നീറ്റ്, ജെ.ഇ.ഇ പരീക്ഷകൾക്ക് അതത് ജില്ലകളിൽ സെന്റർ അനുവദിച്ചിരുന്നു
കാസർകോട്:കേരള എൻജിനീയറിംഗ് ആർക്കിടെക്ച്ചർ മെഡിക്കൽ(കീം) പ്രവേശന പരീക്ഷ എഴുതാൻ അപേക്ഷ നൽകിയ വടക്കൻ കേരളത്തിലെ വിദ്യാർത്ഥികളോട് കടുത്ത വിവേചനം. വടക്കൻ കേരളത്തിൽ ആവശ്യത്തിന് പരീക്ഷാസെന്റർ അനുവദിക്കാത്ത അധികൃതർ തെക്കൻ ,മദ്ധ്യ കേരളത്തിലാണ് ഇവരെ പരിഗണിച്ചത്. സ്വന്തം ജില്ലയിലല്ലെങ്കിൽ അയൽജില്ലകളിൽ എവിടെയെങ്കിലും സെന്റർ നൽകാമെന്നിരിക്കെയാണ് അധികൃതരുടെ ക്രൂരത.
ഫസ്റ്റ് ഒപ്ഷനായി സ്വന്തം ജില്ലയും തുടർന്ന് തൊട്ടടുത്ത ജില്ലകളുമാണ് കുട്ടികൾ നൽകിയിരുന്നത്. സ്വന്തം ജില്ലയ്ക്ക് പുറമെ കണ്ണൂർ ,കോഴിക്കോട് ,മലപ്പുറം ജില്ലകളും ഒപ്ഷനായി കൊടുത്ത കാസർകോട്ടെ ഒരു വിദ്യാർത്ഥിക്ക് കിട്ടിയ സെന്റർ കോട്ടയം ഏറ്റുമാനൂരാണ്. ഇതെ പോലെ ഒപ്ഷൻ കൊടുത്ത മറ്റൊരു വിദ്യാർത്ഥിക്ക് തിരുവനന്തപുരം ജില്ലയിലും. കാസർകോട്,കണ്ണൂർ ജില്ലകളിലെ അപേക്ഷകരിൽ പലർക്കും കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി അടക്കമുള്ള സെന്ററുകളാണ് അനുവദിച്ചത്. ജൂൺ അഞ്ചു മുതൽ ഒൻപതുവരെയാണ് കീം പരീക്ഷ നടക്കുന്നത്.
രാവിലെ ഏഴിനാണ് വിദ്യാർത്ഥികൾ അതത് പരീക്ഷാകേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യേണ്ടത്. മഴക്കാലത്തിന്റെ തുടക്കവും വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കുന്നതുമെല്ലാം കൊണ്ട് ട്രെയിൻ യാത്ര ദുസഹമാണ്.
ട്രെയിൻ ടിക്കറ്റ് കിട്ടാനില്ല
നിലവിൽ ഒരു ട്രെയിനിലും റിസർവേഷൻ ലഭിക്കാത്ത സ്ഥിതിയാണ്. രാവിലെ 7ന് പരീക്ഷക്ക് ഹാജരാകേണ്ടതിനാൽ തലേന്ന് സ്ഥലത്ത് എത്തിച്ചേർന്ന് മുറിയെടുത്ത് താമസിക്കേണ്ടി വരും. കാസർകോട് ജില്ലയിൽ നിന്ന് കോട്ടയത്ത് എത്താൻ പത്തു മണിക്കൂറിലേറെ യാത്ര ചെയ്യണം.ഈ ദിവസങ്ങളിൽ ട്രെയിനുകളിൽ വെയിറ്റിംഗ് ലിസ്റ്റ് തന്നെ നിലവിൽ 100ന് മുകളിലാണ്. കാസർകോട് ഭാഗത്തുനിന്ന് കോട്ടയം വഴി പരിമിത സർവീസുകൾ മാത്രമാണുള്ളത്. ബസിൽ ഇത്രയും ദൂരം സഞ്ചരിക്കുന്നതും ഏറെ പ്രയാസകരമാണ്.
കീം പരീക്ഷ എഴുതുന്നവരുടെ എണ്ണം 1,13,447
സെന്ററുകൾ 198
ഓൺലൈനിൽ ഇതാദ്യം
സംസ്ഥാനത്ത് സർക്കാർ,സ്വാശ്രയ സ്ഥാപനങ്ങളിലായി 198 പരീക്ഷാ കേന്ദ്രങ്ങളിലും ഡൽഹിയിലെ രണ്ട് പരീക്ഷാകേന്ദ്രങ്ങളിലും, മുംബൈ, ദുബായ് എന്നിവിടങ്ങളിലെ ഓരോ കേന്ദ്രങ്ങളിലുമായാണ് കീം പരീക്ഷ നടക്കുന്നത്.
സിഡിറ്റ് ആണ് ഓൺലൈൻ പരീക്ഷയ്ക്കായുള്ള സോഫ്റ്റ്‌വെയർ വികസിപ്പിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്ര വിപുലമായ രീതിയിൽ ഓൺലൈൻ പരീക്ഷ നടത്തുന്നത്. ഏതെങ്കിലും സാഹചര്യത്തിൽ ഒരു പ്രത്യേക പരീക്ഷാ കേന്ദ്രത്തിലെയോ ഏതെങ്കിലും ദിവസത്തെയോ പരീക്ഷ മാറ്റിവയ്‌ക്കേണ്ടി വന്നാൽ ആ പരീക്ഷ ജൂൺ 10ന് നടത്തുന്ന രീതിയിലാണ് ക്രമീകരണം.ഒരു ദിവസം പരമാവധി 18,993 പേർക്ക് പരീക്ഷ എഴുതാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒരു പരീക്ഷാ കേന്ദ്രത്തിൽ ഒരേ സമയം പരമാവധി 126 കുട്ടികൾക്ക് വരെ പരീക്ഷ എഴുതാം. സാങ്കേതിക കാരണത്താൽ പരീക്ഷ തുടങ്ങാൻ വൈകിയാൽ സമയം അതനുസരിച്ച് പുനക്രമീകരിക്കും.
ഓൺലൈൻ പരീക്ഷാ കേന്ദ്രങ്ങൾ അപേക്ഷിച്ച സ്ഥലത്ത് കൊടുക്കാതെ 12 ജില്ലകൾക്ക് അപ്പുറത്ത് നൽകിയത് വിദ്യാർത്ഥികൾക്ക് കടുത്ത പീഡനമാണ്. മാനസികമായും ശാരീരികമായും ദുരിതത്തിൽ ആക്കുന്ന നടപടിയാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായത്. ടി.എം.സി മുഹമ്മദ് മാണിയാട്ട് (റിട്ട. അദ്ധ്യാപകൻ)