police
ദുരന്ത നിവാരണ ഉപകരണങ്ങളുടെ ജില്ലാതല പരിശോധന പൊലീസ് മേധാവി എം. ഹേമലത നിർവ്വഹിക്കുന്നു

തളിപ്പറമ്പ്: കാലവർഷക്കാലത്തെ പ്രകൃതിക്ഷോഭം നേരിടുന്നതിനായി കണ്ണൂർ റൂറൽ പൊലീസ് സജ്ജമായി. ജില്ലയിലെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലേക്കുമുള്ള ദുരന്ത നിവാരണ ഉപകരണങ്ങൾ വിതരണം ചെയ്തു. ഉപകരണങ്ങളുടെ ജില്ലാ തല പരിശോധന പൊലീസ് മേധാവി എം. ഹേമലത റൂറൽ ജില്ലാ ആസ്ഥാനത്ത് നിർവഹിച്ചു.

പ്രകൃതി ദുരന്തങ്ങൾ നേരിടുന്നതിനായി പൊലീസിനെ കൂടി ഉപയോഗപ്പടുത്തുന്നതിന്റെ ഭാഗമായിട്ടാണ് അതിനൂതനങ്ങളായ ജീവൻരക്ഷാ ഉപകരണങ്ങൾ റൂറൽ ജില്ലയിലെ എല്ലാ പൊലീസ് സ്‌റ്റേഷനുകളിലേക്കും എത്തിക്കുന്നത്. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ അഗ്നിശമനസേനയേയോ ദുരന്തനിവാരണ സേനകളേയോ കാത്തുനിൽക്കാതെ പൊതുജനങ്ങളുമായി സഹകരിച്ച് പൊലീസ് തന്നെ രംഗത്തിറങ്ങണമെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ദുരന്തങ്ങളുടെ ആഘാതം പരമാവധി കുറച്ച് പൊതുജനങ്ങളെ സഹായിക്കുക എന്നതാണ് പൊലീസ് ഇതുവഴി ഉദ്ദേശിക്കുന്നത്. കാലവർഷത്തിന്റെ തുടക്കത്തിൽ തന്നെ കെടുതികൾ ഉണ്ടായ സാഹചര്യത്തിലാണ് വളരെ പെട്ടെന്നുതന്നെ റൂറൽ പൊലീസ് ജില്ലയിൽ പ്രകൃതിക്ഷോഭം നേരിടാൻ ശ്രമം ആരംഭിച്ചിരിക്കുന്നത്.

സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി എൻ.ഒ. സിബി, നാർകോട്ടിക് സെൽ ഡിവൈ.എസ്.പി പ്രേംജിത്ത്, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സജീവ്കുമാർ എന്നിവരും മറ്റ് നിരവധി പൊലീസ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.