാണ്. കൊച്ചുകുട്ടികളെ ആകർഷിക്കുന്ന കാർട്ടൂൺ കഥാപാത്രങ്ങളുടെ ഡിസൈനുകളിലുള്ള ബ്രാൻഡഡ് കുടകൾക്ക് 350 രൂപ മുതലാണ് വില. വിവിധ തരത്തിലും വലിപ്പത്തിലുമുള്ള റെയിൽ കോട്ടുകളും വിപണിയിലെത്തിയിട്ടുണ്ട് വെയിലും ചൂടും കൊണ്ട് വലിയ തിരക്കൊന്നും ഇതുവരെ വിപണിയെ ബാധിച്ചു തുടങ്ങിയില്ല.

സ്‌കൂൾ തുറക്കുന്നതിന് തൊട്ട് മുമ്പുള്ള ആഴ്ചയാണ് കച്ചവടം കൂടുതലായി നടക്കുന്നതെന്ന് വ്യാപാരികൾ പറഞ്ഞു. എന്നാൽ ഒാൺലൈൻ വിപണി വലിയ തോതിൽ കച്ചവടത്തെ ബാധിച്ചിട്ടുണ്ടെന്നും വ്യാപാരികൾ പറഞ്ഞു.


വിലക്കുറവുമായി ത്രിവേണി സ്കൂൾ മാർക്കറ്റുകൾ

ത്രിവേണി സ്‌കൂൾ മാർക്കറ്റുകൾ എട്ടു മുതൽ ജില്ലയിൽ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.മാർക്കറ്റ് വിലയിൽ നിന്നും 40 ശതമാനം വിലകുറവിൽ ഇവിടെ ബാഗ്, കുട, നോട്ട്ബുക്കുകൾ, പേന എന്നിവ ലഭിക്കും. 45 ദിവസത്തെ വിൽപനയാണ് ത്രിവേണി ലക്ഷ്യമിട്ടിരിക്കുന്നത്. ജില്ലയിൽ ആറ് ത്രിവേണി സൂപ്പർമാർക്കറ്റുകളാണുള്ളത്. ഇതിനോടെല്ലാം അനുബന്ധിച്ച് സകൂൾ മാർക്കറ്റുകളുണ്ട്. കൂടാതെ കണ്ണൂർ റെയിൽവേ സ്‌റ്റേഷന് മുമ്പിൽ മാർക്കറ്റ് റോഡിന് സമീപം പുതിയ ത്രിവേണി സ്‌കൂൾ മാർക്കറ്റും തുടങ്ങി. അടുത്ത ദിവസം മുതൽ കളക്ടറേറ്റ് പരിസരത്ത് സഞ്ചരിക്കുന്ന സ്‌കൂൾ വിപണിയുമുണ്ടാകും.

ട്രെന്റിനൊപ്പം പോയാൽ വില കൂടും

ലേറ്റസ്റ്റ് ട്രെന്റിനൊപ്പം നീങ്ങുന്ന കുട്ടികളെ തൃപ്തിപ്പെടുത്താൻ രക്ഷിതാക്കൾ കുറച്ചൊന്നുമല്ല വിയർക്കുന്നത്.‌ഇവയ്ക്കെല്ലാം നല്ല വില തന്നെ കൊടുക്കണം. ഇത്തവണ വിവിധ ഉത്പന്നങ്ങൾക്ക് 15-20 ശതമാനം വരെ വില ഉയർന്നിട്ടുണ്ട്. ബാഗ് ബ്രാൻഡ് അനുസരിച്ച് ശരാശരി 500 രൂപ മുതൽ 2,500 രൂപ വരെയാണ് വില. അനിമേഷൻ ചിത്രമുള്ള ത്രീഡി ബാഗുകൾക്ക് 850 രൂപക്ക് മുകളിലാണ് വില. ട്രോളി സ്‌കൂൾ ബാഗുകൾക്കും ഇത്തവണ ഡിമാൻഡ് കൂടിയിട്ടുണ്ട്. കമ്പനി ബാഗുകൾക്ക് 10 മുതൽ 40 ശതമാനം കുറവ് എന്ന ഓഫറുകളും വലിയ വ്യാപാര സഥാപനങ്ങൾ മുന്നോട്ട് വെക്കുന്നുണ്ട്.