തലശ്ശേരി: പഴയ ബസ് സ്റ്റാൻഡ് എം.ജി റോഡിലെ നൂറ് വർഷത്തിലധികം പഴക്കമുള്ള കെ.ആർ ബിസ്‌ക്കറ്റ് കമ്പനിയുടെ കെട്ടിടം തകർന്നു. ബുധനാഴ്ച 12 മണിയോടെയാണ് വൻ ശബ്ദത്തോടെ പഴയ വാർപ്പും ഓട് പാകിയ കെട്ടിടത്തിന്റെ ഒരു ഭാഗവും തകർന്നത്. കെട്ടിടത്തിന്റെ മുൻവശത്ത് വളരെ കാലമായി തെരുവോര തുണി കച്ചവടം നടത്തുന്നയാൾ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയതിനാൽ അപകടം കൂടാതെ രക്ഷപ്പെട്ടു.
അപകടം നടന്ന ഉടൻ അഗ്നിശമന സേനയും നഗരസഭയും പൊലീസും നാട്ടുകാരും ചേർന്ന രക്ഷാപ്രവർത്തനം നടത്തി. ഇത് വഴിയുള്ള ഗതാഗതം മറ്റ് ഭാഗങ്ങളിലൂടെ തിരിച്ച് വിട്ടു.
ആറ് വർഷം മുൻപാണ് ഏറെ പ്രശസ്തമായ കെ.ആർ ബിസ്‌കറ്റ് കമ്പനി അടച്ച് പൂട്ടിയത്. മാഹിയിലെ അഭിഭാഷകന്റെ ഉടമസ്ഥതയിലാണ് ഇപ്പോൾ കെട്ടിടം. രാവിലെ നിരവധി അന്യസംസ്ഥാന തൊഴിലാളികളും നാട്ടുകാരും ക്യാമ്പ് ചെയ്യുന്ന സ്ഥലമാണിത്.
അപകടാവസ്ഥയിലായ നഗരസഭ പരിധിക്കുള്ളിലെ കെട്ടിടങ്ങൾ പൊളിച്ച് മാറ്റണമെന്ന് നഗരസഭ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അപകടം നടന്ന ഉടൻ രക്ഷാപ്രവർത്തനം നടത്താൻ പൊലീസും പരിമ്പര വാസികളും അഗ്നിശമന സേനയും എത്തിച്ചേർന്നതായി വാർഡ് കൗൺസിലർ സി.ഒ.ടി ഷബീർ പറഞ്ഞു.
രക്ഷാപ്രവർത്തനത്തിന് തലശേരി സി.ഐ.ബിജു ആന്റണി, അഗ്നിശമന സേനാംഗങ്ങൾ, ഹെൽത്ത് വിഭാഗം, വൈദ്യുതി വകുപ്പ് ജീവനക്കാർ, നഗരസഭ സെക്രട്ടറി എൻ.സുരേഷ്, കൗൺസിലർമാർ, ചുമട്ട് തൊഴിലാളികൾ, പൊതുപ്രവർത്തകർ, നാട്ടുകാർ നേതൃത്വം നൽകി.