കാഞ്ഞങ്ങാട്: പുതിയ അദ്ധ്യയന വർഷത്തിന് മുന്നോടിയായി സ്കൂൾ വാഹനങ്ങളുടെ പരിശോധന ആരംഭിച്ചു. കാഞ്ഞങ്ങാട് സബ് ആർ.ടി ഓഫീസിന് പരിധിയിലുള്ള വാഹനങ്ങളാണ് ഇന്നലെ പരിശോധനക്കെത്തിയത്. 56 വാഹനങ്ങൾ പരിശോധനയ്ക്ക് ഹാജരായതിൽ 22 വാഹനങ്ങൾ വിവിധ തകരാറുകൾ കാരണം തിരിച്ചുവിട്ടു. ഹാന്റ് ബ്രേക്ക് തകരാറുകൾ ഉള്ള 6 വാഹനങ്ങളും, ജി.പി.എസ് ടാഗ് ചെയ്യാത്തതും, വിദ്യാവാഹനിൽ രജിസ്റ്റർ ചെയ്യാത്തവയും ആയ എട്ട് വാഹനങ്ങളും, ടയറുകൾ തേയ്മാനം സംഭവിച്ചതും, സ്റ്റീയറിംഗ് തകരാറുള്ളതും, പ്രൊപല്ലർ ഷാഫ്റ്റ് ക്ലാമ്പ് ഘടിപ്പിക്കാത്തതും, ലൈറ്റ് സംവിധാനങ്ങൾ പ്രവർത്തിക്കാത്തതും ആയ വാഹനങ്ങളാണ് തിരിച്ചുവിട്ടത്. ഇവ തകരാറുകൾ പരിഹരിച്ച് വീണ്ടും ഹാജരാക്കാൻ നിർദ്ദേശം നൽകി. രാവിലെ 9 മണി മുതൽ നടന്ന പരിശോധനയ്ക്ക് എം.വി.ഐമാരായ എം.വിജയൻ, കെ.വി.ജയൻ, എ.എം.വി.ഐമാരായ വി.ജെ സാജു, എം.ജി സുധീഷ്, ഡ്രൈവർ ജയരാജ് എന്നിവർ നേതൃത്വം നൽകി. പരിശോധിക്കാൻ ബാക്കിയുള്ള വാഹനങ്ങൾ 25 ന് രാവിലെ 9 മണിക്ക് ദുർഗാ ഹയർ സെക്കൻഡറി സ്കൂളിൽ ഹാജരാക്കണമെന്ന് ജോ: ആർ.ടി.ഒ കെ.ജി സന്തോഷ് കുമാർ അറിയിച്ചു.