hepatitis
ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സി.സച്ചിന്റെ നേതൃത്വത്തിലുള്ള ജില്ലാ ടീം സ്ഥലം സന്ദർശിക്കുന്നു

ചപ്പാരപ്പടവ്: പഞ്ചായത്തിൽ മഞ്ഞപ്പിത്ത (ഹെപ്പറ്റൈറ്റിസ് എ) കേസുകൾ വർദ്ധിക്കുന്നതിൽ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. കഴിഞ്ഞ വർഷം 50ൽ അധികം മഞ്ഞപ്പിത്ത കേസുകളും രണ്ട് മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള പ്രദേശമാണ് ചപ്പാരപ്പടവ് പഞ്ചായത്ത്. ഈ വർഷം ജില്ലയിൽ പരിയാരം, തൃപ്പങ്ങോട്ടൂർ, മാലൂർ എന്നീ പ്രദേശങ്ങളിലാണ് മഞ്ഞപ്പിത്ത ഔട്ട് ബ്രേക്കുകൾ ആയി റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നത്. ഈ ഔട്ട്‌ബ്രേക്കുകളും മറ്റ് ഒറ്റപ്പെട്ട കേസുകളും കൂടി ജില്ലയിൽ ഈ വർഷം ഇതുവരെ 150 ഓളം മഞ്ഞപ്പിത്ത കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ ഔട്‌ബ്രേക് റിപ്പോർട്ട് ചെയ്ത പരിയാരത്ത് ഒരു കാവിലെ ഉത്സവസ്ഥലത്ത് നിന്ന് ഐസ്‌ക്രീം കഴിച്ചതുമായി ബന്ധപ്പെട്ടാണ് കുറച്ചു കേസുകൾ ഉണ്ടായിരുന്നത്. ചപ്പാരപ്പടവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന പുതിയ ഒമ്പത് മഞ്ഞപ്പിത്ത കേസുകൾ അഞ്ചാം വാർഡ് പ്രദേശത്താണ്.
പ്രദേശത്തെ കിണറുകൾ ക്ലോറിനേറ്റ് ചെയ്യുകയും ബോധവൽക്കരണം നടത്തുകയും ചെയ്തു. മൈക്ക് അനൗൺസ്‌മെന്റ് നടത്തി. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.സി.സച്ചിന്റെ നേതൃത്വത്തിലുള്ള ജില്ലാ ടീം സ്ഥലം സന്ദർശിച്ചു.

മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ)​

മലിനമായ ജലം കുടിക്കുകയോ പാചകത്തിന് ഉപയോഗിക്കുകയോ ചെയ്യുന്നത് വഴി പകരുന്ന അസുഖമാണ് മഞ്ഞപ്പിത്തം അഥവാ ഹെപ്പറ്റൈറ്റിസ് എ. ഇത് വൈറസ് പരത്തുന്ന ഒരു അസുഖമാണ്. അസുഖബാധിതരായിട്ടുള്ള രോഗികളുടെ മലത്തിൽ കൂടി ആണ് വൈറസ് പുറത്തേക്ക് വരുന്നത്. ഈ മലം ഏതെങ്കിലും സാഹചര്യത്തിൽ കുടിവെള്ളവുമായി കലരുകയും ആ വെള്ളം തിളപ്പിക്കാതെ പാചകം ചെയ്യാൻ ഉപയോഗിക്കുകയും ചെയ്യുമ്പോൾ വൈറസ് മറ്റു ആൾക്കാരുടെ ശരീരത്തിൽ പ്രവേശിക്കാൻ ഇടയാകും.

വൈറസ് ശരീരത്തിൽ പ്രവേശിച്ച് 21 ദിവസം മുതൽ 45 ദിവസത്തിന് ഉള്ളിലാണ് ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നത്.

ലക്ഷണങ്ങൾ

ചെറിയ പനി, ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, ഛർദ്ദി എന്നിവയാണ് പ്രാരംഭത്തിൽ കാണുന്ന ലക്ഷണങ്ങൾ. പിന്നീട് മഞ്ഞപ്പിത്തത്തോടനുബന്ധിച്ച് ശരീരത്തിലെ ബിലുറബിന്റെ അളവ് വർദ്ധിക്കുകയും കണ്ണിന്റെ വെള്ള, ത്വക്ക്, മൂത്രം എന്നിവയ്ക്ക് കടുത്ത മഞ്ഞനിറം അനുഭവപ്പെടുകയും ചെയ്യുന്നു. മഞ്ഞപ്പിത്തത്തിന്റെ തോത് കൂടുന്തോറും ലിവർ എൻസൈമുകളും ശരീരത്തിൽ വർദ്ധിക്കും. മഞ്ഞപ്പിത്തം കൂടുതൽ മാരമകമാവുകയാണെങ്കിൽ അത് തലച്ചോറിനെയും കരളിനെയും ബാധിക്കാം. ഈ രണ്ട് കാരണങ്ങൾ കൊണ്ടും മരണം വരെ സംഭവിക്കാറുണ്ട്. രോഗിക്ക് തുടർച്ചയായ വിശ്രമം ആവശ്യമാണ്. ധാരാളമായി വെള്ളം കുടിക്കുകയും ഭക്ഷണം കഴിക്കുകയും വേണം.

വേണ്ടത് കരുതൽ

തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക

ജലസ്രോതസ്സുകൾ ക്ലോറിനേഷൻ ചെയ്യുക

ഐസ് ഉപയോഗിച്ച് പാനീയങ്ങൾ ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കണം

ഫ്രിഡ്ജിൽ വയ്ക്കുന്ന തണുത്ത വെള്ളം തിളപ്പിച്ചാറിയതായിരിക്കണം

മഞ്ഞപ്പിത്ത ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ വൈദ്യസഹായം തേടുക