ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി -വളയംകോട് റോഡിന്റെ പുനർനിർമ്മാണം മൂന്നാമത്തെ വർഷവും നടക്കാതെ വന്നതോടെ പ്രതിഷേധവുമായി ഓട്ടോറിക്ഷ തൊഴിലാളികളും നാട്ടുകാരും. കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷൻ, പി.എച്ച്.സി ഉൾപ്പെടെ സ്ഥിതിചെയ്യുന്ന റോഡിന്റെ 200 മീറ്റർ ദൂരം മഴ ആരംഭിച്ചാൽ വെള്ളക്കെട്ട് രൂപപ്പെട്ട് റോഡ് കുണ്ടും കുഴിയുമായി യാത്രാ ദുരിതം നേരിടുകയാണ്.
റോഡിൽ വെള്ളം കെട്ടിനിന്ന് സമീപത്തെ വീടുകളുടെ കാർപോർച്ച് ഉൾപ്പെടെ വെള്ളം കയറുന്ന സാഹചര്യം. കരിക്കോട്ടകരിയിൽ നിന്നും ആറളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരുന്ന വഴികൂടി ആണിത്. സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ മഴ ആരംഭിച്ചതോടെ റോഡ് വീണ്ടും ചെളിക്കുളമായിരിക്കുകയാണ്. കാൽനട യാത്രക്കാരും ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷയും ഏറെ ദുരിതത്തിലായി. പൊലീസ് സ്റ്റേഷൻ, പി.എച്ച്.സി തുടങ്ങിയ സ്ഥലത്തേക്ക് എത്തുന്നവരാണ് വലയുന്നത്. അടിയന്തരമായി റോഡ് ശരിയാക്കിയില്ലെങ്കിൽ റോഡ് ഉപരോധം അടക്കമുള്ള സമരപരിപാടിയിലേക്ക് നീങ്ങുമെന്നുമാണ് ഓട്ടോറിക്ഷ തൊഴിലാളികൾ പറയുന്നത്.
ഓവുചാലുണ്ട്, വെള്ളം ഒഴുകില്ല
അശാസ്ത്രീയമായി നിർമ്മിച്ച ഓവുചാലിലൂടെ വെള്ളം ഒഴുകാതെ കെട്ടിനിൽക്കുന്നതാണ് നിലവിലെ പ്രശ്നത്തിന് കാരണം. ഓവുചാൽ നിർമ്മാണ സമയത്തുതന്നെ നാട്ടുകാർ അപാകത ചൂണ്ടികാണിച്ചെങ്കിലും ഉദ്യോഗസ്ഥരും കോൺട്രാക്ടറും അഗീകരിക്കാതെ ഓവുചാൽ നിർമ്മിക്കുക ആയിരുന്നു എന്നാണ് ആക്ഷേപം. കഴിഞ്ഞ വർഷവും കൊറവേസ്റ്റ് ഇട്ട് താൽകാലികമായി റോഡിന്റെ വെള്ളക്കെട്ടിന് പരിഹാരം കണ്ടെങ്കിലും ഈ വർഷവും ഒരു മഴക്കുതന്നെ യാത്ര ദുർഘടമായി.