ഇരിട്ടി: ഭക്ഷ്യ സുരക്ഷാ കമ്മിഷൻ വെള്ളിയാഴ്ച ആറളം ഫാമിലെ വിവിധ മേഖലകളിൽ സന്ദർശനം നടത്തി. മേഖലയിലെ ആദിവാസി കുടുംബങ്ങളുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ കമ്മിഷൻ അംഗങ്ങൾ പുനരധിവാസ മേഖലയിലെ ജനങ്ങൾക്കായി സഞ്ചരിക്കുന്ന റേഷൻ കട പരിഗണിക്കുമെന്ന് ഉറപ്പു നൽകി. ഫാം പുനരധിവാസ മേഖലയിലെ പട്ടിക ജാതി- പട്ടിക വർഗ കുടുംബങ്ങൾക്ക് ഭക്ഷ്യ സുരക്ഷാ നിയമം പ്രകാരം ഗുണമേന്മയുള്ള ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നുണ്ടോയെന്നറിയുന്നതിനും, അങ്കണവാടി മുഖേന കുട്ടികൾക്കും അമ്മമാർക്കും ഗർഭിണികൾക്കും പോക്ഷകാഹരം ലഭിമാകുന്നുണ്ടോയെന്നറിയുന്നതിനും സ്‌കൂൾ മുഖാന്തരം വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണമേന്മ അറിയുന്നതിനും ഫാമിൽ നടത്തിയ സിറ്റിംഗിലാണ് കമ്മിഷൻ ഇക്കാര്യം അറിയിച്ചത്.

റേഷനിംഗ് ഇൻപെക്ടറുടേയോ അവർ ചുമതലപ്പെടുത്തുന്നവരുടേയോ സാന്നിദ്ധ്യത്തിൽ റേഷൻ കടയിലെ സാധനങ്ങൾ വാഹനത്തിൽ കൊണ്ടു പോയി വിതരണം ചെയ്യുന്നതിന് റേഷൻ കടയുടമയ്ക്ക് കമ്മിഷൻ അനുമതി നൽകി.
മാസത്തിൽ ലഭ്യമാകുന്ന 30 കിലോ അരിയിൽ 20 കിലോ പുഴുക്കലരിയും 10 കിലോ പച്ചരിയും എന്നത് 25 കിലോ പുഴുക്കലരിയും അഞ്ച് കിലോ പച്ചരിയുമാക്കി മാറ്റണമെന്ന പ്രദേശവാസികളുടെ ആവശ്യം പരിഗണിക്കണമെന്ന് കമ്മിഷൻ താലൂക്ക് സപ്ലൈ ഓഫീസർക്ക് നിർദ്ദേശം നൽകി. അരിയുടെ ലഭ്യത അനുസരിച്ച് അടുത്തമാസം മുതൽ ഇത് പരിഗണിക്കാമെന്ന് സപ്ലൈ ഓഫീസർ പ്രദേശവാസികളെ അറിയിച്ചു.

കമ്മിഷൻ ചെയർ പേഴ്‌സൺ അഡ്വ. പി.വസന്തം, അംഗങ്ങളായ അഡ്വ. സബീദ ബീഗം, വി.രമേശൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സിറ്റിംഗ്. ചെയർമാനും അംഗങ്ങളും റേഷൻ കടയിൽ പരിശോധന നടത്തുകയും മേഖലയിലെ വീടുകളും അങ്കണവാടികളും സന്ദർശിച്ചു. താലൂക്ക് സപ്ലെ ഓഫീസർ എം.സുനിൽകുമാർ, ടി.ആർ.ഡി.എം സൈറ്റ് മാനേജർ ഷൈജു, റേഷനിംഗ് ഇൻസ്‌പെക്ടർമാരായ എം.അനൂപ് കുമാർ, കെ.ഇ.ജഷിത്ത്, പി.ആർ.വിനോദ്കുമാർ, പി.വിനോദ്കുമാർ എന്നിവരും പങ്കെടുത്തു.

സർക്കാർ സഹായങ്ങൾ കിട്ടുന്നില്ല

കേന്ദ്ര സർക്കാരിന്റെ ജനനി സുരക്ഷാ പദ്ധതി പ്രകാരം ഗർഭിണികളായ അമ്മമാർക്ക് കേന്ദ്ര സർക്കാർ നൽകുന്ന 36000 രൂപയും സംസ്ഥാന സർക്കാർ നൽകുന്ന 5000 രൂപയുടെയും ധനസഹായം പലർക്കും കിട്ടിയിട്ടില്ലെന്ന് കമ്മീഷൻ കണ്ടെത്തി. 250 രൂപ വരെ മുടക്കി അഞ്ചു കിലോമീറ്ററിൽ കൂടുതൽ സഞ്ചരിച്ചാണ് റേഷൻ കടയിൽ പോയി അരി ഉൾപ്പെടെ വാങ്ങുന്നതെന്നും കാട്ടാന ശല്യവും ദൂരവും പ്രയാസം സൃഷ്ടിക്കുന്നതായും പ്രദേശവാസികൾ പരാതിപ്പെട്ടു. ഇത് പരിഹരിക്കുന്നതിന് സഞ്ചരിക്കുന്ന റേഷൻ കട പരിഗണിക്കാമെന്ന് കമ്മിഷൻ ഉറപ്പു നൽകി.

അങ്കണവാടികൾ വഴി ലഭിക്കേണ്ട ആനുകൂല്യങ്ങൾ ട്രൈബൽ പ്രമോട്ടർമാരും അങ്കണവാടി വർക്കർമാരും ഉറപ്പാക്കണം.

സ്‌കൂളിൽ നിന്നും കുട്ടികൾക്ക് നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരവും വൃത്തിയും ഉറപ്പാക്കാൻ അമ്മമാർ സ്‌കൂളിൽ എത്തി കുട്ടികൾക്കൊപ്പം ഭക്ഷണം കഴിക്കണം