തളിപ്പറമ്പ്: ദേശീയപാത വികസനത്തിന്റെ പേരിൽ പുളിമ്പറമ്പ്, മാന്ധംകുണ്ട് പ്രദേശങ്ങളിൽ ചെളിക്കുളമായ റോഡിൽ വാഹനാപകടങ്ങൾ തുടർക്കഥയായി. കഴിഞ്ഞദിവസം രണ്ട് ബൈക്കുകൾ റോഡിലെ ചെളിയിൽ തെന്നിമറിഞ്ഞ് നാലുപേർക്ക് പരിക്കേറ്റു. ഹൈവേ പള്ളിക്ക് മുന്നിലൂടെ പുളിമ്പറമ്പിലേക്കുള്ള റോഡിൽ മാന്ധംകുണ്ട് ഭാഗത്താണ് കാൽനട യാത്ര പോലും ദുസഹമാകുംവിധം ചെളികെട്ടി റോഡ് ഇല്ലാതായത്. മാന്ധംകുണ്ടിലേക്കുള്ള ഇറക്കത്തിനും പുളിമ്പറമ്പിലേക്കുള്ള കയറ്റത്തിനുമിടയിലുള്ള ഈ റോഡിലൂടെ ഇരുചക്രവാഹനങ്ങൾക്ക് യാത്ര പൂർണമായും അസാദ്ധ്യമാകുകയാണ്. സ്‌കൂട്ടറുകൾ ഉൾപ്പെടെയുള്ളവ ബ്രേക്കിൽ തൊടുംമുമ്പ് തെന്നിപ്പോകും വിധമാണ് ഇപ്പോൾ റോഡുള്ളത്.
കഴിഞ്ഞ വർഷവും ഇവിടെ റോഡ് ചെളിക്കുളമായിരുന്നു. നാട്ടുകാരിറങ്ങി വൃത്തിയാക്കിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർദ്ദിഷ്ട ബൈപ്പാസ് പാളയാട് -മാന്ധംകുണ്ട് റോഡിന് കുറുകെയാണ് കടന്നുപോകുന്നത്. കുപ്പം- കണികുന്ന് വഴി കീഴാറ്റൂരിലേക്കുള്ള ബൈപ്പാസിന്റെ നിർമ്മാണ കരാർ മേഘ കൺസ്ട്രക്ഷൻസ് കമ്പനിയാണ് നടത്തുന്നത്. കണികുന്ന് വളവിലെ റോഡ് ബൈപ്പാസ് നിർമ്മാണത്തിനായി മുറിക്കാനും തുടങ്ങിയതോടെ ഈ ഭാഗത്തുകൂടിയുള്ള യാത്ര പൂർണമായും അവതാളത്തിലാകും. നിർമ്മാണ കമ്പനിയുടെ ഭാരവാഹനങ്ങളുടെ നിരന്തരമായ പോക്കും വരവും കാരണമാണ് റോഡ് പ്രധാനമായും തകർന്നത്.
ശോച്യാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാൻ നഗരസഭയുടെ മുൻകൈയിൽ ടാറിംഗിന് വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ ഉൾപ്പെടെ ശ്രമം തുടങ്ങിയെങ്കിലും പ്രവൃത്തി ഏറ്റെടുക്കാൻ കരാറുകാർ തയ്യാറാകുന്നില്ല. മേഘ കമ്പനിയുടെ പത്തും പതിനഞ്ചും ടൺ ഭാരം വരുന്ന വാഹനങ്ങൾ തലങ്ങും വിലങ്ങും പോകുന്ന റോഡ് ടാർ ചെയ്താൽ ബില്ല് മാറിക്കിട്ടും മുമ്പ് വീണ്ടും ടാറിംഗ് പൊട്ടുമെന്നത് കരാറുകാർക്ക് ഭാവിയിൽ തലവേദനയാകുമെന്നാണ് പറയുന്നത്. എന്നാൽ മേഘ കമ്പനിയോട് തന്നെ ഈ റോഡ് ടാർ ചെയ്ത് കൊടുക്കണമെന്ന ആവശ്യം അധികൃതർ പലവട്ടം ഒന്നയിച്ചുവെങ്കിലും അവർ തയ്യാറാകുന്നുമില്ല.
റോഡ് വികസന സ്വപ്നം പൊലിഞ്ഞു
പട്ടുവം റോഡ് ദേശീയപാതയിൽ അണ്ടർ പാസേജ് നിർമ്മാണത്തിനായി മുറിക്കുമ്പോൾ വാഹനങ്ങൾ പാളയാട് -മാന്ധംകുണ്ട് റോഡ് വഴി കടത്തിവിടാൻ ആലോചന നടന്നിരുന്നു. ഇങ്ങനെ വാഹനങ്ങൾ കടത്തിവിടാനായി റോഡ് നിർമ്മാണ കരാർ കമ്പനി വികസിപ്പിക്കാനും നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ, പാളയാട്- മാന്ധംകുണ്ട് റോഡ് വീതി കൂട്ടി വികസിപ്പിക്കുന്നതിലെ ചെലവ് പരിഗണിച്ച കരാർ കമ്പനി പട്ടുവം റോഡിൽ മുറിക്കേണ്ട ഭാഗത്ത് മാത്രം സമാന്തര റോഡ് നിർമ്മിച്ച് തലയൂരുകയാണുണ്ടായത്. ഇതോടെ റോഡ് വികസന സ്വപ്നവും പൊലിഞ്ഞു.
ദേശീയപാത തളിപ്പറമ്പ് നിർദ്ദിഷ്ട ബൈപ്പാസ് പാളയാട് -മാന്ധംകുണ്ട് റോഡിന് കുറുകെയാണ് കടന്നുപോകുന്നത്
നിർമ്മാണ കമ്പനി ഭാരവാഹനങ്ങളുടെ നിരന്തരമായ പോക്കും വരവും കാരണമാണ് റോഡ് പ്രധാനമായും തകർന്നത്
റോഡ് ടാർ ചെയ്ത് കൊടുക്കണമെന്ന ആവശ്യം അധികൃതർ പലവട്ടം ഒന്നയിച്ചുവെങ്കിലും കരാർ കമ്പനി തള്ളി