irumbu
മെഡിക്കൽ കോളേജ് പരിസരത്തെ ഇരുമ്പ് മാലിന്യങ്ങൾ

പരിയാരം: എല്ലാവിധ മാലിന്യങ്ങളുടേയും സംഭരണ കേന്ദ്രമായി പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ക്യാമ്പസ്. മഴക്കാലത്തിന് മുമ്പായി ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും മാലിന്യ നിർമ്മാർജനത്തിനായി സജീവമാകുമ്പോഴാണ് മെഡിക്കൽ കോളേജ് മാലിന്യങ്ങളുടെ കൂമ്പാരമായി മാറുന്നത്.

ആയിരക്കണക്കിന് പ്ലാസ്റ്റിക് കന്നാസുകളും ഇരുമ്പ്‌, മെഡിക്കൽ, ഇ മാലിന്യങ്ങളും മെഡിക്കൽ കോളേജ് ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളിലായി കൂട്ടിയിട്ടിരിക്കുകയാണ്. അവസാനമില്ലാതെ നടന്നുവരുന്ന നവീകരണ പ്രവൃത്തികളെ തുടർന്നാണ് ക്യാമ്പസ് ഇത്രമേറെ മലിനമായത്. 25 വർഷത്തോളം പഴക്കമുള്ള ആശുപത്രി ഉപകരണങ്ങളും സാധന സാമഗ്രികളും അഴിച്ചെടുത്ത് കോളേജ് കെട്ടിടത്തിന് സമീപം തന്നെ തള്ളിയിരിക്കുകയാണ്. ഇതിന് സമീപം കുറ്റിക്കാടുകൾ പടർന്നുകയറിയതോടെ കാഴ്ച മറഞ്ഞ് അവിടെ തന്നെ കുന്നുകൂടുന്നു. ഇവ യഥാസമയം നീക്കം ചെയ്യാനോ ലേലം ചെയ്തുവിൽക്കാനോ പ്രവൃത്തി കരാറെടുത്തവരോ മെഡിക്കൽ കോളേജ് അധികൃതരോ തയ്യാറാകുന്നില്ല.

പഴയ കട്ടിലുകൾ, കിടക്കകൾ, ക്ലോസെറ്റുകൾ എന്നിവയെല്ലാം തന്നെ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ഇവ നീക്കം ചെയ്യാനുള്ള ഉത്തരവാദിത്വം കരാറുകാരനാണെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ പറയുന്നത്. എന്നാൽ ഉത്തരേന്ത്യക്കാരായ കരാറുകാർ ഫോൺ പോലും എടുക്കാൻ തയ്യാറാകുന്നില്ലെന്നും ഇവർ പറയുന്നു. ഒരു ആശുപത്രിയിൽ ഉണ്ടാകുന്ന മാലിന്യം മുഴുവൻ കെട്ടിടത്തിന് ചുറ്റിലുമായി കൂട്ടിയിട്ട കാഴ്ച ഞെട്ടിപ്പിക്കുന്നതാണ്.

മഞ്ഞപ്പിത്തം, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾ ബാധിച്ച് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വർദ്ധിച്ചു വരുന്ന ഇക്കാലത്ത് പരിസരം മലിനമാക്കി നിലനിർത്തുന്നതിന്റെ പേരിൽ മെഡിക്കൽ കോളേജ് അധികൃതർ വിമർശിക്കപ്പെടുകയാണ്.

5000 പിഴ കിട്ടി

അടുത്തിടെ മാലിന്യ നിർമ്മാർജ്ജനം നടത്തുന്നതിൽ അലംഭാവം കാണിച്ചതിന് ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് 5000 രൂപ മെഡിക്കൽ കോളേജിന് പിഴയിട്ടിരുന്നു. കോൺക്രീറ്റ് അവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ജൈവ -അജൈവ മാലിന്യങ്ങൾ എന്നിവ തരംതിരിക്കാതെ ക്യാമ്പസിൽ പലയിടത്തായി കൂട്ടിയിട്ട് അശാസ്ത്രീയമായി കൈകാര്യം ചെയ്തതിനാണ് പഞ്ചായത്തീരാജ് നിയമപ്രകാരം പിഴ ചുമത്തിയത്.

നേരത്തെ കിട്ടി നോട്ടീസ്

ഒരു ഭാഗത്ത് ട്രീറ്റ്‌മെന്റ് പ്ലാന്റിൽ നിന്നും മനുഷ്യമലം ഉൾപ്പെടെ റോഡിലേക്ക് ഒഴുക്കിവിടുന്ന അധികൃതർ ജനങ്ങളെ വെല്ലുവിളിച്ച് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ അലക്ഷ്യമായി കൂട്ടിയിടുകയും കത്തിക്കുകയും ചെയ്യുന്നതിനെതിരെ ശക്തമായ ജനരോഷമാണ് ഉയരുന്നത്. നേരത്തെ കടന്നപ്പള്ളി -പാണപ്പുഴ പഞ്ചായത്ത് അധികൃതരും മാലിന്യ നിർമ്മാർജനം യഥാവിധി നടപ്പിലാക്കാത്തതിന് മെഡിക്കൽ കോളേജിന് നോട്ടീസ് നൽകിയിരുന്നു.

110 ഏക്കർ ഭൂമി സ്വന്തമായി ഉണ്ടെങ്കിലും ശാസ്ത്രീയമായ മാലിന്യ നിർമ്മാർജ്ജന പദ്ധതികളൊന്നും തന്നെ മെഡിക്കൽ കോളേജിൽ നടപ്പിലാക്കിയിട്ടില്ല. പ്ലാസ്റ്റിക്ക് ഉൾപ്പെടെ രാത്രികാലങ്ങളിൽ ആരും കാണാതെ കത്തിച്ചാണ് ഇവിടെ മാലിന്യ നിർമ്മാർജ്ജനം നടപ്പിലാക്കുന്നത്.

പരിസ്ഥിതി സംഘടനയായ മലബാർ അസോസിയേഷൻ ഫോർ നാച്വർ (മാൻ)