ngo

കാസർകോട്: ലോക് സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ ഭാഗമായുള്ള ആഹ്ലാദ പ്രകടനങ്ങൾ സമാധാനപരമാക്കാൻ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെയും സ്ഥാനാർത്ഥികളുടേയും യോഗത്തിൽ തീരുമാനം. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ പൊലീസ് ക്രമീകരണം ഏർപ്പെടുത്തും. ജില്ലാകളക്ടർ അരുൺ കെ വിജയന്റെ അദ്ധ്യക്ഷതയിലാണ് ഇന്നലെ യോഗം ചേർന്നത്.

വോട്ടെടുപ്പ് ദിനത്തിൽ നൽകിയ പിന്തുണ വോട്ടെണ്ണൽ ദിനത്തിലും ഉണ്ടാകണമെന്ന് കളക്ടർ രാഷ്ട്രീയപാർട്ടികളോട് അഭ്യർത്ഥിച്ചു.

രാഷ്ടീയ പാർട്ടികളുടെ തിരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനങ്ങൾ ജൂൺ നാലിന് രാത്രി ഒമ്പത് മണിക്ക് മുൻപായി അവസാനിപ്പിക്കാൻ യോഗത്തിൽ ധാരണയായി. പൊതുജനങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെയും റോഡ് ഗതാഗതത്തിന് തടസ്സങ്ങൾ സൃഷ്ടിക്കാതെയും മാത്രമേ പ്രകടനങ്ങൾ നടത്താവൂ. ആഹ്ലാദപ്രകടനങ്ങൾ ജില്ലയിൽ പൊതുവിൽ രാത്രി ഒമ്പത് മണിവരെയാണ് അനുവദിക്കുക. എന്നാൽ പ്രശ്ന സാധ്യത സ്ഥലങ്ങളിലെ വിജയാഘോഷങ്ങളുടെ സമയ പരിധി ആവശ്യമെങ്കിൽ പരിമിതപ്പെടുത്താൻ യോഗത്തിൽ തീരുമാനിച്ചു. ഇതിനായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ പൊലീസ് സ്‌റ്റേഷൻ തലത്തിൽ സ്‌റ്റേഷൻ ഹൗസ് ഓഫീസർമാർ രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിക്കും. ഈ യോഗ തീരുമാന പ്രകാരം ആവശ്യമെങ്കിൽ പ്രാദേശികമായി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ആഹ്ലാദപ്രകടനം നടത്തുന്നതിന് കൃത്യമായ വ്യവസ്ഥയും നിയന്ത്രണവും യോഗത്തിൽ തീരുമാനിച്ചു. ജില്ലയിൽ മൂന്ന് ലോകസഭാ മണ്ഡലങ്ങളിലെ പ്രദേശങ്ങൾ ഉൾക്കൊള്ളുന്നത് കണക്കിലെടുത്ത് അതിർത്തികൾ ലംഘിച്ചുള്ള ആഹ്ലാദ പ്രകടനങ്ങൾ പാടില്ലെന്ന് തീരുമാനിച്ചു. വാഹന പ്രകടനങ്ങൾ തദ്ദേശസ്ഥാപന തലത്തിൽ കേന്ദ്രീകരിക്കണം. മറ്റു പ്രദേശ പരിധിയിലേക്ക് കടക്കാൻ പാടില്ല.

പൊലീസ് കമ്മീഷണർമാരായ അജിത് കുമാർ ( സിറ്റി), എം.ഹേമലത ( റൂറൽ) എ.ഡി.എം കെ.നവീൻ ബാബു, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ബി.രാധാകൃഷ്ണൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സ്ഥാനാർഥികൾ, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

ഡി.ജെ വേണ്ട,വേണ്ടത് വളണ്ടിയർമാർ
പ്രകോപനപരമായ മുദ്രാവാക്യങ്ങൾ പാടില്ല

എതിർ പാർട്ടികളുടെ ഓഫീസുകൾക്കോ നേതാക്കളുടെ വീടുകൾക്കോ മുന്നിൽ പ്രകോപനപരമായ പ്രകടനം നടത്താൻ പാടില്ല.

ഒരേ സമയം ഒരു പ്രദേശത്ത് ഒന്നിൽക്കൂടുതൽ പാർട്ടികളുടെ പ്രകടനങ്ങൾ അനുവദിക്കില്ല

ആഹ്ലാദ പ്രകടനം കടന്ന് പോകുന്ന വഴി പൊലീസിന്റെ ഇലക്ഷൻ സെല്ലിൽ മുൻകൂട്ടി അറിയിക്കണം. വിജയാഘോഷങ്ങൾ നിയന്ത്രിക്കാൻ രാഷ്ട്രീയ പാർട്ടികൾ ഉത്തരവാദിത്വമുള്ള വളണ്ടിയർമാരെ നിയോഗിക്കണം. ആഹ്ലാദ പ്രകടനത്തിന്റെ ഭാഗമായി ഡി.ജെ.പരിപാടികൾ പാടില്ല.

പടക്കങ്ങൾ പരമാവധി ഒഴിവാക്കണം

ട്രാഫിക് നിയമലംഘനം അനുവദിക്കില്ല

കൗണ്ടിംഗ് കേന്ദ്രത്തിന് സമീപം ഏജന്റുമാരല്ലാത്ത പ്രവർത്തകർക്ക് വിലക്ക്

കൗണ്ടിംഗ് കേന്ദ്രത്തിന് സമീപം ആഹ്ലാദ പ്രകടനം അനുവദിക്കില്ല.