ഇരിട്ടി: വൃദ്ധയുടെ പരാതിയിൽ ദത്തുപുത്രൻ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്കാൻ കോടതി ഉത്തരവ്. പെരുവംപറമ്പ് സ്‌കൂൾ മാനേജരായ മനോജ് നിവാസിൽ കെ.കെ.യശോദ (72 ) നൽകിയ പരാതിയിലാണ് പായം ഗ്രാമ ന്യായാലയം ന്യായാധിപ എം.ഷബീനയുടെ ഉത്തരവ്. കുട്ടികൾ ഇല്ലാത്ത ദമ്പതികളായിരുന്നു പരാതിക്കാരിയും ഭർത്താവ് കെ.കെ.ബാലഗോപാലനും. ഇരുവരും ചേർന്ന് യശോദയുടെ സഹോദരിയുടെ മകനെ ദത്തെടുത്ത് വളർത്തി.
ഭർത്താവിന്റെ മരണശേഷം ദത്തുപുത്രൻ ജോഷിത് കുമാർ യശോദയെ ഭീക്ഷണിപ്പെടുത്തി സ്വത്ത് സ്വന്തമാക്കാൻ ശ്രമിച്ചതിനെതിരെ ആയിരുന്നു യശോദ കോടതിയെ സമീപിച്ചത്. ഇരിട്ടി ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകനായ ജോഷിത് തന്നെ ഭീഷണി പെടുത്തുന്നതായി യശോദ 2018ൽ ഇരിട്ടി ഡിവൈ.എസ്.പിക്ക് പരാതി നൽകിയിരുന്നു. എന്നിട്ടും ഭീഷണി തുടർന്നതോടെയാണ് 2020 - ൽ യശോദ കോടതിയെ സമീപിച്ചത്. തന്റെ ഭർത്താവിന്റെ പേരിൽ ഇരിട്ടി ഫെഡറൽ ബാങ്ക്, കാനറാ ബാങ്ക്, പോസ്റ്റ് ഓഫീസ്, എസ്.ബി.ഐ, സെൻട്രൽ ബാങ്ക് എന്നീ അക്കൗണ്ടുകളിലെ പണം യശോദയ്ക്ക് നല്കാൻ കോടതി ഉത്തരവായി. പായം പഞ്ചായത്തിലെ പരാതിക്കാരിയുടെ വീട്ടിലിൽ നിന്നും എതിർകക്ഷിയെ പുറത്താക്കാനും ഇതുവരെ പരാതിക്കാരിക്ക് അവർ അനുഭവിച്ച പീഡനങ്ങൾക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. ഇതു സംബന്ധിച്ച ഉത്തരവ് ഇരിട്ടി എസ്.എച്ച്.ഒ ക്കും കോടതി കൈമാറി. ആവശ്യമെങ്കിൽ വൃദ്ധയ്ക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.