കാസർകോട്: കല്ല്യോട്ടെ കൊലപാതക കേസിലെ പതിമൂന്നാം പ്രതിയുടെ മകന്റെ വിവാഹ സത്കാര ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തതിന്റെ പേരിലുണ്ടായ വിവാദം അന്വേഷിക്കാൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ നിയോഗിച്ച അന്വേഷണ കമ്മീഷൻ 29ന് കാസർകോട് എത്തും. അന്വേഷണ സമിതിയിലെ അംഗങ്ങളായ രാഷ്ട്രീയകാര്യ സമിതി അംഗം എൻ. സുബ്രഹ്മണ്യനും അഡ്വ. പി.എം നിയാസും ഡി.സി.സി ഓഫീസിൽ ആയിരിക്കും തെളിവെടുപ്പ് നടത്തുക.
കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയും സി.പി.എം നേതാവുമായ ബാലകൃഷ്ണന്റെ മകന്റെ വിവാഹ സത്കാരം നടന്ന പെരിയ കല്ല്യോട്ട് റോഡിലെ ഓഡിറ്റോറിയത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുകയും ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തതോടെയാണ് കാസർകോട് കോൺഗ്രസിനുള്ളിൽ വിവാദം തലപൊക്കിയത്. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ കാസർകോട് ഡി.സി.സി നേതൃത്വം കോൺഗ്രസിന്റെ പെരിയ മണ്ഡലം പ്രസിഡന്റ് പ്രമോദ് പെരിയയെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനുപിന്നാലെ കോൺഗ്രസിന്റെ മറ്റു നേതാക്കളും വിവാഹ സത്കാരത്തിൽ പങ്കെടുത്തു എന്ന ആരോപണം ഉയർന്നത് കോൺഗ്രസിനെ വെട്ടിലാക്കി. വിവാഹ സത്കാരത്തിൽ പങ്കെടുത്തവർ ലോക്‌സഭ തിരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാനും ശ്രമിച്ചിട്ടുണ്ടാകുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി പരസ്യമായി പ്രതികരിക്കുകയും ചെയ്തു. ഇതിനുപിന്നാലെ കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ രാജ്മോഹൻ ഉണ്ണിത്താനെ വിമർശിച്ച് ഫേയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടത് വിവാദം കടുപ്പിച്ചു. കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ ഇടപെട്ടതിനെ തുടർന്ന് ഫേയ്സ്ബുക്ക് പോസ്റ്റുകൾ പിൻവലിച്ചെങ്കിലും വിഷയം കോൺഗ്രസ് നേതൃത്വത്തിനുള്ളിൽ ഇപ്പോഴും പുകയുകയാണ്.