chamundi

ഉത്തര കേരളത്തിലെ തെയ്യാട്ടങ്ങൾക്ക് സമാപനം കുറിക്കുന്ന കളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടം (കലശം) ജൂണ്‍ രണ്ടിന് നടക്കും. ഉത്തര മലബാറിന്റെ കലണ്ടറിൽ രണ്ടു കാലങ്ങളേയുള്ളൂ. തെയ്യക്കാലവും മഴക്കാലവും. കഴിഞ്ഞ കുറേ നാളുകളായി ഈ ദേശത്തിന് മഞ്ഞൾക്കുറിയുടെ ഗന്ധവും ഓലച്ചൂട്ടിന്റെ പ്രഭയുമായിരുന്നു.എരിഞ്ഞുകൊണ്ടിരിക്കുന്ന ചൂടുകറ്റകളുടെയും മേലേരിയുടേയുമെല്ലാം മഞ്ഞൾഗന്ധംപേറുന്ന തണുത്ത കാറ്റുള്ള രാത്രികാലങ്ങളിലാണ് തെയ്യത്തിന്റെ സൗന്ദര്യം കൂടുന്നത്. കളിയാട്ടങ്ങൾക്ക് സമാപനം കുറിച്ച് കളരിവാതുക്കൽ ഭഗവതിയുടെ തിരുമുടി ഉയർന്നു താഴുന്നതോടെ തെയ്യങ്ങൾക്ക് ഇനി അടുത്ത തുലാപ്പത്തിന് കളിയാട്ടച്ചെണ്ടയുണരും വരെ ആരൂഡങ്ങളിൽ വിശ്രമമാണ്. കോലം കെട്ടുന്ന കനലാടിമാർ ഉടലിൽ നിന്ന് തെയ്യങ്ങളെ ഇറക്കി മറ്റൊരു ജീവിത പകർച്ചയ്ക്കായി മനസ്സൊരുക്കും.

കളിപറയാത്ത അമ്മ കളരിവാതുക്കൽ ഭഗവതിയുടെ കലശപ്പെരുങ്കളിയാട്ടത്തിനായുള്ള തിരുമുടിയൊരുക്കം ആരംഭിച്ചു. പുഴാതി , അഴീക്കോട്, കുന്നാവ്, പള്ളിക്കുന്ന് എന്നിവിടങ്ങളിലെ ആശാരിമാരാണ് അംബര ചുംബിയായ തിരുമുടി തീർക്കുന്നത്. 21 കോൽ നീളവും 5.75 കോൽ വീതിയുമുള്ള ഏഴ് കവുങ്ങ്, 16 വലിയ മുളകൾ എന്നിവകൊണ്ടാണ് തീർത്ത മുടി തീർക്കുക. കോലക്കാരൻ തിരുമുടി തലയിലേറ്റി അനുഷ്ഠാന ചടങ്ങുകള്‍ പൂര്‍ത്തിയാക്കി അരിയെറിഞ്ഞ് വന്ദിച്ച് തിരുമുടി അഴിക്കുന്നതോടെ കളിയാട്ടകാലത്തിന് സമാപനമായി.
നൃത്തമാടും ദേവരൂപികളെ നേരിൽ കണ്ടു തമ്പാച്ചിയുടെ മഞ്ഞൾക്കുറിയും തെച്ചിപ്പൂ പ്രസാദവുമേറ്റുവാങ്ങാൻ ഇനി തുലാമാസപിറവി വരെ ഉത്തരമലബാറിലെ ജനങ്ങൾക്ക് നീണ്ട കാത്തിരിപ്പാണ്
തെയ്യക്കാലത്തിനു തുടക്കം കുറിക്കുന്നത് തുലാം പത്തിന് കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠന്‍ തെയ്യത്തിന്റെ വരവോടുകൂടിയാണ് .

