കാസർകോട്: മഹാകവി പി.കുഞ്ഞിരാമൻ നായരുടെ ജന്മഗൃഹം പോലെ തകർച്ചയെ മുന്നിൽ കണ്ട് കാഞ്ഞങ്ങാടിന്റെ ചരിത്ര പുരുഷൻ എ.സി കണ്ണൻനായരുടെ ഭവനവും. കേരളത്തിലെ ദേശീയപ്രസ്ഥാനത്തിന് മറക്കാനാകാത്ത നേതാവ് ജീവിച്ചിരുന്ന അതിയാമ്പൂരിലെ ഭവനമാണ് തകർച്ച നേരിടുന്നത്. 1980ൽ കുടുംബത്തിൽ വീതംവെപ്പ് നടന്നതിനു ശേഷം കണ്ണൻ നായരുടെ ഭവനവും 40 സെന്റ് വരുന്ന സ്ഥലവും അദ്ദേഹത്തിന്റെ മകളുടെ മകൾ ലക്ഷ്മിയുടെ അധീനതയിലാണ് . ഈ സ്ഥലത്തിന്റെ ഒരു ഭാഗത്ത് പുതിയ വീടിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ എ.സിയുടെ ഭവനം അനാഥാവസ്ഥയിലാകും.എ.സിയുടെ സ്മരണ എക്കാലവും നിലനിർത്താൻ ഒരു പഠന കേന്ദ്രമായി ഈ വീടിനെ മാറ്റണമെന്ന അഭിപ്രായം ഉയരുന്നുണ്ട്.
ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി വിദ്വാൻ പി കേളു നായർ സ്ഥാപിച്ച വെള്ളിക്കോത്തെ വിജ്ഞാന ദായിനി വിദ്യാലയത്തിൽ 'പി' യുടെ ഗുരുവായിരുന്നു കണ്ണൻ നായർ. കേരള വർമ്മയാണ് ഈ ഭവനത്തിൽ ചിത്ര ശില്പ കലകൾക്ക് രൂപം നൽകിയത്. 'പത്തായപ്പുര' എന്ന പഴയ വീടിനെ എ.സി കണ്ണൻനായർ തന്നെ പുതുക്കിപണിയുകയായിരുന്നു.
എ.സി കണ്ണൻ നായർ
വടക്കൻ കേരളത്തിലെ ദേശീയപ്രസ്ഥാനത്തിന്റെ മുന്നണിപോരാളികളിലൊരാൾ. ഹോസ്ദുർഗ് താലൂക്ക് കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ്, ഏച്ചിക്കാനത്ത് ചിറക്കര കണ്ണൻ നായർ എന്ന എ.സി കണ്ണൻ നായർ. ചാത്തുക്കുട്ടി നമ്പ്യാരുടെയും ഉണ്ണിനങ്ങ അമ്മയുടെയും മകനായി 1898 ജൂലായ് എട്ടിന് ജനനം.അയിത്തോച്ചാടന പ്രവർത്തനങ്ങളിലും ഖാദി പ്രസ്ഥാനത്തിലും മദ്യവർജനത്തിനും സജീവമായി. 1927ൽ മദ്രാസിൽ എ.ഐ.സി സി സമ്മേളനത്തിൽ പങ്കെടുത്തു. ആ വർഷം ചെറുവത്തൂരിൽ നിന്ന് മംഗളൂരു വരെ ഗാന്ധിജിയെ അനുധാവനം ചെയ്തു. ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന് ജയിൽവാസം. 1963 മാർച്ച് 27ന് അന്തരിച്ചു.
സ്വാതന്ത്ര്യദിനത്തിലെ ആ കുറിപ്പ്.....
''സ്വാതന്ത്ര്യദിനം! ജന്മസാഫല്യം!... ഇന്നലെ രാത്രി ഒമ്പതരമണിക്ക് ഫ്ളാഗുകൾ പുതിയത് കിട്ടി. കോട്ടച്ചേരിയിലെ നാലുനിരത്തിന് കിഴക്ക് കമനീയമായി കൊടി ഉയർത്താൻ ഒരു സ്തംഭം സ്ഥാപിച്ചിട്ടുണ്ട്. ചെണ്ട, മാപ്പിളവാദ്യം ഇവയോടുകൂടി വെടിയും. ആഘോഷം നേരേത്ത ആരംഭിച്ചിരുന്നു. രാത്രി 12 മണിക്കും ഒരു മിനിറ്റിനും ആ നിശ്ശബ്ദവേളയിൽ ഞാൻ കൊടി ഉയർത്തി... കോട്ടച്ചേരി മുഴുവനും അലങ്കരിച്ചിരുന്നു. ഗംഭീരമായ വാദ്യത്തോടുകൂടി പൊലീസുകാരും എക്സ് സർവിസ് പട്ടാളക്കാരും വളന്റിയർമാരും അണിനിരക്കെ മജിസ്‌ട്രേറ്റ് കോർട്ടിന്റെ ഫ്ളാഗ് പോസ്റ്റിന്മേൽ ഞാൻ നമ്മുടെ ദേശീയപതാക, ത്രിവർണപതാക ഉയർത്തി. വളരെക്കാലം ആശിച്ചിരുന്ന ആശ അങ്ങനെ നിറവേറ്റി...''
(സ്വാതന്ത്ര്യലബ്ധിദിനത്തിൽ എ.സി. കണ്ണൻ നായരുടെ ഡയറിക്കുറിപ്പ് ).