തലശ്ശേരി: ആത്മാഭിമാനത്തോടെ ഇളനീർ കാവുകൾ പരമശിവന് കാഴ്ചവയ്ക്കാനുള്ള അവകാശം പിന്നാക്ക ജനവിഭാഗത്തിന് നേടിക്കൊടുത്തത് സാക്ഷാൽ മഹാഗുരു ശ്രീ നാരായണൻ തന്നെ. അന്നേ വരെ കൊട്ടിയൂർ പെരുമാളിന് ഇളനീർക്കാവ് ക്ഷേത്രത്തിൽ നേരിട്ടെത്തിക്കാൻ പിന്നാക്ക സമുദായക്കാർക്ക് അവകാശമുണ്ടായിരുന്നില്ല. കൊട്ടിയൂരിന് മൂന്ന് കിലോമീറ്ററുകൾക്കിപ്പുറം കാവുകൾ വച്ച് മടങ്ങേണ്ട സ്ഥിതിയായിരുന്നു. അപരിഷ്‌കൃത രീതിയിലായിരുന്നു കാവുകൾ കാൽനടയായി കൊണ്ടുപോയിരുന്നത്.
1908 ഫെബ്രുവരിയിൽ ആദ്യമായി മലബാറിൽ ഗുരുദേവൻ തലശ്ശേരിയിൽ നവോത്ഥാനക്ഷേത്രം നിർമ്മിച്ചതിന് തൊട്ടുപിറകെ മൂന്ന് മാസങ്ങൾക്കിപ്പുറമാണ് ജഗന്നാഥ ക്ഷേത്രത്തിൽ ഇളനീരാട്ട മഹോത്സവത്തിന് തുടക്കമിട്ടത്. കാവുകൾ നേരിട്ട് ക്ഷേത്രത്തിൽ സമർപ്പിക്കാനുള്ള സാഹചര്യമൊരുക്കണമെന്ന ഗുരു ഭക്തരുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ചാണ് ഗുരു ആദ്യമായി ജഗന്നാഥ ക്ഷേത്രത്തിൽ ഈ ചടങ്ങ് നടത്താൻ അനുമതിയേകിയത്.
''അവിടെ കുടികൊള്ളുന്നത് ശിവശക്തിയാണ്. ഇവിടേയും അത് തന്നെയാണല്ലോ പ്രതിഷ്ഠിതമായത്.' ഗുരുവിന്റെ വാക്കുകൾ ഇങ്ങിനെയായിരുന്നു.
കൊറ്റിയത്ത് രാമുണ്ണി വക്കീൽ നേതൃത്വം നൽകിയ ഈ ചടങ്ങിൽ വിവിധ ദേശങ്ങളിൽ നിന്നായി 350 കാവുകളാണ് അഭിഷേകത്തിന് ആദ്യമായെത്തിയത്. 1912ൽ മഹാഗുരു നേരിട്ട് വന്ന് വിഗ്രഹത്തിൽ നേരിട്ട് ഇളനീർ അഭിഷേകം നടത്തിയപ്പോൾ ആയിരങ്ങളാണ് വന്നെത്തിയത്. അതിന്റെ തുടർച്ചയായാണ് ഇന്നും നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും വിവിധ മഠങ്ങളിൽ നിന്നും സങ്കേതങ്ങളിൽ നിന്നുമായി മുറതെറ്റാതെ ജഗന്നാഥ ക്ഷേത്രത്തിലേക്ക് ഇളനീർ കാവുകളുമായി നൂറുകണക്കിന് വിശ്വാസികൾ ഓംകാര നാദവുമുയർത്തി വന്നെത്തുന്നത്.
ജഗന്നാഥ ക്ഷേത്രത്തിൽ ഇന്നലെ രാത്രി 10.15ന് ഇളനീർ അഭിഷേകം നടന്നു. മേൽശാന്തി ഉദയന്റെ കാർമ്മികത്വത്തിലാണ് ഇളനീർ അഭിഷേകം നടന്നത്. ജ്ഞാനോദയ യോഗം പ്രസിഡന്റ് അഡ്വ. കെ.സത്യൻ, ഡയറക്ടർമാരായ കണ്ട്യൻ ഗോപി, രാജീവൻ മാടപ്പീടിക, സി.ഗോപാലൻ, വളയംകുമാരൻ നേതൃത്വം നൽകി.