നൃത്തം ചെയ്യുന്ന ദൈവങ്ങൾ

നൃത്തം ചെയ്യുന്ന ദേവതാസങ്കല്പമാണ് തെയ്യം. തെയ്യം അനുഷ്ഠാനത്തിൽ മന്ത്രപരമായ അനുഷ്ഠാനം, തന്ത്രപരമായ അനുഷ്ഠാനം, കർമ്മപരമായ അനുഷ്ഠാനം, വ്രതപരമായ അനുഷ്ഠാനം എന്നിവയുണ്ട്. സങ്കീർണ്ണവും മനോഹരവുമായ മുഖത്തെഴുത്തും കുരുത്തോലകളും പൂക്കളും മറ്റും ഉപയോഗിച്ചുള്ള രക്തവർണ്ണാങ്കിതമായ ആടയാഭരണങ്ങളും ചെണ്ട, ചേങ്ങില, ഇലത്താളം, കറുംകുഴൽ, തകിൽ, തുടങ്ങിയ വാദ്യമേളങ്ങളും, ലാസ്യ താണ്ഡവ നൃത്താദികളും സമ്മോഹനമായി സമ്മേളിക്കുന്ന തെയ്യം വിശ്വാസത്തോടൊപ്പം കലാസ്വാദനചാതുര്യവും ഉണർത്തുന്ന അപൂർവമായ ഒരു കലാരൂപമാണ്.
കാവുകളിലോ സ്ഥാനങ്ങളിലോ തറവാടുകളിലോ നിശ്ചിതകാലത്തു നടത്തിവരുന്ന തെയ്യാട്ടത്തിനു പൊതുവേ കളിയാട്ടം എന്നാണു പറയുന്നത്. കഴകങ്ങളിലും കാവുകളിലും ചില പ്രമുഖ തറവാടുകളിലും ആണ്ടുതോറും തെയ്യാട്ടം നടത്തുന്നതിന് സ്ഥിരമായി മാസവും തീയതിയും നിശ്ചയിച്ചിരിക്കും. ഇത്തരം കളിയാട്ടോത്സവങ്ങളെ കൽപ്പനകളിയാട്ടം എന്നു പറയും. എന്നാൽ, പ്രമുഖങ്ങളായ ചില കഴകങ്ങളിലും കാവുകളിലും വർഷംതോറും കളിയാട്ടം പതിവില്ല. പത്തോ പതിനഞ്ചോ ഇരുപത്തഞ്ചോ വർഷങ്ങൾ കൂടുമ്പോൾ മാത്രമാണ് അവിടങ്ങളിൽ കളിയാട്ടം നടത്തുന്നത്. ആർഭാടപൂർവം നടത്തപ്പെടുന്ന അത്തരം കളിയാട്ടങ്ങളെ പെരുങ്കളിയാട്ടമെന്നാണു പറയുന്നത്. സാധാരണ തെയ്യാട്ടത്തിനോ കളിയാട്ടത്തിനോ ഉള്ളതിനെക്കാൾ ചടങ്ങുകളും അനുഷ്ഠാനങ്ങളും പെരുങ്കളിയാട്ടത്തിനുണ്ട്. പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി ആയിരക്കണക്കിനു ഭക്തജനങ്ങൾക്ക് അന്നമൂട്ടുന്ന പതിവുമുണ്ട്.

ദേശത്തിന്റെ അടയാളം
തെയ്യങ്ങൾ ഉത്തരകേരളത്തിന്റെ അടയാളങ്ങൾ കൂടിയാണ്. തുലാം പത്തു തുടങ്ങി കണ്ണൂരിന്റെ രാത്രിയും പകലും കളിയാട്ടങ്ങൾ കൊണ്ട് സജീവമാണ്. അമ്മ ദൈവങ്ങളാണ് തെയ്യങ്ങളിലേറെയും. വീരന്‍മാരെയും തെയ്യങ്ങളായി ആരാധിക്കുന്നു. തെയ്യം കേവലമൊരു കലാരൂപമല്ല. മറിച്ച് ഉത്തരമലബാറിന്റെ ജനജീവിതവുമായി ബന്ധപ്പെട്ട അനുഷ്ഠാനമാണ്.തുലാം പത്തിന് തുടങ്ങി ഇടവപ്പാതി വരെ നീണ്ടു നിൽക്കുന്ന തെയ്യാട്ടക്കാലങ്ങളിൽ ലോകത്തിന്റെ ഏതൊരു കോണിലായാലും വടക്കേ മലബാറുകാരുടെ കാതുകളിൽ മുഴങ്ങുന്നത് തോറ്റം പാട്ടിന്റെയും കാല്‍ചിലമ്പിന്റെയും താളമായിരിക്കും. ശൈശവ,ശാക്തേയ വൈഷ്ണവ ദേവതാസങ്കല്‍പ്പങ്ങളിലായി അഞ്ഞൂറിൽപ്പരം തെയ്യങ്ങൾ കെട്ടിയാടപ്പെടുന്നുണ്ട്. നൃത്തം,സംഗീതം, വാദ്യം, നാട്യം,ചിത്രകല,സാഹിത്യം, എന്നിവയുടെ സമഞ്ജ സമ്മേളനമാണ് തെയ്യാട്ടത്തിൽ നടക്കുന്നത്. പ്രത്യേക സമുദായത്തിൽപ്പെട്ടവരാണ് ഓരോ തെയ്യങ്ങളും കെട്ടിയാടുന്നത്. റ്റാണ്ടുകളായി ഈ വ്യവസ്ഥ ഇവർ പാലിച്ചു പോരുന്നു. സാമൂഹ്യമായ വിഭാഗീയതകൾക്കപ്പുറമാണ് തെയ്യത്തിന്റെ ഇടപെടലുകൾ എന്നതിന്റെ തെളിവാണ് ചില കാവുകളിൽ കെട്ടിയാടപ്പെടുന്ന മാപ്പിള തെയ്യങ്ങൾ. വടക്കേമലബാറിലെ ചില കാവുകളിൽ മുതലതെയ്യം, പൊലീസ് തെയ്യം, തുടങ്ങി വിവിധ തെയ്യങ്ങൾ കെട്ടിയാടുന്നു.


