കൂത്തുപറമ്പ്:അഭിരുചിയും ആഗ്രഹവുമുണ്ടായിട്ടും ആയ കാലത്ത് നൃത്തം പഠിക്കാൻ കഴിയാത്തതിന്റെ സങ്കടം എഴുപതാംവയസിൽ കിട്ടിയ അരങ്ങിൽ ആടിതീർത്ത കാഞ്ചനകുമാരി കാണികൾക്ക് അത്ഭുതമായി. കലയോടുള്ള അഭിനിവേശവും പ്രണയവും വേദിയിലെ ഒറ്റ പ്രകടനത്തിൽ രേഖപ്പെടുത്തിയ കാഞ്ചനകുമാരി കുടുംബശ്രീ മിഷന്റെ തലശ്ശേരി ബ്ലോക്ക് ക്ലസ്റ്റർ ഒരുക്കിയ അരങ്ങിന്റെ താരവുമായി.
കതിരൂർ ഗ്രാമപഞ്ചായത്ത് സി ഡി.എസിലെ ആവണി കുടുംബശ്രീ അയൽക്കൂട്ട അംഗമായ കാഞ്ചനകുമാരിയെ വാർഡ് മെമ്പറുടെയും സി.സി.എസിന്റെയും നിർബന്ധമായിരുന്നു കുടുംബശ്രീ കലോത്സവ വേദയിൽ എത്തിച്ചത്.
ചെറുപ്പം മുതൽ നൃത്തം പഠിക്കാൻ ഏറെ ആഗ്രഹിച്ചിരുന്നു. പക്ഷെ സാഹചര്യം അനുവദിച്ചില്ല. ഹൈസ്‌കൂൾ പഠനകാലത്ത് യുവജനോൽസവ വേദികളിൽ നൃത്തം അവതരിപ്പിച്ചെന്നതുമാത്രമാണ് മത്സരപരിചയം. ഏറെ കാലത്തിനു ശേഷമാണ് ഉള്ളിൽ ഉറങ്ങിക്കിടന്ന നൃത്തത്തെ വീണ്ടും മിനുക്കിയെടുത്തത്. കതിരൂരിലെ വയോജന കൂട്ടായ്മയിലെ അംഗമായതോടെയാണ് ഇത് സാധിച്ചത്. ഭർത്താവ് മരിച്ച കാഞ്ചനകുമാരി ഏക മകനും കുടുംബവും വിദേശത്തായതോടെ ഒറ്റപ്പെടലിൽ നിന്നും ആശ്വാസമെന്ന നിലയിലാണ് ഈ കൂട്ടായ്മയിൽ പങ്കാളിയായത്. നാടോടി നൃത്തത്തിന് പുറമെ സംഘനൃത്തത്തിലും ഈ എഴുപതുകാരി മത്സരിച്ച് രണ്ടാംസ്ഥാനം നേടി.