കണ്ണൂർ: ഇതര സംസ്ഥാന ബോട്ടുകൾ ജൂൺ ഒമ്പതിന് മുമ്പായി ജില്ലയിലെ തീരം വിട്ടുപോയില്ലെങ്കിൽ ബോട്ട് ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തീരുമാനം. ജില്ലയിലെ ട്രോളിംഗ് നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിനായി എ.ഡി.എം കെ.നവീൻ ബാബുവിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.
ജില്ലയിലെ ട്രോളിംഗ് നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിനായി ഈ മേഖലയുമായി ബന്ധപ്പെട്ട ജില്ലയിലെ ജന പ്രതിനിധികൾ, ഉദ്യോഗസ്ഥർ, മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവരുടെ യോഗമാണ് എ.ഡി.എമ്മിന്റെ അദ്ധ്യക്ഷതയിൽ ചേർന്നത്.
ജൂൺ ഒമ്പത് വൈകുന്നേരത്തോടെ ട്രോളിംഗ് ബോട്ടുകളെല്ലാം കടലിൽ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ടെന്ന് മറൈൻ എൻഫോഴ്സ്‌മെന്റും കോസ്റ്റൽ പൊലീസും ഉറപ്പാക്കുമെന്ന് യോഗത്തിൽ പൊലീസ് അധികാരികൾ അറിയിച്ചു. ട്രോളിംഗ് നിരോധന കാലയളവിൽ കടലിൽ പോകുന്ന മത്സ്യ തൊഴിലാളികൾ ക്യൂ ആർ എനേബ്ൾഡ് ആധാർ കാർഡ്, ലൈഫ് ജാക്കറ്റ് നിർബന്ധമായും കരുതണം. തട്ടുമടി ഉൾപ്പെടെയുള്ള പരമ്പരാഗത വള്ളങ്ങൾ ലൈറ്റ് ഫിഷിംഗും, ജുവനൈൽ ഫിഷിംഗും നടത്തുന്നത് കർശനമായി തടയും. അത്തരം അശാസ്ത്രീയ മത്സ്യബന്ധനത്തിൽ നിന്നും മത്സ്യ തൊഴിലാളികൾ പിൻമാറണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സി.കെ ഷൈനി യോഗത്തിൽ ആവശ്യപ്പെട്ടു. നിരോധന കാലയളവിൽ ഹാർബറുകളിലെ ഡീസൽ ബങ്കുകൾ അടച്ചു പൂട്ടും. ഇൻബോർഡ് വള്ളങ്ങൾക്ക് ഡീസൽ ലഭ്യമാക്കുന്നതിന് തിരഞ്ഞെടുത്ത മത്സ്യഫെഡ് ബങ്കുകൾ പ്രവർത്തിക്കുന്നതിന് അനുവദിക്കും.
രക്ഷാ പ്രവർത്തനത്തിന് മുന്നൊരുക്കം
കടൽ രക്ഷാ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് നിലവിലുള്ള ലൈഫ് ഗാർഡുമാർക്ക് പുറമെ നാല് പേരെ നിരോധനകാലയളവിലേക്ക് തിരഞ്ഞെടുക്കുന്നതിന് നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഗോവയിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ 81 സ്‌കിൽഡ് മത്സ്യ തൊഴിലാളികളുടെ സേവനവും ലഭ്യമാണ്. അടിയന്തര സാഹചര്യം വന്നാൽ നേവിയുടെ ഹെലികോപ്റ്റർ സേവനം ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
ഈ വർഷത്തെ ട്രോളിംഗ് നിരോധനം ജൂൺ ഒമ്പത് അർദ്ധരാത്രി 12 മണി മുതൽ ജൂലായ് 31 അർദ്ധരാത്രി 12 വരെ 52 ദിവസം.
ജൂൺ ഒമ്പത് വൈകുന്നേരത്തോടെ ട്രോളിംഗ് ബോട്ടുകളെല്ലാം കടലിൽ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ടെന്ന് ഉറപ്പാക്കും
പരമ്പരാഗത വള്ളങ്ങൾ ലൈറ്റ് ഫിഷിംഗും, ജുവനൈൽ ഫിഷിംഗും നടത്തുന്നത് കർശനമായി തടയും.
ഇതര സംസ്ഥാന ബോട്ടുകൾ ട്രോളിംഗ് നിരോധന സമയത്ത് ജില്ലയിൽ പ്രവേശിക്കുന്നത് തടയുന്നതിനാവശ്യമായ കർശന നടപടി സ്വീകരിക്കും. മത്സ്യ ബന്ധനത്തിന് പോകുന്നവർ ഔദ്യോഗികമായിട്ടുള്ള കാലാവസ്ഥ മുന്നറിയിപ്പുകൾ ഗൗരവമായി എടുക്കേണ്ടതാണ്. മറൈൻ എൻഫോഴ്സ്‌മെന്റ്, കോസ്റ്റൽ പൊലീസ്, കോസ്റ്റ് ഗാർഡ്, ഫിഷറീസ് വകുപ്പ് എന്നിവർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കണം.
എ.ഡി.എം