ഇക്കുറി പത്മപ്രഭയും

ചരിത്രത്തിലാദ്യമായി ഒരു തെയ്യക്കാരന് പത്മപുരസ്‌കാരം ലഭിച്ചത് ഇത്തവണയാണ്. മുൻപ് പരമോന്നത അംഗീകാരങ്ങളൊന്നും ലഭിച്ച ചരിത്രമില്ലഅതുകൊണ്ടാണ് ഇ.പി. നാരായണ പെരുവണ്ണാൻ എന്ന കോലക്കാരന് ലഭിച്ച പത്മശ്രീ ചരിത്രസംഭവമാവുന്നത്.തെയ്യത്തിന്റെ ലാസ്യ രൗദ്ര ഭാവങ്ങൾ പകർന്നാടി ഭക്ത മനസുകളിൽ ചിരപ്രതിഷ്ഠ നേടിയ കനലാടിയാണ് ഇരട്ടപറമ്പിൽ നാരായണ പെരുവണ്ണാൻ. തെയ്യാനുഷ്ഠാന രംഗത്തെ ശ്രദ്ധേയമായ മുച്ചിലോട്ടു ഭഗവതിയുടെ തിരുമുടി മുന്നൂറിനടുത്തു തവണ ശിരസ്സിലണിഞ്ഞ കനലാടിയാണ് നാരായണ പെരുവണ്ണാൻ.13-ാം വയസിൽ തളിപ്പറമ്പ കീഴാറ്റൂർ വെച്ചിയോട് കാവിൽ ബാലിത്തെയ്യം കെട്ടിയാടിയ അദ്ദേഹം ഇപ്പോഴും അവിടെ ബാലിയുടെ രൗദ്ര ബീഭത്സഭാവങ്ങൾ പകരുന്നു. 21-ാം വയസിൽ തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്ര കൊട്ടുമ്പുറത്തു വെച്ച് പെരുവണ്ണാനായി ആചാരപ്പെട്ടു. തുടർന്നങ്ങോട്ട് കതിവന്നൂർ വീരൻ, പുതിയ ഭഗവതി, വയനാട്ടുകുലവൻ, ഇളംകോലം, വടകര തച്ചോളി മാണിക്കോത്തു തച്ചോളി ഒതേനൻ,ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം മാണിക്യകാവ് പയ്യമ്പള്ളി ചന്തു, മുത്തപ്പൻ തിരുവപ്പന വെള്ളാട്ടം, കുടിവീരൻ, വേട്ടക്കൊരുമകൻ, കണ്ടനാർ കേളൻ, പടവീരൻ, തോട്ടുംകര ഭഗവതി, തായിപരദേവത, നരമ്പിൽ ഭഗവതി, കണ്ണങ്ങാട്ടു ഭഗവതി, പുലിയൂർകാളി, തുടങ്ങിയ കോലങ്ങൾക്കു ജീവൻ പകർന്ന ഇ. പി.നാരായണ പെരുവണ്ണാൻ ഈ രംഗത്ത് അര നൂറ്റാണ്ടു പിന്നിട്ടു.

വിവാദവും കൂട്ട്

കണ്ണൂർ തില്ലങ്കേരിയിൽ തെയ്യം കെട്ടിയയാൾക്ക് നാട്ടുകാരുടെ കൂട്ടത്തല്ല് ഏറ്റുവാങ്ങേണ്ടി വന്ന സംഭവവും ഇത്തവണയുണ്ടായി. കൈതച്ചാമുണ്ഡി തെയ്യം കണ്ട് പേടിച്ചോടിയ കുട്ടിക്ക് പരിക്കേറ്റതാണ് നാട്ടുകാരുടെ പ്രകോപനത്തിന് കാരണമായത്. കൈതച്ചെടി വെട്ടി മടപ്പുരയിലേക്ക് തെയ്യം വരുന്ന ചടങ്ങ് നടന്നിരുന്നു. ഇതിനിടയിൽ ഉഗ്രരൂപത്തിൽ ആളുകളെ പിന്തുടർന്ന് ഭയപ്പെടുത്തുന്നതാണ് ആചാരം.പേടിച്ചോടിയ ഒരു കുട്ടിക്ക് വീണു പരിക്കേൽക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരിൽ ഒരു വിഭാഗം തെയ്യം കെട്ടിയയാളെ കൈകാര്യം ചെയ്യുകയായിരുന്നു. പൊലീസും ഉത്സവ കമ്മിറ്റിക്കാരും ചേർന്ന് ഇടപെട്ടു രംഗം ശാന്തമാക്കി. സംഭവത്തിൽ ആർക്കും പരാതിയുമില്ല.