തൃക്കരിപ്പൂർ: ശ്രീ രാമവില്യം കഴകവുമായി അഭേദ്യബന്ധമുള്ള കൂലേരി പടിഞ്ഞാറെ വീട് തറവാട് കളിയാട്ടം 24, 25, 26 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 24ന് രാത്രി 7 മുതൽ തറവാട്ടംഗങ്ങളുടെ കലാ സന്ധ്യ അരങ്ങേറും. 25ന് വൈകിട്ട് 6ന് ദീപാരാധനയോടെ കളിയാട്ടത്തിന് ആരംഭം കുറിക്കും. 7ന് വിവിധ തെയ്യക്കോലങ്ങളുടെ തോറ്റം പുറപ്പാട്. തുടർന്ന് കുറത്തിയമ്മയും 26ന് പുലർച്ചെ കുടിവിരനും 9 മണി മുതൽ രക്ത ചാമുണ്ഡി, കുണ്ടോർ ചാമുണ്ഡി, വിഷ്ണുമൂർത്തി, ധർമ്മ ദൈവമായ വല്ലാർകുളങ്ങര ഭഗവതി എന്നീ തെയ്യങ്ങൾ അരങ്ങിലെത്തും. തുടർന്ന് അന്നദാനം. വാർത്താ സമ്മേളനത്തിൽ തറവാട് പ്രസിഡന്റ് കെ.പി.വി കൃഷ്ണൻ, സെക്രട്ടറി കെ.വി ഷിബു, പബ്ലിസിറ്റി ചെയർമാൻ കെ.വി സജിത്ത്, കൺവീനർ കെ.പി.വി വിദ്യാധരൻ എന്നിവർ പങ്കെടുത്തു.