1
പനത്തടി റിസർവ് വന്നതിനുള്ളിൽ നിന്ന് പിടിയിലായ നാരായണൻ, നിഷാന്ത്, മഹേഷ്‌ എന്നീ നായാട്ട് സംഘം ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഒപ്പം

പാണത്തൂർ: കർണാടക അതിർത്തിയോട് ചേർന്ന പനത്തടി റിസർവ്വ് വനത്തിൽ നായാട്ടിന് എത്തിയ സംഘത്തിലെ മൂന്ന് പേരെ വനപാലകർ പിടികൂടി. മൂന്ന് പേർ ഓടി രക്ഷപ്പെട്ടു. ഇവർക്കായി തെരച്ചിൽ നടക്കുകയാണ്. രണ്ട് കള്ളത്തോക്കും ആറ് തിരകളും സംഘത്തിൽ നിന്ന് പിടിച്ചെടുത്തു. കോളിച്ചാൽ പ്രാന്തർ കാവിലെ നാരായണൻ ( 45 ), കർണാടക കരിക്കെ പഞ്ചായത്തിലെ എള്ളു കൊച്ചി സ്വദേശികളായ നിഷാന്ത് ( 38), മഹേഷ് ( 30 ) എന്നിവരെയാണ് പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി. സേസ്സപ്പയുടെ നേതൃത്വത്തിൽ ബുധനാഴ്ച നടന്ന പ്രത്യേക പരിശോധനയ്ക്കിടെ പിടികൂടിയത്.

പനത്തടി റിസർവ് വനത്തിൽ പ്ലാന്റേഷൻ കോർപ്പറേഷന് പാട്ടത്തിന് നൽകിയ സ്ഥലത്തു നിന്നും 11.45 മണിയോടെയാണ് സംഘം പിടിയിലായത്. ഒരു ബൈക്കും ഒരു സ്കൂട്ടറും ഇവരിൽ നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാടൻ കുഴൽ തോക്ക് ആണ് കൈയിൽ ഉണ്ടായിരുന്നത്. തലേന്ന് രാത്രി കാട്ടിനുള്ളിൽ കയറിയ സംഘത്തിന് മൃഗങ്ങളെ വേട്ടയാടാൻ കഴിഞ്ഞിട്ടില്ലെന്നാണ് വനപാലകർ പറഞ്ഞത്. സെക്ഷൻ ബിറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എം.പി.അഭിജിത്ത്, വി.വിനീത്, മഞ്ജുഷ, വിമൽരാജ്. വാച്ചർമാരായ ശരത് , സെൽജോ, രതീഷ് എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

പിടിയിലാകുന്നത് അഞ്ചാമത്തെ നായാട്ടു സംഘം

കാഞ്ഞങ്ങാട് റേഞ്ച് പനത്തടി ഫോറസ്റ്റ് സെക്ഷന്റെ ക്ലീൻ പനത്തടി ഓപ്പറേഷൻ പരമ്പരകളുടെ ഭാഗമായി അഞ്ചാമത്തെ നായാട്ട് സംഘത്തെയാണ് ഇന്നലെ പനത്തടി റിസർവ് വനത്തിൽ നിന്നും പിടികൂടിയത്. ജില്ലയിൽ പുതിയതായി നിയമിച്ച 45 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെ ഉൾപ്പെടുത്തി പട്രോളിംഗ് ശക്തിപ്പെടുത്തിയിരുന്നു. മലയാളികളുടെ സഹായത്തോടെ കേരള കാട്ടിനുള്ളിൽ നിന്നും മൃഗങ്ങളെ വേട്ടയാടുന്ന ഉന്നതർ ഈ ഭാഗത്തുണ്ട്. തോക്കുകൾ അവർ തന്നയച്ചതാണെന്ന് പിടിയിലായവർ പറഞ്ഞിട്ടുണ്ട്. ഉന്നതർക്ക് ഇതിൽ പങ്കുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. വരുംദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എ.പി ശ്രീജിത്ത് പറഞ്ഞു.