കാസർകോട്: പടന്നക്കാട് തീരദേശ മേഖലയിലെ പത്തു വയസ്സുകാരിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വർണ്ണകമ്മലുകൾ മോഷ്ടിച്ച കേസിലെ പ്രതി പി.എ സലീമിന്റെ ഡി.എൻ.എ പരിശോധന നടത്താൻ അന്വേഷണസംഘം തീരുമാനിച്ചു. ആന്ധ്രയിൽ നിന്ന് അറസ്റ്റുചെയ്ത പ്രതി സലീമിനെ ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ച റിമാൻഡ് ചെയ്തിരിക്കുകയാണ്.
ഡി.എൻ.എ പരിശോധന നടത്തുന്നതിനായി പ്രതി സലീമിന്റെ രക്തവും മുടിയും കെമിക്കൽ ലാബിലേക്ക് അയക്കും. ഇതിനായി സാമ്പിളുകൾ ശേഖരിക്കാൻ റിമാൻഡ് ചെയ്ത കോടതിയുടെ അനുമതി തേടി അന്വേഷണസംഘം ഇന്ന് അപേക്ഷ നൽകും. പീഡനത്തിന് ഇരയായ 10 വയസ്സുകാരിയുടെ രക്തത്തിന്റെ സാമ്പിളുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കൃത്യം നടത്തിയത് പ്രതി സലീം ആണെന്ന് ഉറപ്പിക്കാനാണ് അന്വേഷണസംഘം ഡി.എൻ.എ ടെസ്റ്റ് നടത്താൻ അനുമതി തേടുന്നത്.
അതിനിടെ കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതി സലീമിനെ കസ്റ്റഡിയിൽ വിട്ടു കിട്ടുന്നതിനായി പ്രത്യേക അന്വേഷണസംഘം തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകും. അഞ്ചുദിവസത്തെ കസ്റ്റഡിയിൽ വിട്ടു കിട്ടുന്നതിനാണ് അപേക്ഷ നൽകുക. കൂടുതൽ പെൺകുട്ടികളെ പീഡിപ്പിച്ച കേസുകളിലെ പ്രതിയായ സലീം നിരവധി മോഷണ കേസുകളിലും പ്രതിയായിട്ടുണ്ട്. സമാന കേസുകളിൽ പ്രതിയായ സലീമിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെടും.
പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണസംഘം ഊർജ്ജിതമായ ശ്രമം നടത്തുന്നത്.