നീലേശ്വരം: ഇടത്തോട് റോഡിൽ പേരോൽ വളവിൽ ആദ്യമഴയിൽ തന്നെ വെള്ളക്കെട്ട്. ഇവിടെ വളവിൽ ഓവുചാലും, കൾവർട്ടും ഉണ്ടെങ്കിലും ഇതിൽ ചപ്പുചവറുകൾ അടിഞ്ഞുകൂടി വെള്ളം ഒഴുകി പോകാതെ റോഡിൽ കെട്ടിക്കിടക്കുകയാണ്. റോഡിന്റെ കിഴക്ക് ഭാഗത്ത് ഓവുചാലുണ്ടെങ്കിലും ഇതിന് മുകളിൽ സ്ലാബില്ലാത്തതിനാൽ മഴവെള്ളം കെട്ടി നിൽക്കുന്ന കുഴിയിൽ ബസ് കയറുന്നവരും ഇറങ്ങുന്നവരും വീഴുന്നത് പതിവായിട്ടുണ്ട്.

കനത്ത മഴയിൽ ചെളിവെള്ളം കവിഞ്ഞ് തൊട്ടടുത്ത കടമുറികളിൽ കടക്കുന്നത് വ്യാപാരികൾക്കും തലവേദനയായി. സാധാരണയായി മഴ വരുന്നതിന് മുമ്പേ നഗരസഭയുടെ നേതൃത്വത്തിൽ ഡ്രൈനേജുകൾ വൃത്തിയാക്കാറുണ്ടായിരുന്നു. എന്നാൽ ഈ വർഷം ഇവിടെ ഓവുചാലുകൾ വൃത്തിയാക്കിയില്ലെന്നാണ് പരാതി. ഇതാണ് മഴ വെള്ളം ഒഴുകി പോകാതെ റോഡിൽ കെട്ടി നിന്ന് സമീപത്തെ കടമുറികളിലേക്ക് കയറാനിടയാക്കിയത്.

മഴ വീണ്ടും കനക്കുന്നതോടെ പേരോൽ -റെയിൽവേ സ്റ്റേഷൻ വളവിലെ വെള്ളം ഒഴുകി പോകാനുള്ള സംവിധാനം ഒരുക്കിയില്ലെങ്കിൽ ഇരുചക്രവാഹനയാത്രക്കാരും കാൽനട യാത്രക്കാരും, അപകടങ്ങളിൽ പെടുന്നത് പതിവാകും.

മെക്കാഡം ടാറിംഗിൽ

അനിശ്ചിതത്വം

നീലേശ്വരം -ഇടത്തോട് റോഡിൽ ഓവർ ബ്രിഡ്ജ് മുതൽ താലൂക്ക് ആശുപത്രി വരെയുള്ള റോഡ് മെക്കാഡം ടാറിംഗ് ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. ആദ്യ കരാറുകാരനെ ഒഴിവാക്കി വീണ്ടും എസ്റ്റിമേറ്റ് തയ്യാറാക്കി ടെണ്ടർ നടപടികളിലേക്ക് നീങ്ങാനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നു. സ്ഥലം വിട്ടുകൊടുത്തവർക്ക് നഷ്ടപരിഹാരം നൽകുകയും ചെയ്തിട്ടുണ്ട്. കെട്ടിടങ്ങൾ പൊളിക്കാനുള്ള ലേല നടപടികളും നടന്ന് കൊണ്ടിരിക്കുകയാണ്.