രാമന്തളി: കുന്നത്തെരു -കുന്നരു -പാലക്കോട് -എട്ടിക്കുളം 13 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് പൂർണമായി ടാറിംഗ് നടത്തിയിട്ടു വർഷം 20 കഴിഞ്ഞുവെന്നാണ് നാട്ടുകാർ പറയുന്നത്. രാമന്തളി പഞ്ചായത്തിൽ മറ്റ് പൊതുമരാമത്ത് റോഡുകളെല്ലാം മെക്കാഡം ടാറിംഗ് ചെയ്തെങ്കിലും ഈ റോഡിനെ മാത്രം മാറ്റിനിറുത്തിയിരിക്കുകയാണ്.
10 വർഷം മുൻപ് കേബിൾ സ്ഥാപിക്കാൻ കുഴിച്ച റോഡിലെ കുഴി പോലും മൂടാതെ കിടക്കുന്നു. തീരദേശ ഹൈവേയുടെ പേരിലാണ് ഈ റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതത്രെ. തീരദേശ ഹൈവേയുടെ നടപടി പൂർത്തിയാക്കി പണി തുടങ്ങാൻ ഒന്നോ രണ്ടോ വർഷം വേണം. അതുവരെ വാഹനങ്ങൾ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ പോകണോയെന്നാണ് നാട്ടുകാരുടെ ചോദ്യം.

കുന്നത്തെരു മുതൽ പാലക്കോട് വരെ റോഡാണ് തീരദേശ ഹൈവേയിൽ ഉൾപ്പെട്ടിട്ടുള്ളത്. 2018 ഡിസംബർ 11ന് കുന്നത്തെരു മുതൽ കാരന്താട് വരെയുള്ള റോഡ് ഏഴിലോട് റോഡിൽ ഉൾപ്പെടുത്തി മെക്കാഡം ടാറിംഗ് നടത്താനായി ഉദ്ഘാടനം ചെയ്തതായിരുന്നു. തൊട്ടുപിറകെയാണ് കുന്നത്തെരു മുതൽ കാരന്താട് വരെയുള്ള ഭാഗം തീരദേശ ഹൈവേയിൽ ഉൾപ്പെടുത്തി വിജ്ഞാപനം വന്നത്.

അതോടെ ആ ഭാഗം മെക്കാഡം ടാറിംഗിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. 2019 മുതൽ തീരദേശ ഹൈവേ വികസനത്തിനായി കാത്തിരിക്കുകയാണ് റോഡ്. തീരദേശ റോഡിനായി ഭൂമി ഏറ്റെടുക്കാൻ ഇനി ഒന്നര വർഷമെങ്കിലും വേണം. അതു കഴിഞ്ഞ് ടെൻഡർ നടപടി പൂർത്തിയാക്കി പണി തുടങ്ങണമെങ്കിൽ പിന്നെയുമെടുക്കും സമയം.

എട്ടിക്കുളം – പാലക്കോട് റോഡിൽ വാഹനങ്ങളേറെയുണ്ട്

എട്ടിക്കുളം – പാലക്കോട് നാല് കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡ് വർഷങ്ങളായി അറ്റകുറ്റപ്പണി പോലും നടത്താത്തതിനാൽ തീർത്തും ഗതാഗത യോഗ്യമല്ലാതായിരിക്കുകയാണ്. കണ്ണൂർ, പയ്യന്നൂർ ഭാഗങ്ങളിലേക്ക് 25ലേറെ ബസുകളും ഒട്ടേറെ വിദ്യാലയങ്ങളിലേക്കുള്ള സ്‌കൂൾ ബസുകളും നിരവധി സ്വകാര്യ വാഹനങ്ങളും കടന്നുപോകുന്നതാണ് റോഡ്. പരിസരങ്ങളിലുള്ള റോഡുകളെല്ലാം മെക്കാഡം ടാർ ചെയ്ത് മെച്ചപ്പെടുത്തിയെങ്കിലും ഈ റോഡിൽ വാർഷിക അറ്റകുറ്റപ്പണികൾ പോലും ഇല്ലാതായിട്ട് വർഷങ്ങൾ ഏറെയായി. ഏഴിമല നാവിക അക്കാഡമിയുടെ കണ്ണൂർ ഗേറ്റിലേക്കുള്ള വാഹനങ്ങളും ഇതുവഴിയാണ് കടന്നുപോകുന്നത്. എട്ടിക്കുളം ബീച്ചിലെത്തുന്ന വിനോദസഞ്ചാരികളുടെ യാത്രയ്ക്കും റോഡിന്റെ ശോച്യാവസ്ഥ പ്രയാസം സൃഷ്ടിക്കുന്നു.

മുസ്ലിം ലീഗ് നിവേദനം നൽകി

പയ്യന്നൂർ: എട്ടിക്കുളം – പാലക്കോട് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് എട്ടിക്കുളം ശാഖാ കമ്മിറ്റി പൊതുമരാമത്ത് വകുപ്പ് മാടായി സെക് ഷൻ അധികൃതർക്ക് നിവേദനം നൽകി. ശാഖാ ലീഗ് പ്രസിഡന്റ് എ.ഒ.പി.ഹമീദ്, ജനറൽ സെക്രട്ടറി വി.വി.ഉമ്മർ, ജോ.സെക്രട്ടറി മീത്തൽ കാദർ, പഞ്ചായത്ത് ലീഗ് ജോ.സെക്രട്ടറി ടി.പി.സഈദ്, മോണങ്ങാട്ട് അബൂബക്കർ എന്നിവരാണ് നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്.