കാഞ്ഞങ്ങാട് : പടന്നക്കാട്ടെ സി.കെ. നായർ ആർട്സ് ആൻഡ് മാനേജ്‌മെന്റ് കോളേജിന് മുന്നിൽ സ്ഥാപിക്കുന്നതിനായി നാലടി ഉയരമുള്ള ധ്യാനബുദ്ധ ശില്പം പൂർത്തിയാവുന്നു. വെങ്കല നിറത്തിൽ നിർമ്മിച്ച ഫൈബർ ശില്പം മൂന്നു മാസമെടുത്താണ് നിർമ്മാണം പൂർത്തിയാക്കിയത്.
കോളേജ് അങ്കണത്തിൽ, ഉദ്യാനത്തിന് നടുവിലായി മൂന്നടി ഉയരത്തിൽ തീർത്ത ചെങ്കൽ പീഠത്തിന് മുകളിലാണ് ശില്പം സ്ഥാപിക്കുന്നത്.വിദേശ രാജ്യങ്ങളിലടക്കം നിരവധി ശില്പങ്ങൾ ചെയ്ത് ശ്രദ്ധേയനായ യുവശില്പി ചിത്രൻ കുഞ്ഞിമംഗലം ആണ് ബുദ്ധശില്പം നിർമ്മിക്കുന്നത്.ശില്പ ചിത്രകലാരംഗത്ത് നിരവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ ചിത്രൻ, കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്‌ക്കൂളിൽ ചിത്രകലാ അദ്ധ്യാപകനാണ്. കെ.വി.കിഷോർ , സുദർശൻ, കെ.ചിത്ര എന്നിവർ ശില്പനിർമ്മാണത്തിൽ സഹായികളായി.സി കെ.നായർ കോളേജ് പ്രിൻസിപ്പൽ പ്രൊഫ.വി.വി.പുരുഷോത്തമനും കോളേജിലെ അദ്ധ്യാപകരായ ധനീഷ്, പ്രഫുൽ പ്രഭാകർ എന്നിവരും ചിത്രന്റെ പണിപ്പുരയിൽ എത്തി ശില്പനിർമ്മാണം വിലയിരുത്തി. ബുദ്ധശില്പം ജൂൺ പകുതിയോടെ കോളേജിന് മുന്നിൽ സ്ഥാപിക്കും .