നീലേശ്വരം: ഭൂജല വകുപ്പ് ഓഫീസിൽ ആവശ്യത്തിന് ജീവനക്കാരില്ല. ഡ്രില്ലിംഗ് വാഹനം അറ്റകുറ്റപ്പണിക്കായി കൊല്ലത്തെ ഗ്യാരേജിൽ മൂന്ന് മാസമായി കെട്ടിക്കിടക്കുകയാണത്രെ. കഴിഞ്ഞ രണ്ട് വർഷമായി കുഴൽ കിണർ കുഴിക്കാൻ 221 അപേക്ഷകരാണ് അനുമതിക്കായി കാത്ത് നിൽക്കുന്നത്. ഇതിൽ കാർഷിക ആവശ്യത്തിനും കുടിവെള്ള ആവശ്യത്തിനും അപേക്ഷിച്ചവരുണ്ട്.

കുഴൽ കിണറുകൾ കുഴിക്കുന്ന സ്വകാര്യ ഏജൻസികൾ ഭീമൻ തുക ഈടാക്കുന്നുണ്ട്. ഇവർ മാനദണ്ഡങ്ങൾ ഇല്ലാതെ കുഴൽ കിണർ സ്ഥാനം കണ്ടെത്താൻ പോലും പണം വാങ്ങുന്നതായി ആക്ഷേപമുണ്ട്. അതിനാലാണ് മിക്കവരും ഭൂജല വകുപ്പിനെ സമീപിക്കുന്നത്. മറ്റ് ജില്ലകളിൽ രണ്ട് വീതം ഡ്രില്ലിംഗ് മെഷീനുണ്ടെങ്കിലും കാസർകോട് ജില്ലയിൽ ഒന്നു മാത്രമാണുള്ളത്. അതാണെങ്കിൽ കഴിഞ്ഞ മൂന്ന് മാസമായി തകരാറിലും.

ജില്ല ഓഫീസിൽ ഓഫീസറില്ല. രണ്ട് ഡ്രില്ലിംഗ് സ്റ്റാഫ്, രണ്ട് സർവ്വെയർ എന്നിവരുടെ തസ്തികകളും ഡ്രില്ലിംഗ് അസിസ്റ്റന്റിന്റെ തസ്തികയും ഒഴിഞ്ഞ് കിടക്കുകയാണ്.