school

കണ്ണൂർ: ശുചിത്വ മാലിന്യ പരിപാലനം സംബന്ധിച്ച് സ്‌കൂളുകളിൽ ജില്ലാ എൻഫോഴ്സ്‌മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന നടത്തും. ജൈവ മാലിന്യം, അജൈവ മാലിന്യം, ദ്രവമാലിന്യം എന്നിവയുടെ സംസ്‌കരണം,ശുചിമുറികളുടെ ലഭ്യത, എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. മുൻവർഷം ശുചിത്വ മാലിന്യ രംഗത്തെ നിയമലംഘനങ്ങൾ അന്വേഷിക്കുന്ന തദ്ദേശ വകുപ്പിലെ എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് പരിശോധിച്ച 69 സ്‌കൂളുകളിൽ 58 ഇടത്ത് ക്രമക്കേട് കണ്ടെത്തി പിഴ ചുമത്തിയിരുന്നു. മാലിന്യം തരംതിരിക്കാതെ അലക്ഷ്യമായി സൂക്ഷിച്ചതിനും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിച്ചതിനുമായിരുന്നു പിഴയീടാക്കിയത്. മലിനജലം ഒഴുക്കിവിട്ടതിനും പിഴ ചുമത്തിയിരുന്നു. വിദ്യാർത്ഥികളിൽ മാലിന്യം തരംതിരിച്ച് ശേഖരിക്കാനുള്ള ശീലം വളർത്താനായി നൽകിയ സ്‌കൂൾ ബിന്നുകൾ പലയിടങ്ങളിലും ഉപേക്ഷിച്ച നിലയിലാണ് അന്ന് കണ്ടെത്തിയത്.