ആലക്കോട്: ആലക്കോട് -കരുവൻചാൽ -താവുകുന്ന് -നടുവിൽ- മണ്ടളം വഴി കടന്നുപോകുന്ന മലയോര ഹൈവേയിൽ വാഹനാപകടങ്ങൾ തുടർക്കഥയാകുന്നത് നാട്ടുകാർക്കും വാഹന യാത്രക്കാർക്കും പേടിസ്വപ്നമായി. കൊടും വളവുകൾ നിറഞ്ഞ ഈ റൂട്ടിൽ വാഹനങ്ങളുടെ അമിതവേഗതയും ഡ്രൈവർമാരുടെ ശ്രദ്ധക്കുറവിനുമൊപ്പം റോഡ് നിർമ്മാണത്തിലെ അപാകതകളും അപകടം ക്ഷണിച്ചു വരുത്തുകയാണ്.
ആലക്കോട് പൊലീസ് സ്റ്റേഷന് മുൻഭാഗത്തുള്ള അരങ്ങം ടൗൺ മുതൽ നടുവിൽ കിഴക്കേക്കവല വരെയുള്ള റോഡിൽ എപ്പോൾ വേണമെങ്കിലും ഒരു അപകടമുണ്ടാകാം എന്ന അവസ്ഥയാണ്. ഇതിൽ കരുവൻചാൽ മുതൽ നടുവിൽ വരെയുള്ള 7 കി.മീറ്റർ ദൂരത്തിൽ 9 കൊടുംവളവുകൾ ഉണ്ട്. വായാട്ടുപറമ്പ് ക്രിസ്ത്യൻ പള്ളിക്ക് മുന്നിലുള്ള വളവിൽ തുടർച്ചയായി അപകടങ്ങളുണ്ടാകുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി കരുവൻചാലിൽ നിന്നും പുലിക്കുരുമ്പയിലേയ്ക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് പള്ളിയുടെ മുന്നിലായുള്ള ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകർത്ത് ഇരുപതടി താഴ്ചയിൽ വീഴുകയായിരുന്നു. അപകടത്തിൽപ്പെട്ട ഹോണ്ട സിറ്റി കാർ നിശ്ശേഷം തകർന്നെങ്കിലും യാത്രക്കാർ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. അപകടങ്ങൾ കൂടി വരുമ്പോഴും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു പരിഹാര നടപടികളുമുണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
ജീവൻ പൊലിയുമ്പോഴും
കുലുക്കമില്ലാതെ
മണ്ടളത്തിനടുത്തുള്ള വളവിൽ രണ്ടാഴ്ച മുമ്പാണ് കാർ റോഡരികിലെ ഇരുമ്പ് വേലി തകർത്ത് 50 അടി താഴ്ചയിൽ വീണത്. താവുകുന്ന് വളവിലും മൂന്നാഴ്ച മുമ്പ് പിക്കപ്പ് വാൻ കൊക്കയിലേക്ക് മറിയുകയുണ്ടായി. വായാട്ടുപറമ്പ് പള്ളിക്ക് മുന്നിലെ റോഡിൽ ബൈക്കും കെ.എസ്.ആർ.ടി.സി.ബസും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ ദാരുണമായി മരിച്ചത് ഒരു വർഷം മുമ്പാണ്.