കാസർകോട്: ആരോഗ്യകരമായ ഗാർഹികാന്തരീക്ഷം ഉറപ്പാക്കാൻ വാർഡ്തല ബോധവത്ക്കണം ശക്തിപ്പെടുത്തുമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കാസർകോട് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷൻ അദ്ധ്യക്ഷ. സിറ്റിംഗിൽ ഏഴ് പരാതികൾ തീർപ്പാക്കി. മൂന്ന് പരാതികളിൽ പൊലീസിൽ നിന്ന് റിപ്പോർട്ട് തേടി. 23 പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവച്ചു. ആകെ 33 പരാതികളാണ് പരിഗണിച്ചത്. വനിതാ കമ്മിഷൻ അംഗം അഡ്വ. പി.കുഞ്ഞായിഷ, അഡ്വ. പി.സിന്ധു, ഫാമിലി കൗൺസലർ രമ്യ ശ്രീനിവാസൻ, വനിതാസെൽ സർക്കിൾ ഇൻസ്‌പെക്ടർ വി.സീത, ഡബ്ല്യു.സി.പി.ഒ കെ.സി.ഷീമ എന്നിവർ പങ്കെടുത്തു.