തലശ്ശേരി: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ പ്രധാന ചടങ്ങായ നെയ്യാട്ടത്തിനായുള്ള നെയ്യമൃത് സംഘം വില്ലിപ്പാലൻ വലിയ കുറുപ്പിന്റെ നേതൃത്വത്തിൽ നെയ്യ് നിറച്ച കലശപാത്രവും നെയ്യ് കിണ്ടികളുമായി നിടുമ്പ്രം കുറ്റിപ്പുറം ശിവക്ഷേത്രത്തിൽ നിന്നും യാത്ര പുറപ്പെട്ടു. ഇരുവനാട് വില്ലിപാലൻ വലിയകുറുപ്പായ ഗോപി കുറുപ്പിന്റെ നേതൃത്വത്തിലുള്ള വിവിധ മഠങ്ങളിലെ നെയ്യാമൃത് ഭക്തരാണ് സുപ്രധാന ചടങ്ങിന് നേതൃത്വം നൽകുന്നത്. നിടുമ്പ്രം, ചെമ്പ്ര, വയലളം, വടകര, തിരുമന, കണ്ണൂക്കര, ലോകനാർ കാവ്, എടച്ചേരി നോർത്ത്, പള്ളൂർ, കോടിയേരി തുടങ്ങി 10 ഓളം മഠങ്ങളിൽ നിന്നായി 130 ൽ പരം നെയ്യമൃത് വ്രതക്കാരാണുള്ളത്. ഇന്നലെ രാവിലെ ചൊക്ലിയിലെ നിടുമ്പ്രം കുറ്റിപ്പുറം ശിവക്ഷേത്രത്തിൽ നിന്നും നെയ്യ് നിറച്ച കലശപാത്രവും നെയ്യ് കിണ്ടികളും തലയിലേന്തി ഓംകാര മന്ത്രം ഉരുവിട്ട് കാൽനടയായിട്ടാണ് കൊട്ടിയൂരിലേക്ക് യാത്ര പുറപ്പെട്ടത്. ആദ്യ ദിവസം എടയാറ്റിലും രണ്ടാം ദിവസം മണത്തണയിലും തങ്ങുന്ന വ്രതക്കാർ നാളെ ഉച്ചയോടെ കൊട്ടിയൂരിലെത്തും. വൈകുന്നേരം ഇക്കര കൊട്ടിയൂരിലെത്തുന്ന വാൾ വരവിനു ശേഷമാണ് അക്കര കൊട്ടിയൂരിലേക്ക് ഇരുവനാട് വില്ലിപ്പാലൻകുറുപ്പിന്റെയും തമ്മേങ്ങാടൻ മൂത്ത നമ്പ്യാരുടെയും നേതൃത്വത്തിലുള്ള നെയ്യാമൃത് ഭക്തർ കലശപാത്രവും കിണ്ടികളുമായി പ്രവേശിക്കുക. രാത്രി പത്തു മണിയോടെ നെയ്യാട്ടത്തിനായുള്ള ചടങ്ങുകൾ ആരംഭിക്കും.