പഴയങ്ങാടി: പാപ്പിനിശ്ശേരി- പഴയങ്ങാടി കെ.എസ്.ടി.പി റോഡിലെ കുഴികൾ അടക്കൽ പ്രഹസനമായി മാറുന്നു. കണ്ണപുരം മുതൽ പഴയങ്ങാടി വരെയുള്ള ആയിരത്തിലധികം കുഴികളാണ് യാതൊരു മാനദണ്ഡവും പാലിക്കാതെ അടച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസം അടച്ച കുഴികൾ ഒരു മഴ പെയ്തതോടെ പൂർവ്വ സ്ഥിതിയിൽ തന്നെയായി. റോഡിലെ കുഴികൾ കാരണം അപകടങ്ങൾ വർദ്ധിക്കുന്നതായി പരാതികൾ ഏറെയാണ്. റോഡിലെ ചതിക്കുഴികളെ കുറിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കല്യാശ്ശേരി മണ്ഡലം എം.എൽ.എ എം.വിജിന്റെ നിർദ്ദേശപ്രകാരം റണ്ണിംഗ് കോൺട്രാക്ടിൽ ഉൾപ്പെടുത്തിയാണ് കുഴിയടക്കൽ നടക്കുന്നത്. കുഴിയിൽ ആവശ്യത്തിനുള്ള ജില്ലയും ടാറും ചേർക്കാതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ആണ് ശ്രമിക്കുന്നതെന്ന് വ്യാപക പരാതിയുണ്ട്. പൊതുമരാമത്ത് ഉദ്യോഗസ്ഥരും കരാറുകാരനും തമ്മിലുള്ള ഒത്തുകളിയാണ് നടക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.