vaal

മുതിരേരി : ഇന്നലെ മുതിരേരി ശിവക്ഷേത്രത്തിലെ പൂജകൾക്ക് ശേഷം ഉച്ച കഴിഞ്ഞ് മൂന്നരയോടെയാണ് വാളുമായി മൂഴിയോട്ട് ഇല്ലം സുരേഷ് നമ്പൂതിരി കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്. മുതിരേരി ക്ഷേത്രത്തിൽ നിന്ന് വാളുമായി ഓടിയും നടന്നും ഏകനായാണ് വിധിപ്രകാരമുള്ള യാത്ര.ബ്രഹ്മമൂഹൂർത്തത്തിൽ ആരംഭിച്ച ഗൂഢ പൂജകളോടെയാണ് ചടങ്ങ് തുടങ്ങിയത്. വാൾ ശിവലിംഗത്തിൽ ചേർത്തുവച്ചതിന് ശേഷം വിശേഷാൽ പൂജകളും നിവേദ്യങ്ങളും സമർപ്പിച്ചു. തുടർന്ന് ഉപദേവതകൾക്കും ക്ഷേത്ര മൂപ്പനും പാരമ്പര്യ അവകാശികൾക്കും ദക്ഷിണയും സമർപ്പിച്ചു. ധ്യാനത്തിൽ നിന്നും വെളിപാടുണർന്ന ശേഷം ക്ഷേത്രക്കുളത്തിൽ മുങ്ങിയ ശേഷം തറ്റുടുത്ത് ഭസ്മധാരിയായി ബിംബം തുളസി ഇലകൾ കൊണ്ട് മൂടിയ ശേഷമാണ് തിരുവായുധമായ വാൾ വലിച്ചെടുത്ത് ക്ഷേത്ര പ്രദിക്ഷണം ചെയ്ത് കൊട്ടിയൂർ ദക്ഷയാഗഭൂമിയിലേക്ക് തിരിച്ചത്.