ജില്ലയിൽ അങ്കണവാടി ജീവനക്കാർ 5000
കണ്ണൂർ:ശമ്പളം മരവിപ്പിച്ചുകൊണ്ടുള്ള ധനവകുപ്പിന്റെ ഉത്തരവിൽ ജില്ലയിലെ അങ്കണവാടി ജീവനക്കാർ പ്രതിസന്ധിയിൽ. ജില്ലയിൽ 2504 അങ്കണവാടികളിലായി രണ്ട് ജീവനക്കാർ വീതമാണ് ഉള്ളത്.ഇവിടങ്ങളിൽ ജോലി ചെയ്യുന്ന അയ്യായിരത്തോളം വരുന്ന ജീവനക്കാരാണ് ആശങ്കയിൽ. ഒന്നാം തീയതി മുതൽ ആർക്കും ശമ്പളം ലഭിക്കില്ലെന്ന സ്ഥിതിയാണ് നിലവിൽ.സംസ്ഥാന വിഹിതം ഇനിയൊരു നിർദേശം ലഭിക്കുന്നത് വരെ നൽകേണ്ടതില്ലെന്നാണ് ഉത്തരവ്. കാരണം വ്യക്തമാക്കാതെയാണ് ട്രഷറി ഡയറക്ടറുടെ ഉത്തരവ്.
എല്ലാ ജില്ലാ, സബ് ട്രഷറി ഓഫീസർമാർക്കുമായി നൽകിയ ഉത്തരവിലാണ് നടപടി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സാലറി ക്ലെയിം ശീർഷകത്തിൽ സമർപ്പിക്കുന്ന ബില്ലുകൾ പാസാക്കി നൽകാൻ പാടില്ലെന്നാണ് സബ് ട്രഷറി ഡയറക്ടറുടെ നിർദേശം. എല്ലാ ട്രഷറി ഓഫീസർമാരും നിർദേശം കൃത്യമായി പാലിക്കണമെന്നും ഉത്തരവിലുണ്ട്. ധനവകുപ്പിന്റെ നടപടിയിൽ പ്രതിഷേധവുമായി സി.ഐ.ടി.യു ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്. ധനവകുപ്പിനോട് വിശദീകരണം ആവശ്യപ്പെട്ട് അംഗനവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ കത്ത് നൽകി. തുച്ഛമായ ശമ്പളം മരവിപ്പിക്കുന്ന ഉത്തരവിൽ വ്യക്തത വരുത്തണമെന്നും വിശദീകരണം വേണമെന്നും ധനവകുപ്പിന് നൽകിയ കത്തിൽ സി.ഐ.ടിയു ആവശ്യപ്പെട്ടിട്ടുണ്ട്. അംഗനവാടി ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനമെടുത്ത പശ്ചാത്തലത്തിൽ കൂടിയാണ് ധനവകുപ്പിന്റെ നടപടി.
നൽകുന്നത് തുച്ഛമായ ശമ്പളം ;കൃത്യതയുമില്ല
അങ്കണവാടി വർക്കർക്ക് 12,000 രൂപയും ഹെൽപ്പർക്ക് 8,000 രൂപയുമാണ് ആറു വർഷമായി ലഭിക്കുന്ന ഓണറേറിയം.
പത്ത് വർഷം സർവീസുള്ള വർക്കർക്ക് 1,000 രൂപയും ഹെൽപ്പർക്ക് 500 രൂപയും കൂട്ടിനൽകുമെന്നായിരുന്നു ബജറ്റ് പ്രഖ്യാപനം. വർക്കർമാർക്ക് 2,500 രൂപയും ഹെൽപ്പർമാർക്ക് 1,500 രൂപയുമാണ് പെൻഷൻ നൽകുന്നത്.ആകെ കിട്ടുന്ന ഈ ചെറിയ തുകയാണ് പലർക്കും മരുന്നിനും ഭക്ഷണത്തിനുമുള്ള ആശ്രയം.
ഓണറേറിയം കൃത്യമായി ലഭിക്കാത്തത് ഉൾപ്പെടെ നിരന്തരമായ അവഗണന നേരിട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് ധനകാര്യ വകുപ്പിന്റെ പുതിയ ഉത്തരവ്. മാസങ്ങൾ കൂടുമ്പോൾ ആണ് ബില്ലുകൾ മാറി ജീവനക്കാർക്ക് ശമ്പളം നൽകുന്നത്.പേരിന് മാത്രമുള്ള ടി.എയും രണ്ട് വർഷത്തോളമായി മുടങ്ങിയിരിക്കുകയാണ്.
ക്ഷേമനിധി പിരിച്ചെടുക്കുന്നുണ്ട്
ആനുകൂല്യത്തിന് കാക്കണം
വർക്കർമാരിൽനിന്ന് 500 രൂപയും ഹെൽപ്പർമാരിൽനിന്ന് 250 രൂപയുമാണ് ക്ഷേമനിധിവിഹിതമായി മാസംതോറും ഈടാക്കുന്നത്. 33115 അങ്കണവാടികളിലായുള്ള ജീവനക്കാരിൽനിന്ന് മാസം 25 കോടിയോളം രൂപയാണ് ക്ഷേമനിധിയിലേക്കെത്തുന്നത്.പക്ഷെ 10,000 രൂപ ക്ഷേമനിധി ആനുകൂല്യം കിട്ടാൻ കഴിഞ്ഞ വർഷം വിരമിച്ച ജീവനക്കാർ ഒരു വർഷത്തോളമായി കാത്തിരിപ്പിലാണ്.
വർദ്ധിപ്പിച്ച ടി.എയുമില്ല
സാമൂഹികനീതിവകുപ്പിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയുമടക്കം ഒട്ടേറെ സർവേകളുടെയും പരിപാടികളുടേയുമെല്ലാം ചുമതല ഇവർക്കുമുണ്ട്. ഇത്തരം ആവശ്യങ്ങൾക്കായുള്ള യാത്രകൾക്കും മറ്റും സ്വന്തം കൈയിൽനിന്നാണ് പണം ചെലവിടുന്നതെന്ന് ജീവനക്കാർ പറഞ്ഞു. 250 രൂപ വീതം നൽകിയിരുന്ന ടി.എ 2022 ഫെബ്രുവരി മുതലാണ് കിട്ടാതായത്. കഴിഞ്ഞവർഷം ഈ തുക 350 ആയി വർദ്ധിപ്പിച്ചുവെങ്കിലും ഇതുവരെ കൈയ്യിൽ കിട്ടിയിട്ടില്ല.
ധനവകുപ്പിന്റെ തീരുമാനം ഏറെ പ്രസിസന്ധിലാക്കുന്നതാണ്.നിരന്തരമായ അവഗണനയാണ് അങ്കണവാടി ജീവനക്കാരോട് സർക്കാർ കാണിക്കുന്നത്.ഉത്തരവ് പിൻവലിക്കണം.
പി.ഷീബ,അങ്കണവാടി വർക്കർ