മാഹി: അശാസ്ത്രീയമായി ഒറ്റയടിക്ക് യാതൊരു തയ്യാറെടുപ്പുമില്ലാതെ മാഹിയിലെ സർക്കാർ വിദ്യാലയങ്ങളിൽ സി.ബി.എസ്.ഇ. പാഠ്യപദ്ധതി നടപ്പിലാക്കിയത് സർക്കാർ വിദ്യാലയങ്ങളിൽ കുട്ടികളുടെ കൊഴിഞ്ഞുപോക്കിനും കാരണമാകുന്നു. സിലബസിലെ കാഠിന്യം അറിഞ്ഞ് കുട്ടികൾ സർക്കാർ സ്‌കൂൾ വിടുകയാണെന്നാണ് പറയുന്നത്. കഴിവുള്ളവർ സ്വകാര്യ വിദ്യാലയങ്ങളിലേക്കും നീങ്ങുന്നു. ഇവിടെയുള്ള 15 സ്വകാര്യ വിദ്യാലയങ്ങളിൽ കേരള സിലബസ് എസ്.എസ്.എൽ.സി പിന്തുടരുന്നുണ്ട്.
മറ്റു കുട്ടികൾ മാഹിയുടെ അയൽപ്രദേശങ്ങളിലെ സ്‌കൂളുകളിലേക്കും ചേക്കറുന്നു. 2025ൽ സി.ബി.എസ്.ഇ. പൊതു പരീക്ഷയുടെ റിസൾട്ട് വന്നാലേ പുതിയ സമ്പ്രദായത്തിന്റെ ഗുണദോഷങ്ങൾ പറയാനാവൂ. എന്നിരുന്നാലും സി.ബി.എസ്.ഇ. സിലബസുള്ള സർക്കാർ വിദ്യാലയങ്ങളിൽ കുട്ടികൾ ഗണ്യമായി കുറഞ്ഞ് വരികയാണെന്നാണ് പറയുന്നത്. അവർ മയ്യഴിക്ക് ചുറ്റിലുമുള്ള കേരളീയ വിദ്യാലയങ്ങളിലേക്കും, മാഹിക്കകത്തെ സ്വകാര്യ വിദ്യാലയങ്ങളിലേക്കും കുട്ടികളെ മാറ്റിച്ചേർക്കുകയാണ്. മുമ്പ് 15,000 കുട്ടികൾ പഠിച്ചിരുന്ന സർക്കാർ വിദ്യാലയങ്ങളിൽ ഇപ്പോൾ കേവലം നാലായിരത്തിൽ താഴെകുട്ടികളാണ് പഠിക്കുന്നത്.
എന്തിനധികം മാഹി മേഖലയിലെ ബഹുഭൂരിപക്ഷം വരുന്ന അദ്ധ്യാപകരുടേയും സർക്കാർ ജീവനക്കാരുടേയും മക്കൾ, സർക്കാർ വിദ്യാലയങ്ങളിൽ പഠിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

പ്ലസ് വൺ ക്ലാസുകളിൽ തോൽക്കുന്നവർക്ക് പന്ത്രണ്ടാം ക്ലാസിൽ പ്രവേശനമില്ലാത്തത് കൊണ്ട് തോറ്റവർ കൊഴിഞ്ഞ് പോകും. റിസൾട്ട് നന്നാക്കാൻ ഇത്തരക്കാരെ ടി.സി. കൊടുത്തു പറഞ്ഞു വിടുന്നതായും കേൾക്കുന്നു.

ഭാഷയ്ക്ക് യാതൊരു പ്രാമുഖ്യവുമില്ല

എസ്.എസ്.എൽ.സിക്ക് ഹിന്ദി, മലയാളം, അറബിക് ഭാഷകൾ തിരഞ്ഞെടുക്കാം. ഇതിൽ ഹിന്ദി ഒഴിച്ച് മറ്റ് രണ്ട് പുസ്തകങ്ങളും കേരള സിലബസിലേതാണ്. ഇത് പുതുച്ചേരിക്കയച്ച് ചോദ്യപേപ്പർ തയ്യാറാക്കി വരണം. ഹിന്ദി ഇപ്പോൾ ആരും എടുക്കാത്ത സ്ഥിതിയാണ്. അദ്ധ്യാപകർ പോലും പഠിപ്പിക്കാൻ പാടുപെടുകയാണ്.
സി.ബി.എസ്.ഇയായതിനാൽ കടുകട്ടിയാണെന്ന് പറയുന്നു. ഹയർ സെക്കൻഡറി തലത്തിൽ
ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് എന്നിവക്ക് പുറമെ ഏതെങ്കിലും ഒരു ഭാഷയടക്കം അഞ്ച് വിഷയങ്ങളാണുള്ളത്. ഭാഷയില്ലെങ്കിൽ മറ്റൊരു വിഷയം കൂടി എടുത്താൽ മതി. ഭാഷക്ക് യാതൊരു പ്രാധാന്യവുമില്ല. മലയാളം സി.ബി.എസ്.ഇ അല്ല, കേരളത്തിന്റെ പുസ്തകമാണ് പഠിപ്പിക്കുന്നത്. എന്നാൽ പുതുച്ചേരിയിൽ തമിഴ് മാത്രവും. സംസ്ഥാനത്ത് സിലബസിൽ ഏകീകൃത രൂപവുമില്ല.

മാതൃഭാഷ പഠനത്തെ നിരുത്സാഹപ്പെടുത്തുന്നതാണ് പുതിയ പാഠ്യപദ്ധതി. തലതിരിഞ്ഞ ഈ സമീപനം നമ്മുടെ കുട്ടികളെ എങ്ങനെ ബാധിക്കുമെന്ന് അനുഭവിച്ചറിയേണ്ടിയിരിക്കുന്നു.

സി.എച്ച്. പ്രഭാകരൻ, (അദ്ധ്യാപക അവാർഡ് ജേതാവ്, വിദ്യാഭ്യാസ വിചക്ഷണൻ)