തലശ്ശേരി: സുഹൃത്തായ യുവാവിനെ പാലത്തിന് മുകളിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന കേസിൽ പ്രതികൾ കുറ്റക്കാരല്ലെന്ന് കണ്ട് മൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് വെറുതെ വിട്ടയച്ചു. 2017 മാർച്ച് 12 ന് വൈകുന്നേരം ആറര മണിയോടെ വെള്ളാട് പള്ളിക്കവലയിലെ ഇറിഗേഷൻ പാലത്തിന് മുകളിൽ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം. വെള്ളാട്ടെ വൽസന്റെ മകൻ പി.അനൂപ് (26) ആണ് പാലത്തിൽ നിന്ന് വീണ് ചികിത്സക്കിടയിൽ മരണപ്പെട്ടത്.
വെള്ളാട്ടെ കൊയിലേരിയൻ ശ്രീജേഷ് രാജ് (27), പള്ളിക്കവലയിലെ പച്ചെത്തര നിധിൻ ബാലകൃഷ്ണൻ ( 26 ) എന്നിവരായിരുന്നു കേസിലെ പ്രതികൾ. ഇത് സംബന്ധിച്ച് 2017 മാർച്ച് 18 നാണ് ആലക്കോട് പൊലീസിൽ പരാതി നൽകിയത്. ആദ്യം മംഗളൂരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തിയ ശേഷം അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ചികിത്സ തുടരവെ 2017 ഏപ്രിൽ 24 നാണ് അനൂപ് മരിച്ചത്. വെള്ളാട്ടെ സി.പി.അരുൺ കുമാറിന്റെ പരാതി പ്രകാരമാണ് പൊലീസ് കേസ്. പ്രതികൾക്ക് വേണ്ടി അഡ്വ. വിനോദ് കുമാറാണ് ഹാജരായത്.