ചെറുവത്തൂർ: ചുഴലിക്കാറ്റിൽ മേൽക്കൂര പാറിപ്പോയി, വീട് തകർന്ന് ദുരിതത്തിലായ മുണ്ടക്കണ്ടത്തെ കാട്ടാമ്പള്ളി ശകുന്തളയും കുടുംബവും ഇനി പുതിയ വീട്ടിൽ അന്തിയുറങ്ങും. വീട് തകർന്നിട്ടും സർക്കാർ സഹായമില്ലാത്തതിനാൽ ഈ കുടുംബം അനുഭവിക്കുന്ന ദുരിത കഥ ഒന്നര വർഷം മുമ്പ് 'കേരള കൗമുദി' പുറത്തുകൊണ്ടു വന്നിരുന്നു. വീടില്ലാത്തതിനാൽ അയൽ വീട്ടുകാരുടെയും മുണ്ടക്കണ്ടത്തെ കാരുണ്യ പ്രവർത്തകരുടെയും സഹായത്തോടെ കഴിഞ്ഞു വന്നിരുന്ന കുടുംബത്തിന് കൈത്താങ്ങായത് സി.പി.എം ചെറുവത്തൂർ ലോക്കൽ കമ്മറ്റിയാണ്.
കയറി കിടക്കാൻ ഇടമില്ലാത്തവരെ ഭവനങ്ങൾ നിർമ്മിച്ച് നൽകി സഹായിക്കണമെന്ന സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശം പാലിച്ച് എട്ടു ലക്ഷം രൂപ ചിലവിലാണ് വീട് പൂർത്തീകരിച്ചത്. 29ന് രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ വീടിന്റെ താക്കോൽ കൈമാറും. എം. രാജഗോപാലൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
വീട് നിർമ്മിച്ചു നൽകുന്നതിനായി 2022 ഒക്ടോബർ നാലിന് കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയിരുന്നു. 2023 ഡിസമ്പറിൽ പൂർത്തീകരിച്ച് നൽകാനാണ് ലക്ഷ്യമിട്ടതെങ്കിലും പലവിധ കാരണങ്ങളാൽ ധനസമാഹരണം മുടങ്ങിയതിനാലാണ് നീണ്ടുപോയതെന്ന് ലോക്കൽ സെക്രട്ടറി കെ. നാരായണൻ പറഞ്ഞു. രണ്ട് ബെഡ് റൂം, അടുക്കള. ഹാൾ, വരാന്ത അടക്കമുള്ള നല്ല സൗകര്യമുള്ള വീടാണ് പണിതത്.
2022 മേയ് 21ന് സന്ധ്യക്കുണ്ടായ ശക്തമായ കാറ്റിലാണ് ശകുന്തളയുടെ വീട് തകർന്നത്. പിന്നീട് മാസങ്ങളോളം മഴയും വെയിലും കൊണ്ട് വീടിന്റെ ചുമരും വാതിലുകളും നിശ്ശേഷം പൊളിഞ്ഞു വീണു. സമീപത്തെ വാടക വീട്ടിലായിരുന്നു പിന്നീട് കഴിഞ്ഞിരുന്നത്. ഗൃഹനാഥൻ പി.വി ശശിക്ക് കിഡ്നി സംബന്ധമായ അസുഖം ബാധിച്ചതിനാൽ തൊഴിൽ എടുക്കുന്നത് മുടങ്ങി.
തൊഴിലുറപ്പിന് പോയിട്ടായിരുന്നു ശകുന്തള മൂന്ന് പെൺമക്കളുള്ള കുടുംബം പോറ്റിയിരുന്നത്. ഭർത്താവിന്റെ അസുഖത്തിനുള്ള ചികിത്സാ ബാധ്യതയ്ക്കിടെ ആണ് വീടും തകർന്നത്. അതോടെ കുടുംബം തീർത്തും ദുരിതത്തിലാവുകയിരുന്നു