കാസർകോട്: രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയുടെ സാന്നിദ്ധ്യത്തിൽ പ്രധാനമന്ത്രി തറക്കല്ലിട്ട കോട്ടിക്കുളം റെയിൽവേ ഓവർബ്രിഡ്ജ് നിർമ്മാണം വീണ്ടും അനിശ്ചിത്വത്തിലായി. ഓവർബ്രിഡ്ജ് നിർമ്മാണത്തിന്റെ ടെൻഡർ എടുക്കാൻ കരാറുകാരോ നിർമ്മാണ കമ്പനികളോ രംഗത്ത് വരാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്. ദേശീയപാത നിർമ്മാണം ഉൾപ്പെടെ വൻകിട ടെൻഡറുകൾ ഏറ്റെടുക്കുന്ന ഊരാളുങ്കലോ മേഘ കൺസ്ട്രക്ഷനോ എൽ ആ ൻഡ് ടിയോ കോട്ടിക്കുളം ആർ.ഒ.ബിയുടെ കാര്യത്തിൽ താല്പര്യം കാണിച്ചില്ല.
കോട്ടിക്കുളം ആർ.ഒ.ബി രണ്ട് പതിറ്റാണ്ടു കാലത്തെ കാത്തിരിപ്പിന് ശേഷം പ്രധാനമന്ത്രി തന്നെ തറക്കല്ലിട്ടപ്പോൾ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു എന്ന് കരുതി എല്ലാവരും സന്തോഷിച്ചിരുന്നു. എന്നാൽ നാളുകൾ വീണ്ടും നീണ്ടു പോകുമ്പോൾ തറക്കല്ലിടൽ 'തിരഞ്ഞെടുപ്പ് ഗിമ്മിക്ക്' ആയിരുന്നോ എന്ന് സംശയിക്കുകയാണ് നാട്ടുകാർ.
അതിനിടെ കേന്ദ്രം പ്രഖ്യാപിച്ചു എന്ന് പറയുന്ന 41കോടിയുടെ കാര്യത്തിലും ആശയകുഴപ്പം ശക്തമാണ്. ഏപ്രിൽ ഒന്നിന് നിശ്ചയിച്ചിരുന്ന ടെൻഡർ ആക്ഷൻ കമ്മിറ്റിയുടെ അഭ്യർത്ഥന സ്വീകരിച്ചു ആർ.ബി.ഡി.സി.കെ ഒരുമാസം കൂടി ടെൻഡർ വെക്കുന്ന സമയം നീട്ടി നൽകിയിട്ടും കോൺട്രാക്ടർമാർ ആരും മുന്നോട്ടു വന്നില്ല.
സംസ്ഥാനത്തെ അഞ്ച് കൺസ്ട്രക്ഷൻ കമ്പനികളെ സമീപിച്ചിട്ടും ഫലമുണ്ടായില്ല. ടെൻഡർ ഇനിയും നീട്ടി കൊണ്ട് പോകുന്നതിൽ പ്രയോജനം ഇല്ലെന്നാണ് ഉന്നത അധികാരികൾ വ്യക്തമാക്കുന്നത്. താമസിയാതെ റീ ടെൻഡർ ചെയ്യാമെന്ന് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്. ഊരാളുങ്കൽ സൊസൈറ്റിയെ ടെൻഡറിൽ പങ്കെടുപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്.
ഇതുവരെയെത്തിയത് നാട്ടുകാരുടെ വിജയം
2006 മുതൽ ഓവർ ബ്രിഡ്ജിനു വേണ്ടി നാട്ടുകാർ കാത്തിരിക്കുകയാണ്. 20 വർഷം നീണ്ട കഠിനാധ്വാനത്തിന്റെ ഫലമായി റെയിൽവേയുടെ എൻ.ഒ.സി മുതൽ ടെൻഡറിൽ എത്തുന്നത് വരെയുള്ള നിർണായകമായ പ്രക്രിയ പിന്നിട്ടിട്ടും നിരാശ മാറുന്നില്ല. കോട്ടിക്കുളം ഓവർ ബ്രിഡ്ജിനായി ഏറ്റെടുത്ത സ്ഥലം ആരും തിരിഞ്ഞു നോക്കാതെ കാടുമുടി കിടക്കുകയാണ്. റെയിൽവേയുടെ പിങ്ക് ബുക്കിൽ നിന്ന് തന്നെ നീക്കം ചെയ്യപ്പെട്ട ആർ.ഒ.ബി യുടെ കാര്യത്തിൽ നേടിയ വിജയം നാട്ടുകാരുടെ കൂട്ടായ്മയുടേത് ആയിരുന്നു.
കോട്ടിക്കുളം ആർ.ഒ.ബി പാസായത് 2006ൽ
10 കോടി വകയിരുത്തിയത് ഡോ. തോമസ് ഐസക് ധനകാര്യ മന്ത്രി ആയിരിക്കെ
കോട്ടിക്കുളം ആർ.ഒ.ബി ടെൻഡർ വിളിച്ചത് 14.31 കോടിക്ക്
ആർ.ഒ.ബിക്ക് കേന്ദ്രം പ്രഖ്യാപിച്ചത് 41 കോടി
41 കോടി എന്തിനാണെന്ന് ആർക്കും എത്തുംപിടിയുമില്ല