കണ്ണൂർ: കോർപ്പറേഷൻ 2022-23 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടുമായി ബന്ധപ്പെട്ട ചർച്ചക്കായി വിളിച്ചുചേർത്ത അടിയന്തര കൗൺസിൽ യോഗത്തിൽ ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനമുയർത്തി കൗൺസിൽ അംഗങ്ങൾ. കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് നടത്തിയ ഓഡിറ്റിംഗിൽ കണ്ടെത്തിയ അപാകതകളുമായി ബന്ധപ്പെട്ട് മറുപടി രേഖാമൂലം നൽകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ തീർത്തും അനാസ്ഥയാണ് കാണിച്ചതെന്ന് ഭരണപക്ഷ കൗൺസിലമാർ ചൂണ്ടിക്കാട്ടി.
ഭരണസമിതിക്കെതിരെ ചൂണ്ടിക്കാണിക്കാൻ കഴിയുന്ന പലതും റിപ്പോർട്ടിൽ ഉണ്ടെന്ന സി.പി.എമ്മിലെ പി.കെ അൻവറിന്റെ പരാമർശം യോഗത്തിൽ ബഹളമുണ്ടാക്കി. ഭരണസമിതി അംഗങ്ങൾ കോർപ്പറേഷൻ പ്രവർത്തനങ്ങളിൽ കൃത്യമായ ഇടപെടലുകൾ നടത്തി എന്നാണ് ഓഡിറ്റ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നതെന്നും അതിൽ ഭരണ -പ്രതിപക്ഷം എന്നൊന്നില്ല. അതിനാൽ ഭരണസമിതിയുടെ നേട്ടങ്ങൾ എല്ലാവർക്കും അർഹതപ്പെട്ടതാണെന്നും മേയർ മുസ്ലിഹ് മഠത്തിൽ മറുപടി നൽകി. ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് ജൂൺ 15നകം മറുപടി വാങ്ങാനും അതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി.
ദൈവത്താർകണ്ടി ഗവ. യു.പി സ്‌കൂളിന് സ്വന്തമായി കെട്ടിടം നിർമ്മിക്കാൻ സർക്കാരിനോട് ഫണ്ട് ആവശ്യപ്പെടാനും യോഗത്തിൽ അഭിപ്രായമുണ്ടായി. സ്വകാര്യ സ്ഥലത്ത് പ്രവർത്തിക്കുന്ന സ്‌കൂൾ നിലവിൽ അവിടെ നിന്നും മാറ്റേണ്ട അവസ്ഥയിലാണ്. താൽക്കാലികമായി പയ്യാമ്പലം ടൗൺ ഗേൾസ് ഹൈസ്‌ക്കൂളിലേക്ക് പ്രവർത്തനം മാറ്റും. പുതിയ സ്ഥലം കണ്ടെത്തി സ്‌കൂൾ നിർമ്മിക്കാൻ ആവശ്യമായ കാര്യങ്ങൾ വകുപ്പ് മന്ത്രിയുമായി സംസാരിക്കാനും യോഗത്തിൽ തീരുമാനിച്ചു. ഡെപ്യൂട്ടി മേയർ പി.ഇന്ദിര, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, പി.വി.ജയസൂര്യൻ, കെ.പ്രദീപൻ, കെ.എം.സാബിറ എന്നിവർ സംസാരിച്ചു.
അഴിമതിയിൽ നടപടി വൈകുന്നു
ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യം നീക്കം ചെയ്യുന്നതിൽ വകുപ്പുതല അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് ജീവനക്കാർക്കെതിരെ നടപടി വൈകുന്നതും യോഗത്തിൽ ചർച്ചയായി. മുൻകൂർ അനുമതിയുടെ മറവിൽ വൻ അഴിമതിയാണ് മാലിന്യത്തിന്റെ പേരിൽ നടക്കുന്നതെന്ന് പി.കെ.അൻവർ ആരോപിച്ചു. പത്ത് വർഷം മുമ്പ് വന്ന റിപ്പോർട്ട് മൂടിവച്ച സംഭവത്തിൽ നടപടി വേണമെന്ന് ഭരണ -പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. അടുത്ത കൗൺസിൽ യോഗത്തിൽ റിപ്പോർട്ട് നൽകാൻ മേയർ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
ഓഡിറ്റിംഗിൽ കണ്ടെത്തിയ അപാകതകളുമായി ബന്ധപ്പെട്ട് ഒന്നോ രണ്ടോ ഉദ്യാഗസ്ഥർ മാത്രമാണ് കൃത്യമായ മറുപടി നൽകിയത്. ബാക്കിയുള്ള ഉദ്യോഗസ്ഥർ വളരെ ലാഘവത്തോടെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്തത്.
ടി.ഒ.മോഹനൻ, യു.ഡി.എഫ് കൗൺസിലർ
കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നേരത്തെ നടപടി എടുക്കണമായിരുന്നു. അത് മറ്റുള്ളവരോട് ചർച്ച ചെയ്ത് തീരുമാനമെടുക്കേണ്ടാതായിരുന്നു.
ടി. രവീന്ദ്രൻ, എൽ.ഡി.എഫ് കൗൺസിൽ
തിരഞ്ഞെടുപ്പ് തിരക്ക് കാരണമാണ് കൃത്യസമയത്ത് മറുപടി നൽകാൻ വൈകിയത്. മടിയിൽ കനമില്ലാത്തത് കൊണ്ടാണ് ഓഡിറ്റിംഗ് നടത്തിയത്.
മുസ്ലീഹ് മഠത്തിൽ, മേയർ