palayi

നീലേശ്വരം: അറുപത്തിയഞ്ച് കോടി ചിലവിട്ട് പൂർത്തിയാക്കിയ പാലായി റഗുലേറ്റർ കം ബ്രിഡ്ജ് വിവിധോദ്ദേശ പദ്ധതിയായാണ് അവതരിപ്പിക്കപ്പെട്ടത്. തറക്കല്ലിട്ടപ്പോൾ തന്നെ വാട്ടർ അതോറിറ്റിയ്ക്കും ടൂറിസം വകുപ്പിനും തങ്ങളുടെ പദ്ധതികൾ സംബന്ധിച്ച് ധാരണയുണ്ടായിരുന്നു.പക്ഷെ പദ്ധതിയുടെ ഉദ്ഘാടനം നടന്ന് മൂന്നരവർഷം കഴിഞ്ഞ് ഈ വർഷമാണ് വാട്ടർ അതോറിറ്റി റഗുലേറ്റർ അടിസ്ഥാനപ്പെടുത്തിയുള്ള കുടിവെള്ള പദ്ധതിയ്ക്ക് തുടക്കമിട്ടത്.

തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ കയ്യൂർ-ചീമേനി, ചെറുവത്തൂർ ,പിലിക്കോട്, തൃക്കരിപ്പൂർ,പടന്ന വലിയ പറമ്പ, കാങ്കോൽ-ആലപ്പടമ്പ് തുടങ്ങിയ പഞ്ചായത്തുകളിൽ 300 കോടി രൂപയുടെ കുടിവെള്ളപദ്ധതി ഇപ്പോൾ ടെൻഡർ നടപടിയിലാണ്. മുക്കടയിൽ കിണർ കുഴിച്ച് 350 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്ക് സ്ഥാപിക്കും.

സമാനമായി അണ്ടോളിൽ കിണർ കുഴിച്ച് കയനിയിൽ 70 ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാനുള്ള ടാങ്ക് കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിന് വേണ്ടിയും നിർമ്മിക്കും. പഞ്ചായത്തിന്റെ വിവിധ വാർഡുകളിലേക്ക് പൈപ്പിടും.ഇതിനായി 94 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

വാട്ടർ അതോറിറ്റി പരിഗണനയിൽ

തൃക്കരിപ്പൂർ നിയോജകമണ്ഡലത്തിന് കുടിവെള്ളപദ്ധതി 300 കോടി

കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് കുടിവെള്ളപദ്ധതി 94 കോടി

എങ്ങുമെത്താതെ 200 കോടിയുടെ ടൂറിസം പദ്ധതി

പാലായി റഗുലേറ്റർ പദ്ധതിയുടെ ഭാഗമായി ടൂറിസം വകുപ്പ് 200 കോടി രൂപയുടെ പ്രോജക്ട് നടപ്പിലാക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ബോട്ടിംഗിന് പുറമെ പുഴയുടെ ഇരുകരകളിലും നടപ്പാത നിർമ്മിക്കാനും ഇരിപ്പിടമൊരുക്കാനുമടക്കമുള്ള പദ്ധതിയായിരുന്നു ഇത്. നേരത്തെ പുതുതായി വന്നവർ ബന്ധപ്പെട്ട ഫയലു കൾ തിരിഞ്ഞ് നോക്കുകയും ചെയ്തിട്ടില്ല. സഹകരണ സൊസൈറ്റിയുടെ നേതൃത്വത്തിൽ കയാക്കിംഗ് സർവ്വീസും കുട്ടികൾക്ക് കളിക്കാനുള്ള ചെറിയ പാർക്കും മാത്രമാണ് നിലവിൽ റഗുലേറ്റർ പരിസരത്തുള്ളത്.അതെ സമയം റഗുലേറ്റർ കാണാൻ അവധിദിനങ്ങളിലും മറ്റും ആളുകൾ എത്തുന്നുണ്ട്.പ്രകൃതിരമണീയമായ ഇവിടെ നിന്ന് ഫോട്ടോകൾ എടുക്കാൻ ആളുകൾ എത്തുന്നു.