ഇരിട്ടി: അയ്യൻകുന്ന്, ആറളം പഞ്ചായത്തുകളിലെ ജനവാസ മേഖലയായ എടപ്പുഴ -വാളത്തോട് മേഖലകളിൽ കഴിഞ്ഞദിവസങ്ങളിൽ ആനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. അയ്യൻകുന്ന് പഞ്ചായത്തിലെ വാളത്തോട് ഇമ്മാനുവൽ മങ്കംതാനത്തിന്റെ കൃഷിയിടത്തിലും ആറളം പഞ്ചായത്തിലെ എടപ്പുഴ കാപ്പുങ്കൽ സേവ്യറിന്റെ കൃഷിയിടത്തിലുമാണ് ആനകൂട്ടം കൃഷി നശിപ്പിച്ചത്. ശനിയാഴ്ച രാത്രിയിൽ എടപ്പുഴ കാപ്പുങ്കൽ സേവ്യറിന്റെ കൃഷിയിടത്തിൽ എത്തിയ ആനകൂട്ടം 50 ഓളം വാഴകളും മെഷീൻ പുരയും നശിപ്പിച്ചു. അയ്യൻകുന്ന് വനമേഖലയിൽ നിന്നും ഇറങ്ങിയ ആനക്കൂട്ടം നിരവധി വാഹനങ്ങൾ കടന്നുപോകുന്ന എടപ്പുഴ വാളത്തോട് റോഡ് മുറിച്ചുകടന്നാണ് പുരയിടത്തിൽ എത്തിയത്. ഞായറാഴ്ച രാത്രി വാളത്തോട് ഇമ്മാനുവൽ മങ്കംതാനത്തിന്റെ വീടിനോട് ചേർന്ന് കൃഷി ചെയ്തിരുന്ന 75 ഓളം ചുവട് കപ്പ ചവിട്ടി നശിപ്പിച്ചു. രാത്രി 10 മണിയോടെ ആയിരുന്നു സംഭവം. കുട്ടികളും വലുതുമടങ്ങുന്ന വലിയൊരു കൂട്ടം ആനകളാണ് ഇവിടെ ഇറങ്ങിയത്. പ്ലാവിൽ നിന്നും ചക്ക പറിക്കാൻ ശ്രമിച്ചെങ്കിലും ഉയരത്തിൽ ആയതുകൊണ്ട് കഴിഞ്ഞില്ല. അതിരിൽ സ്ഥാപിച്ച രണ്ട് കമ്പിവേലികൾ തകർത്താണ് ആന കൃഷിയിടത്തിൽ പ്രവേശിച്ചത്. വീടിനോട് ചേർന്ന കൃഷിയിടത്തിൽ ആന എത്തിയതാണ് വീട്ടുകാരെ ഭീതിയിൽ ആക്കുന്നത്. സമീപത്തുള്ള സുരക്ഷിതമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും ഇതോടെ ഭീതിയിലായി. കാട്ടാനകൾ കൃഷി നശിപ്പിച്ച പ്രദേശങ്ങൾ വനപാലകർ പരിശോധന നടത്തി. കൃഷി നാശം കണക്കാക്കി അക്ഷയ വഴി അപേക്ഷ സമർപ്പിക്കാൻ നിർദേശം നൽകി. ഇരിട്ടി ഡെപ്യൂട്ടി റേഞ്ചർ കെ.ജിജിലിന്റെ നിർദേശപ്രകാരം ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ.വി.സിജേഷ്, കെ.രാഹുൽ എന്നിവർ സ്ഥലത്തെത്തി. ആറളം ഫാമിൽ നിന്നും തുരത്തിയ ആനകൾ? എടപ്പുഴ വാളത്തോട് പ്രദേശങ്ങളിൽ കഴിഞ്ഞദിവസങ്ങളിൽ വ്യാപകമായി കൃഷികൾ നശിപ്പിക്കുന്ന ആനകൾ ആറളം ഫാം മേഖലയിൽ നിന്നും വനത്തിലേക്ക് തുരത്തിയ ആനകളാണെന്ന് സംശയിക്കുന്നതായി പ്രദേശവാസികൾ. എടപ്പുഴ പള്ളിക്ക് സമീപം 200 മീറ്റർ ദൂരത്തിൽ ജനവാസ മേഖലയിലാണ് കാപ്പുങ്കൽ സേവ്യറിന്റെ കൃഷിയിടത്തിൽ ആനക്കൂട്ടം നാശം വിതച്ചത്. വാഴത്തോട്ടത്തിന് സമീപത്തായി പോത്തുകളെ കെട്ടിയിരുന്നതുകൊണ്ടാകാം ആന വാഴത്തോട്ടത്തിൽ പ്രവേശിക്കാതിരുന്നെന്നും സംശയിക്കുന്നു. യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴക്ക് ആറളം ഫാം ഒന്നാം ബ്ലോക്കിൽ തേങ്ങ പറിക്കൽ തൊഴിലിനിടെ കാട്ടാനയുടെ മുന്നിൽപ്പെട്ട യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴക്ക്. തെങ്ങുകയറ്റ തൊഴിലാളി സുധീഷ്, സൂപ്പർവൈസർമാരായ നന്ദു, അനുരാഗ് എന്നിവരാണ് കാട്ടാനയുടെ മുന്നിൽ നിന്നും രക്ഷപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 8.30 തോടെ ആയിരുന്നു സംഭവം. പറിച്ചിട്ട തേങ്ങ ചാക്കിലാക്കി റോഡിലൂടെ നടന്നു വരുന്നതിനിടെ ആന ചിഹ്നം വിളിച്ച് ഇവർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. തേങ്ങയും ഉപേക്ഷിച്ച് ഇവർ ഓടി രക്ഷപ്പടുന്നതിനിടെ ആന തേങ്ങനിറച്ച ചാക്കിനു നേരെ തിരിഞ്ഞതിനാലാണ് ഇവർ രക്ഷപ്പെട്ടത്. 10 മിനിറ്റോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കാട്ടാനയെ തുരത്താനുള്ള നടപടികൾ ആരംഭിച്ചെങ്കിലും വനപാലകർക്ക് നേരെയും കാട്ടാന തിരിഞ്ഞു.