കയ്യൂർ: ആന്റി മൈക്രോബയൽ റെസിസ്റ്റൻസ് ആന്റി ബയോട്ടിക് സ്മാർട്ട് എഫ്.എച്ച്.സി ആവാൻ കയ്യൂർ കുടുംബാരോഗ്യകേന്ദ്രം. ആന്റി ബയോട്ടിക്കുകളുടെ അമിത ഉപയോഗവും ദുരുപയോഗവും കാരണം ഉണ്ടാകുന്ന അത്യാപത്തുകൾ നേരിടുന്നതിന് ആരോഗ്യ പ്രവർത്തകരെയും ജനങ്ങളെയും സജ്ജമാക്കുന്നതിന് നടപ്പിലാക്കുന്ന ആന്റി മൈക്രോബയൽ റസിസ്റ്റൻസ് (എ.എം.ആർ) പ്രോഗ്രാം മികച്ച രീതിയിൽ നടപ്പിലാക്കുകയാണ് കയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ.
രോഗികൾക്ക് ആന്റി ബയോട്ടിക് മരുന്നുകളെ വേർതിരിച്ചു മനസിലാക്കുന്നതിനായി നീല കളർ ഉള്ള പ്രത്യേക കവർ നൽകുകയും വീടുകളിൽ ഉപയോഗിക്കാതെ വരുന്ന ആന്റി ബയോട്ടിക് ഗുളികകൾ മണ്ണിലോ വെള്ളത്തിലോ വലിച്ചെറിയാതെ വീടുകളിലെ മറ്റു മാലിന്യങ്ങളുടെ കൂടെ നിക്ഷേപിക്കാതെ കയ്യൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ തയ്യാറാക്കിയിട്ടുള്ള പ്രത്യേക ബോക്സിൽ നിക്ഷേപിക്കാനും ശേഖരിക്കുന്നതിനുമുള്ള സംവിധാനങ്ങൾ ഒരുക്കി. ആന്റി ബയോട്ടിക്സ് മരുന്നുകളുടെ ദുരുപയോഗം മൂലമുണ്ടാകുന്ന അപകടങ്ങൾ മനസിലാക്കാനുള്ള വ്യത്യസ്തമായ ബോധവൽക്കരണ ബോർഡുകൾ ആശുപത്രിയിൽ സ്ഥാപിച്ചു.
പരിപാടികളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ശശിധരനും ഗ്രാമ പഞ്ചായത്തംഗം പി.ലീലയും നിർവഹിച്ചു. ചടങ്ങിൽ ജില്ല ആർദ്രം നോഡൽ ഓഫീസർ ഡോ.പി.വി.അരുൺ ആന്റി ബയോട്ടിക് പോളിസി പ്രകാശനം ചെയ്യുകയും എ.എം.ആറിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ച് സംസാരിക്കുകയും ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. ലിന്നി ജോയ് സ്വാഗതവും ഹെൽത്ത് ഇൻസ്‌പെക്ടർ കെ.രാജീവൻ നന്ദിയും പറഞ്ഞു.
കയ്യൂർ -ചീമേനി ഗ്രാമപഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും എ.എം.ആറിനെ കുറിച്ചുള്ള സമ്പൂർണ്ണ സാക്ഷരത നൽകുന്നതിനുള്ള വ്യത്യസ്ത ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് 'ആരോഗ്യ ഗ്രാമം ' പദ്ധതിയിലൂടെ വിഭാവനം ചെയ്തിട്ടുണ്ട്.
മെഡിക്കൽ ഓഫീസർ
പരിശീലനവും തുടരുന്നു
ലോകാരോഗ്യ സംഘടന പുറത്തിറക്കിയ ആന്റി ബയോട്ടിക് മരുന്നുകളുടെ വർഗ്ഗീകരണം ഉൾപ്പെടുത്തിയ ടേബിൾ ടോപ് ഐ.ഇ.സി കയ്യൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ നേരത്തെ തന്നെ തയ്യാറാക്കിയിരുന്നു. ജനപ്രതിനിധികൾ ആരോഗ്യ പ്രവർത്തകർ, വിവിധ ഡിപ്പാർട്ട്‌മെന്റ് തലവന്മാർ എന്നിവർക്കുള്ള പരിശീലനവും നടത്തിയിരുന്നു. ആന്റി ബയോട്ടിക് മരുന്നുകളുമായി നേരിട്ടും പരോക്ഷമായും ഇടപെടുന്ന ക്ഷീരകർഷകർ, കൃഷിക്കാർ, മത്സ്യകൃഷിക്കാർ, പ്രൈവറ്റ് ഹോസ്പിറ്റൽ ജീവനക്കാർ, മെഡിക്കൽ സ്റ്റോറുകളിലെ ഫാർമസിസ്റ്റുകൾ എന്നിവർക്ക് പരിശീലനം നൽകി വരുന്നു.