പയ്യന്നൂർ: മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന് കീഴിൽ നടന്നുവരുന്ന വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി ടി.ഐ.മധുസൂദനൻ എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പ്രവൃത്തി ഊർജ്ജിതപ്പെടുത്തുവാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.

കാനായി-മണിയറ-മാതമംഗലം റോഡ് പ്രവൃത്തി പൂർത്തീകരിച്ച വീടുകളിലേക്കുള്ള വഴിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. തീരദേശ ഹൈവേ രണ്ടാം ഘട്ടമായി കുന്നരു -രണ്ട് തെങ്ങ് ഡി.പി.ആർ തയ്യാറാക്കി വരുന്നതായും ടെണ്ടർ നടപടികൾ പൂർത്തിയായ ചൂളക്കടവ്- കൊറ്റി കടവ് പാലം പ്രവൃത്തി വേഗത്തിൽ ആരംഭിക്കുമെന്നും വ്യക്തമാക്കി.

നിർമ്മാണം പൂർത്തിയായ കുഞ്ഞിത്തോട്ടം പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കും. വടവന്തൂർ പാലം അപ്രോച്ച് റോഡിന്റെ പ്രവൃത്തി വേഗത്തിൽ പൂർത്തീകരിക്കാൻ നിർദ്ദേശം നൽകി. മീന്തുള്ളി പാലത്തിന്റെ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. പയ്യന്നൂർ കോടതി സമുച്ചയം സെപ്തംബറിൽ പൂർത്തീകരിക്കും.

വെള്ളൂർ എൽ.പി സ്‌കൂൾ, മാതമംഗലം ഹയർ സെക്കൻഡറി സ്‌കൂൾ, രാമന്തളി വില്ലേജ് ഓഫീസ്, പെരിങ്ങോം ഗവ. കോളേജ് എന്നിവയുടെ നിർമ്മാണ പ്രവൃത്തി വേഗത്തിലാക്കും. കൂക്കാനം ഗവ. യു.പി.സ്‌കൂൾ, രാമന്തളി ഹയർസെക്കൻ‌‌ഡറി സ്‌കൂൾ, പെരിങ്ങോം ഗവ. ഐ.ടി.ഐ, പയ്യന്നൂർ ജി.വി.എച്ച്.എസ്.എസ് , കക്കറ ജി.യു.പി.എസ്. എന്നിവയുടെ എസ്റ്റിമേറ്റുകൾ സാങ്കേതികാനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്.

കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെട്ട പുതിയപുഴക്കര റോഡിന്റെ ബാക്കി വരുന്ന പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയതായും തുടർ നടപടികൾ വേഗത്തിലാക്കുവാനും തീരുമാനിച്ചു. തിമിരി -പെരുമ്പടവ് റോഡ് എസ്റ്റിമേറ്റ് സാങ്കേതികാനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്.

ഓണക്കുന്ന്, വെളളൂർ പാലത്തര എന്നിവിടങ്ങളിലെ പഴയ നാഷണൽ ഹൈവേയുടെ ഭാഗം റീടാർ ചെയ്യുന്ന പ്രവ-ത്തി ആരംഭിച്ചതായും യോഗത്തിൽ വ്യക്തമാക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.എം.ഉണ്ണികൃഷ്ണൻ, കെ.എഫ്.അലക്‌സാണ്ടർ, പയ്യന്നൂർ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.വിശ്വനാഥൻ, പൊതുമരാമത്ത് റോഡ്‌സ്, പാലങ്ങൾ, കെട്ടിട വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.