dk-sivakumar

 പിന്നിൽ കർണാടകയിലെ ബി.ജെ.പി നേതാവെന്ന്

കണ്ണൂർ: കർണാടക സർക്കാരിനെതിരെ കണ്ണൂരിലെ ക്ഷേത്രത്തിൽ കൂട്ട മൃഗബലിയോടെ ശത്രുസംഹാര പൂജ നടത്തിയെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ വെളിപ്പെടുത്തൽ വിവാദമായി. കർണാടകയിലെ മുതിർന്ന ബി.ജെ.പി നേതാവാണ് പിന്നിലെന്നാണ് ആരോപണം.

ദക്ഷിണേന്ത്യയിലെ പ്രശസ്തമായ തളി രാജരാജേശ്വര ക്ഷേത്രമെന്നായിരുന്നു സൂചന. എന്നാൽ,​ രാജരാജേശ്വര ക്ഷേത്രത്തിൽ മൃഗബലി നടത്താറില്ല. ശിവകുമാറിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്ന് ക്ഷേത്ര ഭാരവിഹാകൾ വിശദീകരണവുമായെത്തി. സംസ്ഥാനത്തെ ഒരു ക്ഷേതത്തിലും ഇത്തരം ദുരാചാരങ്ങളില്ലെന്ന് ദേസ്വം മന്ത്രി കെ.രാധാകൃഷ്ണനും പ്രതികരിച്ചു. മൃഗബലി നിരോധിച്ച സംസ്ഥാനമാണ് കേരളം.

കൈയിലെ രക്ഷാച്ചരടും വളയും എന്തിനെന്ന് വ്യാഴാഴ്ച ബംഗളൂരുവിൽ വാർത്താലേഖകരുടെ ചോദ്യത്തിനായിരുന്നു ശിവകുമാറിന്റെ പ്രതികരണം. തനിക്കെതിരെയുള്ള ദുഷിച്ച കണ്ണുകളെ തടയാനെന്നും വിശദീകരിച്ചു.

കേരളത്തിലെ ഒരു രാജരാജേശ്വരീ ദേവസ്ഥാനത്ത് എന്നാണ് ശിവകുമാർ പറഞ്ഞത്. ഇതോടെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രമാണെന്ന് പ്രചരിച്ചു. രാജരാജേശ്വര ക്ഷേത്രത്തിൽ കർണാടകയിലെ നേതാക്കൾ എത്തുന്നത് പതിവാണ്. ബി.ജെ.പി മുൻ മുഖ്യമന്ത്രിമാരായ യെദിയൂരപ്പയും സദാനന്ദ ഗൗഡയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും ഇവിടെ എത്തിയിരുന്നു.

അതേസമയം, ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് ശിവകുമാ‌ർ. ക്ഷേത്രത്തിനടുത്തുള്ള ഒറ്റപ്പെട്ട സ്ഥലത്ത് ശത്രുഭൈരവ എന്ന ദുർമന്ത്രവാദം നടത്തിയതായി വിശ്വസനീയമായ വിവരം ലഭിച്ചെന്ന് ശിവകുമാർ ഇന്നലെ വിശദീകരിച്ചു. ശത്രുസംഹാര യാഗത്തിന്റെ ഭാഗമായ രാജകണ്ഡക, മാരണ,​മോഹന,​സ്തംഭന എന്നിവ നടത്തി. ഇത് അഘോരികൾ നടത്തുന്ന യാഗങ്ങളാണ്. എനിക്കോ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കോ ദുർമന്ത്രവാദം കൊണ്ട് ഒന്നും സംഭവിക്കില്ല - ശിവകുമാർ പറഞ്ഞു.

സംഭവം വിവാദമായതോടെ,​ രാജരാജ്വേശ്വര ക്ഷേത്രത്തിന് 15 കിലോമീറ്റർ അകലെയാണ് പൂജ നടന്നതെന്ന് ശിവകുമാർ ഇന്നലെ രാത്രി എക്‌സിൽ കുറിച്ചു. ക്ഷേത്രത്തെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നും അഭ്യർത്ഥിച്ചു.

കർണാടക ഇന്റലിജൻസ് കണ്ണൂരിൽ

21 ആട്, 10 പോത്ത്, അഞ്ച് പന്നി, കോഴികൾ ഉൾപ്പെടെ 52 എണ്ണത്തെ ബലികഴിച്ചെന്നാണ് ആരോപണം. ഇതിനു പിന്നാലെ കർണാടക ഇന്റലിജൻസ് തളിപ്പറമ്പിലും പഴയങ്ങാടിയിലും അന്വേഷണം നടത്തി. പഴയങ്ങാടി മാടായികാവിൽ ശത്രുസംഹാര പൂജ നടക്കാറുണ്ട്. കോഴി മാംസം പ്രസാദമായി നൽകുന്നതല്ലാതെ ഇവിടെയും മൃഗബലി നടത്താറില്ല. ഇവിടെയും കർണാടയിലെ രാഷ്ട്രീയ നേതാക്കൾ എത്താറുണ്ട്.

ബലി നടന്നില്ലെന്ന് പൊലീസ്

സംസ്ഥാന ഇന്റലിജൻസ് അന്വേഷണം നടത്തി മൃഗബലി നടന്നിട്ടില്ലെന്ന് സ്ഥിരീകരിച്ചു. അന്വേഷണ റിപ്പോർട്ട് ഡി.ജി.പിക്ക് കൈമാറി. ഡി.ജി.പി ഇക്കാര്യം കർണാടക ഡി.ജി.പിയെയും അറിയിച്ചെന്നാണ് വിവരം. മാടായിക്കാവിലെ പൂജാരിമാരുടെ വീടുകളിലാണ് പൊലീസ് അന്വേഷണം നടത്തിയത്. പിടാരർ എന്നറിയപ്പെടുന്ന ബ്രാഹ്മണ വിഭാഗമാണ് ഇവിടെ പൂജ നടത്തുന്നത്.

വാസ്തവവിരുദ്ധമായ ആരോപണങ്ങളാണ് രാജരാജേശ്വര ക്ഷേത്രത്തിനെതിരേ ഉയരുന്നത്. ക്ഷേത്രത്തിൽ വ്യക്തിധിഷ്ഠിതമായി ഒരു പൂജയും നടക്കാറില്ല.

ദേവസ്വം ട്രസ്റ്റി ടി.ടി.മാധവൻ,​

തന്ത്രി ജയനാരായണൻ

കേരളത്തിൽ ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യമാണിത്. ഇത്തരത്തിൽ എന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കും

കെ. രാധാകൃഷ്ണൻ,​

ദേവസ്വം മന്ത്രി