കണ്ണൂർ: വാട്സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ സാമൂഹ്യമാദ്ധ്യമങ്ങൾ വഴി പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് പണം സമ്പാദിക്കാമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ച് പണം കൈമാറിയ നാലുപേർക്ക് വൻതുക നഷ്ടമായി. 1.57കോടി, 9.45 ലക്ഷം, 6.04 ലക്ഷം, 17,998 രൂപ എന്നിങ്ങനെ മൊത്തം 1.73 കോടി രൂപയാണ് നാലുപേർക്കായി നഷ്ടപ്പെട്ടത്. സാമൂഹ്യമാദ്ധ്യമങ്ങൾ വഴി ആകർഷകമായ പരസ്യങ്ങൾ നൽകിയാണ് തട്ടിപ്പ്.
പണം നൽകി അവർ നൽകുന്ന ഓരോ ടാസ്‌ക് പൂർത്തീകരിച്ചാൽ ലാഭത്തോട് കൂടി പണം തിരികെ നൽകുമെന്നാണ് തട്ടിപ്പുകാരുടെ വാഗ്ദാനം. തുടക്കത്തിൽ ടാസ്‌ക് പൂർത്തീകരിച്ചാൽ നൽകിയ പണം ലാഭത്തോടെ തിരിച്ച് നൽകി വിശ്വാസം നേടിയെടുക്കും. സമാന രീതിയിൽ മൂന്ന് നാല് ടാസ്‌ക്കുകൾ കഴിയുന്നത് വരെ പണം തിരികെ ലഭിക്കും. പിന്നീട് പണം ആവശ്യപ്പെടുന്നതല്ലാതെ തിരികെ ലഭിക്കുകയില്ല. ഇതോടെയാണ് പലർക്കും ഇതൊരു തട്ടിപ്പാണെന്ന് മനസ്സിലാകുന്നത്.