തലശ്ശേരി: നഗരത്തിൽ വീണ്ടും മോഷണശ്രമം. ചിറക്കര എസ്.എസ് റോഡിലേയും, ടൗൺഹാൾ റോഡിലെയും വീടുകളിൽ കഴിഞ്ഞ ദിവസം മോഷണശ്രമം നടന്നു. തലശ്ശേരി ചിറക്കര എസ്.എസ് റോഡിലെ ആലാൻ സലിമിന്റെ, റോഷ്നാസിൽ വീടിന്റെ മുൻവശത്തെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്.

ഉള്ളിലെ മറ്റ് മുറികളുടെയും ഷെൽഫും മറ്റും തുറന്ന് തുണികളും മറ്റ് സാധനങ്ങളുമെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. സംഭവ സമയം കുടുംബം വിദേശത്തായിരുന്നു. തൊട്ടടുത്ത ബന്ധു വീട്ടിലുള്ളവർ ഇവിടെ എത്തിയപ്പോഴാണ് വാതിലിന്റെ പൂട്ട് തകർത്തത് ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു
ടൗൺ ഹാളിന് സമീപം കെ.പി.എം റോഷന്റെ വീട്ടിലും കഴിഞ്ഞ ദിവസമായിരുന്നു മോഷണം നടന്നത്. വീടിന്റെ പിറക് വശത്തെ ഗ്രിൽസിന്റെ പൂട്ട് തകർത്തായിരുന്നു മോഷ്ടാവ് അകത്ത് കടന്നത്. ശബ്ദം കേട്ട് വീട്ടിലുളളവർ ഉണർന്ന് പൊലീസിലും സംഭവസമയത്ത് പുറത്തായിരുന്ന റോഷനെയും വിവരമറിയിക്കുകയായിരുന്നു.
ഇരു വീടുകളിൽ നിന്നും സാധനങ്ങൾ ഒന്നും നഷ്ടപെട്ടിട്ടില്ല.

ഒരാഴ്ചയ്ക്കിടെ

5 വീടുകൾ

കഴിഞ്ഞ ഒരാഴ്ചക്കിടെ ചിറക്കരയിലെയും സമീപപ്രദേശങ്ങളിലെയും അഞ്ചിലേറെ വീടുകളിലാണ് മോഷണ ശ്രമം ഉണ്ടായത്. തലശ്ശേരിയിൽ അടുത്ത കാലത്തായി എറ്റവും കൂടുതൽ മോഷണവും മോഷണശ്രമവും നടന്നത് ചിറക്കര, പള്ളിക്കാഴ, കുഴിപ്പക്കാട്, ടൗൺ ഹാൾ, കെ.ടി.പി മുക്ക് ഭാഗങ്ങളിലാണ്. മോഷ്ടാക്കള കണ്ടെത്താനുള്ള ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപമുയർന്നിട്ടുണ്ട്.