
കണ്ണൂർ: വധശ്രമക്കേസിൽ കെ.സുധാകരനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജനും അപ്പീലുമായി സർക്കാർ സുപ്രീം കോടതിയിൽ പോകട്ടെയെന്ന് കെ.സുധാകരനും വ്യക്തമാക്കിയതോടെ ഇ.പി.ജയരാജൻ വധശ്രമക്കേസിലെ നിയമയുദ്ധം ഇനിയും നീളുമെന്ന് തീർച്ചയായി. സംസ്ഥാന രാഷ്ട്രീയത്തെയും പ്രത്യേകിച്ച് കണ്ണൂർ രാഷ്ട്രീയത്തെയും പിടിച്ചുകുലുക്കിയ വധശ്രമക്കേസ് ഒരു ഘട്ടത്തിൽ കെ.സുധാകരന്റെ അറസ്റ്റുവരെ എത്തിയതാണ്.
നാട് നടുങ്ങിയ വധശ്രമം
1995 ഏപ്രിൽ 12 ന് ജലന്ധർ പാർട്ടി കോൺഗ്രസ് കഴിഞ്ഞ് ഡൽഹിയിൽനിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ രാജധാനി എക്സ്പ്രസിൽ വച്ചാണ് ഇ.പി.ജയരാജന് നേരേ വധശ്രമം നടന്നത്. ആന്ധ്രപ്രദേശിലെ ഓങ്കോളിന് സമീപം ചിരാലയിൽ എത്തിയപ്പോഴായിരുന്നു സംഭവം.സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറിയും എം.എൽ.എയുമായിരുന്നു അന്ന് ജയരാജൻ. വാഷ്‌ബേസിനിൽ മുഖം കഴുകുന്നതിനിടെ പിപിൻഭാഗത്ത് കഴുത്തിന് മുകളിലായി രണ്ടിടത്താണ് വെടിയേറ്റത്.
യാത്രക്കാർ ഓടിയെത്തിയപ്പോൾ അക്രമികളിലൊരാൾ ട്രെയിനിൽനിന്ന് ചാടി. രണ്ടാമത്തെയാളെ യാത്രക്കാർ പിടികൂടി റെയിൽവേ പൊലീസിന് കൈമാറി.വെടിയേറ്റ ജയരാജന് ട്രെയിനിൽ വച്ച് ഒരു ഡോക്ടറുടെ നേതൃത്വത്തിൽ പ്രാഥമിക ശുശ്രൂഷ നൽകി. ഡോക്ടറുടെ അകമ്പടിയോടെ മദ്രാസ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ട വിക്രംചാലിൽ ശശിയെ ചെന്നൈയിൽ വച്ചാണ് കസ്റ്റഡിയിലെടുത്തത്. ആന്ധ്ര, തമിഴ്നാട് ,കേരള പൊലീസുകൾ സംഭവത്തിൽ അന്വേഷണം നടത്തിയിരുന്നു. എം.വി. രാഘവൻ, സി.പി.ജോൺ, കെ.സുധാകരൻ തുടങ്ങിയവരുടെ ഗൂഢാലോചനയിലാണ് കൊല്ലാനുള്ള പദ്ധതി ആവിഷ്‌കരിച്ചതെന്ന് ചൂണ്ടിക്കാട്ടി ഇ.പി.ജയരാജൻ തിരുവനന്തപുരത്തെ കോടതിയിൽ സ്വകാര്യ അന്യായം ഫയൽചെയ്തു. പിന്നാലെ ചെന്നെയിലേക്കുളള യാത്രയ്ക്കിടെ ട്രെയിനിൽ വച്ച് സുധാകരനെ അറസ്റ്റ് ചെയ്തു.
ഒന്നാം പ്രതി കൊല്ലപ്പെട്ടു;രണ്ടാംപ്രതി ജയിലിൽ
വിക്രംചാലിൽ ശശി, പേട്ട ദിനേശൻ എന്നിവരായിരുന്നു ഒന്നും രണ്ടും പ്രതികൾ. നേരത്തെ ആർ.എസ്.എസ്. പ്രവർത്തകനായിരുന്ന ശശി സംഘടനയുമായി ഇടഞ്ഞശേഷം ശിവസേനയിൽ പ്രവർത്തിച്ചിരുന്നു. സുഹൃത്തും ആർ.എസ്.എസ്. പ്രവർത്തകനുമായ അനിൽകുമാറിനെ സി.പി.എമ്മുകാർ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് ജയരാജനെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്നുമായിരുന്നു ഒന്നാം പ്രതി വിക്രംചാലിൽ ശശിയുടെ മൊഴി. ജയരാജൻ വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ ശശി 1999ൽ കൂത്തൂപറമ്പിൽ ബസ് യാത്രയ്ക്കിടെ വെട്ടേറ്റ് മരിച്ചു. രണ്ടാംപ്രതിയായ ദിനേശൻ എസ്.എഫ്.ഐ. നേതാവ് കെ.വി.സുധീഷിനെ വെട്ടിക്കൊന്ന കേസിൽ ജയിലിലാണ്.