കണ്ണൂർ: വേനൽ മഴയിൽ ജില്ലയിൽ ഉണ്ടായത് 10 കോടിയുടെ കൃഷിനാശം. മേയ് ഒന്ന് മുതൽ 28 വരെയുള്ള കണക്കനുസരിച്ച് 10,68,58,000 രൂപയുടെ നഷ്ടമാണ് ഉണ്ടായത്. മലയോര മേഖലയിലാണ് കൂടുതഷ നഷ്ടം. 318.52 ഹെക്ടർ കൃഷിയാണ് കനത്തമഴയിൽ നശിച്ചത്. 4128 കർഷകർക്കാണ് നാശമുണ്ടായത്.

വാഴ, തെങ്ങ്, റബ്ബർ, കശുമാവ്, കവുങ്ങ്, കൊക്കൊ, ജാതിക്ക, പയർവർഗങ്ങൾ, പച്ചക്കറി എന്നിവയാണ് മഴയിൽ നശിച്ചത്. ജില്ലയിലെ ഇരിട്ടി, ഇരിക്കൂർ, പേരാവൂർ, തളിപ്പറമ്പ്, പയ്യന്നൂർ, എടക്കാട്, തലശേരി, പാനൂർ, കൂത്തുപറമ്പ് എന്നിവിടങ്ങളിലാണ് കൃഷിനാശം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കല്യാശേരിയിൽ വെള്ളകെട്ട് മൂലം കൃഷിനാശം സംഭവിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.

വാഴകൃഷിയാണ് കൂടുതലായും നശിച്ചത്. 1,73,220 വാഴകൾ നശിച്ചതായാണ് കണക്ക്. ഓണം വിപണി ലക്ഷ്യമിട്ട് കർഷകർ നട്ട വാഴകളാണ് നശിച്ചത്. മലയോര മേഖലയായ ഇരിക്കൂർ, ഇരിട്ടി, പേരാവൂർ, തളിപ്പറമ്പ് എന്നിവിടങ്ങളിൽ നിന്നും റബ്ബർ, തെങ്ങ്, കൊക്കോ കൃഷികളാണ് കൂടുതലായും നശിച്ചത്. 3556 റബ്ബറുകളാണ് ജില്ലയിലാകെ നശിച്ചത്.

മഴയ്‌ക്കൊപ്പം വീശിയടിക്കുന്ന രൂക്ഷമായ കാറ്റ് മൂലമാണ് കൃഷിനാശം കൂടുതലായും ഉണ്ടാകുന്നതെന്ന് അധികൃതർ പറയുന്നു. വേനൽ ചൂടിൽ ജില്ലയിൽ 10921 ഹെക്ടർ കൃഷി നശിക്കുകയും 2863 കർഷകർക്ക് നാശനഷ്ടമുണ്ടാകുകയും ചെയ്തിരുന്നു. തെങ്ങുകളെയായിരുന്നു ജില്ലയിൽ കൂടുതലും വരൾച്ച ബാധിച്ചത്. 7333.31 ഹെക്ടർ തെങ്ങു കൃഷിയാണ് നശിച്ചത്.

കൃഷിനാശം ഓൺലൈനിൽ അറിയിക്കാം

കൃഷി നാശം ഉണ്ടായാൽ കർഷകർക്ക് ഓൺലൈൻ വഴി അധികൃതരെ അറിയിക്കാനും സംവിധാനമുണ്ട്. കൃഷി നാശം ഉണ്ടായി പത്ത് ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യണം. കൃഷി വകുപ്പിന്റെ എയ്മസ് എന്ന പോർട്ടലിലാണ് കൃഷി നാശം റിപ്പോർട്ട് ചെയ്യേണ്ടത്. കർഷകർ നൽകുന്ന അപേക്ഷകൾ അതാത്‌ ബ്ലോക്കിലെ കൃഷി ഓഫീസർമാർ പരിശോധിക്കും. തുടർന്ന് കൃഷിനാശം സംഭവിച്ച സ്ഥലത്തെത്തി പരിശോധിച്ചശേഷം റിപ്പോർട്ട് സമർപ്പിക്കും. തുടർന്ന് ഡയറക്ടറേറ്റിൽ നിന്ന് കർഷകർക്ക്‌ നേരിട്ട് നഷ്ടപരിഹാര തുക ലഭിക്കുകയാണ് ചെയ്യുന്നത്.


നഷ്ടം ഇങ്ങനെ

വാഴ 1,30,540 (കുലച്ചത്)

42680 (കുലയ്ക്കാത്തത്)

റബ്ബർ 2798 (ടാപ്പിംഗ് ഉള്ളത്),

758 (ടാപ്പിംഗ് ഇല്ലാത്തത്)

തെങ്ങ് 651 (കുലച്ചത്)

235 (കുലയ്ക്കാത്തത്)

കവുങ്ങ് 900

കശുമാവ് 383

കൊക്കൊ 40

ജാതിക്ക 25