മാഹി: അശാസ്ത്രീയമായി ഒറ്റയടിക്ക് യാതൊരു തയ്യാറെടുപ്പുമില്ലാതെ മാഹിയിലെ സർക്കാർ വിദ്യാലയങ്ങളിൽ സി.ബി.എസ്.ഇ. പാഠ്യപദ്ധതി നടപ്പിലാക്കിയത് വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും ഒരുപോലെ ആശങ്കയിലാക്കി. 2023-24 അദ്ധ്യയന വർഷത്തിൽ ഒറ്റയടിക്കാണ് ആറ് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിൽ അദ്ധ്യാപകർക്ക് പഠന പരിശീലനം പോലും നൽകാതെ മാഹിയിലെ സർക്കാർ വിദ്യാലയങ്ങളിൽ മാത്രം ഇത് നടപ്പിലാക്കിയത്. സാധാരണഗതിയിൽ ക്രമാനുഗതമായിട്ടാണ് പുതിയ വിദ്യാഭ്യാസ പദ്ധതികൾ നടപ്പിലാക്കുക. മദിരാശി സർവകലാശാലക്ക് കീഴിലുള്ള മെട്രിക്കുലേഷൻ പഠന രീതിയും പിന്നീട് ഫ്രഞ്ച് പഠന രീതിയും നിലനിന്നിരുന്ന മയ്യഴിയിൽ 1966 ലാണ് കേരള പാഠ്യപദ്ധതി നടപ്പിലാക്കപ്പെട്ടത്. സ്വന്തം ഭാഷയും സംസ്‌ക്കാരവും ഉൾക്കൊള്ളുന്ന കേരളത്തിലെ പഠനരീതി വേണമെന്ന പൊതുവായ ആവശ്യത്തെ മുൻനിർത്തി കേരള സർക്കാറുമായി പുതുച്ചേരി വിദ്യാഭ്യാസ വകുപ്പുണ്ടാക്കിയ കരാർ പ്രകാരമാണ് ഈ സമ്പ്രദായം മയ്യഴിയിൽ നടപ്പിലാക്കപ്പെട്ടത്.1969 ലാണ് ആദ്യ എസ്.എസ്.എൽ.സി ബാച്ച് പരീക്ഷയെഴുതിയത്.
ഒറ്റയടിക്ക് സി.ബി.സി.ഇ പാഠ്യപദ്ധതി ഏർപ്പെടുത്തിയപ്പോൾ പുതിയ പഠനരീതിക്കുതകുന്ന അദ്ധ്യാപക ശാക്തീകരണമോ, പൊതുജനബോധവൽക്കരണമോ നടന്നിട്ടില്ല. പ്രീപ്രൈമറി തലം മുതൽ ഹയർസെക്കൻഡറി വരെയുള്ള എല്ലാ മേഖലകളിലും രൂക്ഷമായ അദ്ധ്യാപക ക്ഷാമം നിലനിൽക്കുകയാണ്. അദ്ധ്യാപകർക്കായി അപേക്ഷ ക്ഷണിച്ചെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല.
ഘടനാപരമായ ആവശ്യകതകളും അദ്ധ്യയനസംവിധാനങ്ങളും അവധിക്കാലവും സമൂലമായി
മാറുന്ന പ്രകൃതത്തിൽ തന്നെ വ്യത്യസ്തത പുലർത്തുന്ന പുതിയ പഠന രീതി, സാധരണക്കാരായ കുട്ടികൾക്ക് സ്വാംശീകരിക്കാനും പ്രയാസം. സ്ഥിരമായ വിദ്യാഭ്യാസ മേലദ്ധ്യക്ഷനില്ലാത്ത, സ്‌കൂൾ മേൽനോട്ടം തന്നെ പ്രയാസകരമായ ഒരു വ്യവസ്ഥയിൽ, സി.ബി.എസ്.ഇ പാഠ്യപദ്ധതി കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ്.

പ്രൊഫഷണൽ പഠനത്തിന് സംവരണം നഷ്ടമാകും
സ്റ്റേറ്റ് ബോർഡ് പഠന സമ്പ്രദായമായത് കൊണ്ടാണ് മാഹിക്ക് മാത്രമായ റീജ്യണൽ റിസർവേഷൻ എം.ബി.ബി.എസ് / എൻജിനീയറിംഗ് എന്നിവയ്ക്ക് ലഭിക്കുന്നത്. അത് എടുത്തുകളായാനാണ് സാദ്ധ്യത.
പ്രൊഫഷണൽ വിദ്യാഭ്യാസ സീറ്റുകൾ ലഭിക്കാൻ ഹയർ സെക്കൻഡറി പരീക്ഷയുടെ മാർക്ക് കൂടി പരിഗണിക്കുന്നുണ്ട്. പുതുച്ചേരിയിലെ വിദ്യാലയങ്ങളിലെ കുട്ടികളോട് ഇപ്പോഴും മാർക്ക് കൊണ്ട് കിടപിടിച്ചു നിൽക്കാൻ മാഹിക്ക് കഴിഞ്ഞിരുന്നു. ഇനി അത് കഴിയില്ല. നിരന്തര പരിശീലനവും, കൈപുസ്തകവുമാണ് (അദ്ധ്യാപകർക്ക് നൽകുന്നത്) ഇതുവരെ അദ്ധ്യാപകരെ സഹായിച്ച ഘടകങ്ങൾ. ഇപ്പോൾ പുതുച്ചേരിയിൽ വെച്ചു പരിമിതമായി നൽകുന്ന പരിശീലനം കൊണ്ട് ഗുണവുമില്ല അദ്ധ്യാപക സഹായിയുമില്ല.

മാഹിയിൽ സർക്കാർ ഹയർസെക്കൻഡറി- സെക്കൻ‌ഡറി വിദ്യാലയങ്ങൾ 16

സ്വകാര്യ വിദ്യാലയങ്ങൾ 15

സ്വകാര്യ വിദ്യാലയങ്ങളിലെവിടേയും സി.ബി.എസ്.ഇ. നടപ്പിലാക്കിയിട്ടില്ല.

വർഷങ്ങളായി മയ്യഴി വിദ്യാഭ്യാസമേഖലക്ക് എസ്.എസ്.എൽ.സി.ക്ക് ന്യൂറ് ശതമാനമാണ് ജയം


ഒരു സി.ബി.എസ്.ഇ. വിദ്യാലയത്തിന് ചുരുങ്ങിയത് നാല്ഏക്ര സ്ഥലമെങ്കിലും വേണം. വിശാലമായ കളിസ്ഥലവും മറ്റ് ഭൗതിക സൗകര്യങ്ങളുമെല്ലാം വേണം. ഇതൊന്നും ഇവിടെയില്ല. ആരോടും ആലോചിക്കാതെ ഒരു സുപ്രഭാതത്തിൽ സി.ബി.എസ്.ഇ. നടപ്പിലാക്കിയത് കുട്ടികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കും. എം.പി.ശിവദാസ്, മാഹി മേഖല സംയുക്ത അദ്ധ്യാപക- രക്ഷാകർതൃ സമിതി മുൻ പ്രസിഡന്റ്