പട്ടുവം: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിക്കുന്നവരെ പട്ടും വളയും ആചാരപ്പേരും നല്കി ആദരിക്കുന്ന പതിവ് നിർത്തിവച്ചിരിക്കുന്നത് കലാകാരന്മാരെ നിരാശരാക്കുന്നു. ഈ ആചാരം പലരും ദുരുപയോഗം ചെയ്യുന്നതായുള്ള ആക്ഷേപത്തെ തുടർന്നാണ് ക്ഷേത്ര ഭരണസമിതി ഇക്കാര്യത്തിൽ ചില നിബന്ധനകൾ ഏർപ്പെടുത്തുകയും ആദരംനല്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തത്. ഒരു വർഷത്തോളമായി ആദരം നടക്കുന്നില്ലെന്ന് ക്ഷേത്രം തന്നെ അറിയിക്കുന്നു. ഇക്കാര്യത്തിൽ വലിയ പ്രതിഷേധവും പുകയുന്നുണ്ട്.
കഴിഞ്ഞ മാസം മംഗലശ്ശേരിയിൽ നടത്തിയ വയൽ തിറയിൽ തീചാമുണ്ടി തെയ്യത്തിന്റെ കോലധാരിയായ യുവാവിനെ പണിക്കരാക്കി ആചാരപ്പെടുത്തണമെന്ന വയൽത്തിറ കമ്മിറ്റിയുടെ തീരുമാനം ഇതേതുടർന്ന് നടപ്പിലാക്കാനായില്ല. ഇവർ ക്ഷേത്രത്തെ സമീപിച്ചപ്പോൾ ആചാരപ്പെടൽ ചടങ്ങ് നിബന്ധനകൾക്ക് വിധേയമായി മാത്രമേ നടപ്പിലാക്കാനാവൂവെന്ന മറുപടിയാണ് ലഭിച്ചത്. ആചാരപ്പെടൽ ചടങ്ങിൽ സംബന്ധിക്കുന്നവർക്ക് വിഭവസമൃദ്ധമായ സദ്യയുൾപ്പെടെ ഒരുക്കേണ്ട ചെലവും കമ്മിറ്റി വഹിക്കണമെന്നാണ് അറിയാൻ കഴിഞ്ഞത്. ഇത്തരം നിബന്ധനകൾ കലാകാരന്മാർക്കുള്ള ആദരം നല്കുന്നതിൽ വിലങ്ങുതടിയാകുമെന്നാണ് പറയുന്നത്.
ആചാരപ്പെടുന്ന വ്യക്തിയുടെ യോഗ്യത മാനദണ്ഡമാണെന്ന അഭിപ്രായക്കാരാണ് ഏറേയും.
ഏതെങ്കിലും ഒരു കമ്മിറ്റിയുടെയോ വ്യക്തിയുടെയോ വാക്കുകേട്ടു അതിനനുസരിച്ചു സ്ഥാനങ്ങൾ നൽക്കുന്നതല്ല ശരിയായ ആചാരപ്പെടൽ. നേരത്തെ ക്ഷേത്രത്തിൽ ഇതിനുള്ള പണം അടച്ചാൽ ആർക്കും ആചാരസ്ഥാനങ്ങൾ നല്കുന്ന സ്ഥിതിയുണ്ടായിരുന്നു. ഇതിനായി ചിലർ കരാർ ഏറ്റെടുത്ത് നല്കുന്ന രീതിയിലേക്കുപോലും കാര്യങ്ങൾ പോയി. തെയ്യം കലാകാരന്മാരെ ഉൾപ്പെടെ ആദരിക്കുന്നത് അവരുടെ ഈരംഗത്തെ അനുഭവപരിചയം അടിസ്ഥാനമാക്കി വേണമെന്നാണ് പറയുന്നത്. ഇതിന് പ്രാഗത്ഭ്യം തെളിയിക്കുന്ന സാക്ഷ്യപത്രമുൾപ്പെടെ വേണമെന്ന് പറയുന്നവരുമുണ്ട്. എന്നാൽ, ഈരംഗത്ത് ആരാണ് സാക്ഷ്യപത്രം നല്കുകയെന്നതുൾപ്പെടെ അവ്യക്തതകളുമുണ്ട്. മാണി മാധവ ചാക്യാരെ ആദരിക്കും മുമ്പ് അഞ്ച് തവണ അന്നത്തെ വിധികർത്താക്കൾ വേഷംകെട്ടി ആടിച്ച് പരീക്ഷിച്ചതായി പറയുന്നു. സദ്യയുൾപ്പെടെ ഒരുക്കണമെന്ന തീരുമാനവും ആചാരസ്ഥാനം നല്കാൻ തയ്യാറാകുന്ന ക്ഷേത്രകമ്മിറ്റികൾക്ക് ബാദ്ധ്യതയാകും.
കൊട്ടുംപുറത്തെ അപൂർവ്വ ആദരം
രാജരാജേശ്വര ക്ഷേത്രത്തിലെ മണിഗോപുരം കൊട്ടുംപുറത്ത് വച്ചാണ് ഇത്തരം ആചാരപരമായ ആദരിക്കൽ നടക്കുന്നത്. മാണി മാധവ ചാക്യാർ മുതൽ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച ഒട്ടനവധി വ്യക്തികൾക്കു പട്ടും വളയും വീരശൃംഖലയും നല്കി ആദരിച്ച ചരിത്രം കൊട്ടുംപുറത്തിനുണ്ട്.
അടുത്തകാലത്തായി കലാരംഗത്ത്ചുവടുവയ്ക്കുന്നവർക്ക് പോലും ഇവിടുത്തെ ആചാരസ്ഥാനങ്ങൾ ലഭിക്കുകയുണ്ടായത് ആക്ഷേപത്തിനിടയാക്കി. ഇവിടെ നിന്നും ലഭിക്കുന്ന ആദരവ് പവിത്രവും കലാകാരന്മാർ ഏറ്റവും വിലമതിക്കുന്നതുമാണ്. എന്നാൽ ആചാരസ്ഥാനം ലഭിച്ചവർതന്നെ അതിന്റെ മഹിമ പിന്നീടുള്ള ജീവിതത്തിൽ പുലർത്തുന്നതിലും വീഴ്ചവരുത്തുന്നതായി ആക്ഷേപമുണ്ട്.
നിബന്ധനകൾ വന്നതോടെ രാജരാജേശ്വര ക്ഷേത്രത്തിൽ നിന്നുള്ള ആദരച്ചടങ്ങ് ക്ഷേത്രകമ്മിറ്റികൾക്ക് വലിയസാമ്പത്തിക ബാദ്ധ്യതയാകും. കലാകാരന്മാർ മഹനീയമായി കാണുന്ന വീരശൃംഖല ലഭിക്കാത്ത സ്ഥിതി വരുത്തും. മംഗലശ്ശേരി വയൽത്തിറ കമ്മിറ്റിക്കാർ തന്നെ ആദരവിനായി ചിറക്കൽ കോവിലകത്തെ സമീപിക്കുന്ന സ്ഥിതിയാണ്.
ഇ.പി.രാജേഷ്